ചത്ത പശുക്കളെ തൊടാതെ ദളിത് സമരം : ഗുജറാത്തിൽ സർക്കാർ പ്രതിസന്ധിയിൽ

#

അഹമ്മദാബാദ് : ഗുജറാത്തിൽ ദളിത് യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ ശക്തമായ മറുപടിയുമായി ദളിത് സംഘടനകൾ. കഴിഞ്ഞ ഒരാഴ്ചയായി പരമ്പരാഗതമായി ചത്ത പശുക്കളെ നീക്കം ചെയ്തിരുന്ന ചരംകാർ എന്ന ദളിത് വിഭാഗം ഒരു പശുവിനെ പോലും കൈ കൊണ്ട് തൊട്ടിട്ടില്ല. സ്വയം പ്രഖ്യാപിത ഗോ സംരക്ഷകരുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണവും തങ്ങളുടെ തൊഴിൽ ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡും അടക്കമുള്ള ആവശ്യങ്ങളും ഇവർ മുന്നോട്ട് വെക്കുന്നു. നൂറ്റാണ്ടുകളായി ഈ തൊഴിൽ ചെയ്യുന്ന ഇവർ ജാതി ഘടനയിൽ ഏറ്റവും താഴെയാണ്. തൊട്ടുകൂടായ്മയും കടുത്ത വിവേചനവും ഇവർ അനുഭവിക്കുന്നുണ്ട്. ഇതിനെതിരെയാണ് ഇപ്പോൾ ഇവർ സംഘടിച്ച് സമരം ആരംഭിച്ചിരിക്കുന്നത്. പശുവിന്റെ തുകൽ നീക്കം ചെയ്ത യുവാക്കളെ നഗ്നരാക്കി മർദ്ദിച്ച സംഭവത്തിൽ തുടങ്ങിയ പ്രതിഷേധങ്ങളുടെ തുടർച്ചയാണിത്. ദളിത് സംഘടനകളുടെ കൂട്ടായ്മയായ ദളിത് മാനവ് അധികാർ മൂവ്മെന്റാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.

ദളിത് സംഘടനകളുടെ പ്രതിഷേധം വ്യാപിച്ചതോടെ ഗുജറാത്തിലെ പ്രാദേശിക ഭരണകൂടങ്ങൾ പ്രതിസന്ധിയിലായിരിക്കുകയാണ്. സുരേന്ദ്രനഗറിൽ മാത്രം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 80 ലധികം ചത്ത പശുക്കളെ ജില്ലാ ഭരണകൂടത്തിന് അതിന്റെ തൊഴിലാളികളെ ഉപയോഗിച്ച് കുഴിച്ചിടേണ്ടി വന്നു. സംസ്ഥാനത്തെമ്പാടുമുള്ള ആളുകൾ ഈ സമരത്തിലേക്ക് അണി നിരക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ഒറ്റ കുടുംബം പോലും ഒരു ചത്ത പശുവിനെ പോലും തൊട്ടിട്ടില്ലെന്ന് സമര നേതാക്കളിൽ ഒരാളായ നാതു പർമാർ പറഞ്ഞു.

ഈ ആഴ്ച ആദ്യം ഗാന്ധിനഗർ ജില്ലയിൽ ചിരാഗ് പർമാർ എന്നയാളെ ചത്ത പശുവിനെ നീക്കം ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് മേൽ ജാതിക്കാരായ ചൗധരി സമുദായത്തിൽ പെട്ടവർ ആക്രമിച്ച് തലക്ക് പരിക്കേൽപിച്ചു. സമരത്തിന്റെ ഭാഗമായാണ് ചിരാഗ് ചത്ത പശുവിനെ നീക്കം ചെയ്യില്ല എന്ന തീരുമാനമെടുത്തത്. പട്ടിണി കിടക്കേണ്ടി വന്നാലും ഇനി ചത്ത പശുവിനെ കൈ കൊണ്ട് തൊടുകയോ തുകൽ എടുക്കുകയോ ചെയ്യില്ലെന്നാണ് ചിരാഗ് പർമാർ പറയുന്നത്. ഇപ്പോൾ നടക്കുന്ന സമരം മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത വണ്ണം ശക്തമാണെന്ന് സാമൂഹ്യ നിരീക്ഷകനായ അച്യുത് യാഗ്നിക്കിന്റെ അഭിപ്രായം. സൗരാഷ്ട്രയിൽ ആദ്യമായിട്ടാണ് എല്ലാ ദളിത് വിഭാഗങ്ങളും ഒരുമിച്ച് ചേർന്ന് ഒരു സമരത്തിലേക്ക് പോകുന്നത്. വടക്കൻ ഗുജറാത്തിലേക്കും മോദിയുടെ ജന്മ ഗ്രാമത്തിലേക്ക് വരെ സമരം വ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.