പോര് മുറുകുന്നു : ദാമോദരന് മറുപടിയുമായി വി.എസ്

#

തിരുവനന്തപുരം : എം.കെ ദാമോദരന്‍ വിവാദം പുതിയ തലങ്ങളിലേക്ക്. വിവാദങ്ങളുമായി ബന്ധപ്പെട്ട് ദാമോദരന്റെ പ്രതികരണത്തിന് പിന്നാലെയാണ് വി.എസ് അച്ചുതാനന്ദന്‍ കടുത്ത വിമര്‍ശനവുമായെത്തിയത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലപാടാണ് ദാമോദരന്റെതെന്നും അയാളുടെ ആരോപണങ്ങള്‍ പുച്ഛിച്ച് തള്ളുന്നുവെന്നുമാണ് വി.എസ് അറിയിച്ചത്. ദാമോദരന്‍ ഉന്നയിക്കുന്ന ഓരോ ആരോപണവും അര്‍ഹിക്കുന്ന അവജ്ഞയോടെ തന്നെ ജനങ്ങള്‍ തള്ളിക്കളയുമെന്നും വി.എസ്.വ്യക്തമാക്കി.

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തന്നെ വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഒരു അഭിമുഖത്തില്‍ ദാമോദരന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നിലുള്ളവരെ അറിയാമെന്നും എന്നാല്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വി.എസ് അച്ചുതാനന്ദന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് ശേഷമാണ് തനിക്കെതിരെ സംഘടിത ആക്രമണങ്ങള്‍ നടന്നതെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഗൂഢാലോചനയ്ക്ക് പിന്നില്‍ വി.എസ് ആണെന്ന് പരോക്ഷമായി നല്‍കിയ സൂചനയായിരുന്നു. ഈ വിഷയം മാധ്യമങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് വി.എസ് ശക്തമയി പ്രതികരിച്ചത്.

മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനത്തേക്ക് ദാമോദരന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ മുതല്‍ തന്നെ ശക്തമായി എതിര്‍ത്തവരില്‍ ഒരാളായിരുന്നു വി.എസ്. നിയമനത്തില്‍ എതിര്‍പ്പുളള സി.പി.എമ്മിലെ പല നേതാക്കളും മൗനം പാലിച്ചിരുന്നുവെങ്കിലും വി.എസ് ഇതിനെ തുറന്നു തന്നെ എതിര്‍ത്തിരുന്നു. നിയമോപദേശക സ്ഥാനം ഏറ്റെടുക്കില്ലെന്ന് ദാമോദരന്‍ അറിയിച്ചെങ്കിലും ഇപ്പോള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി വിഷയം വീണ്ടും ചൂടു പിടിക്കുമ്പോള്‍ പാര്‍ട്ടി നേതൃതലത്തില്‍ വിഷയം ചര്‍ച്ചക്ക് വരാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.