അമൃതാനന്ദമയി മഠത്തിനെതിരായ അന്വേഷണം : സിബിഐക്ക് കോടതിയുടെ വിമർശനം

#

കൊച്ചി : അമൃതാനന്ദമയി ആശ്രമത്തിനെതിരായ കേസന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് സിബിഐക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടാണോ മഠത്തിനെതിരെ അന്വേഷണം നടത്താത്തതെന്ന് കോടതി ചോദിച്ചു. അമൃതാന്ദമയി മഠത്തിനും സ്വകാര്യ ബാങ്കിനും എതിരായി അങ്കമാലിയിലെ സാന്ദീപനി സ്മാർട്ട് വില്ലേജ് നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് കമാൽ പാഷ സിബിഐക്കെതിരെ വിമർശനം ഉന്നയിച്ചത്. അമൃതാനന്ദമയി മഠവും സ്വകാര്യ ബാങ്കും ചേർന്ന് സ്ഥലം തട്ടിയെടുക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഈ കേസിൽ നേരത്തെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവിട്ടെങ്കിലും സിബിഐ അന്വേഷണം മുന്നോട്ട് പോകാത്തതിനെ ചോദ്യം ചെയ്ത് സാന്ദീപനി സ്മാർട്ട് വില്ലേജ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയുടെ വാദം കേൾക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ വിമർശനം. അന്വേഷണം ശരിയായി നടക്കുന്നില്ലെങ്കിൽ ഹർജിക്കാർക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. കാലടിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ റിസോർട്ടാണ് സാന്ദീപനി സ്മാർട്ട് വില്ലേജ്.