സത്നാം എങ്ങനെ മരിച്ചു? ഉത്തരം കിട്ടാതെ 4 വർഷങ്ങൾ

#

ആത്മീയാന്വേഷിയായ സത്നാം സിംഗ് മാൻ എന്ന ബീഹാറി യുവാവ് ക്രൂരമായി കൊല്ലപ്പെട്ടിട്ട് ആഗസ്റ്റ് 4 ന് 4 വർഷം തികയുകയാണ്. പോലീസ് ഭാഷ്യമനുസരിച്ച് 2012 ആഗസ്റ്റ് 4 നാണ് സത്നാം സിംഗ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ വെച്ച് ക്രൂരമായി മർദ്ദിക്കപ്പെട്ട്, ദാഹിച്ചപ്പോൾ ശുചിമുറിയിലെ തറയിൽ നിന്ന് വെള്ളം നക്കിക്കുടിച്ച് മരണത്തിന് കീഴടങ്ങിയത്. കരുണാമയിയായ ആൾദൈവം അമൃതാന്ദമയിയുടെ ആശ്രമത്തിൽ വെച്ച് മാനസിക അസ്വാസ്ഥ്യത്തെ തുടർന്ന് ബഹളം വെച്ചു എന്ന തെറ്റാണ് സത്നാം സിംഗ് ചെയ്തത്. അവിടെ നിന്ന് ജയിലിലേക്കും പിന്നീട് മാനസിക രോഗാശുപത്രിയിലേക്കും മാറ്റപ്പെട്ട സത്നാം ക്രൂരമായ പീഡനം മൂലം മരിക്കുകയായിരുന്നു. രണ്ട് ആശുപത്രി ജീവനക്കാരെ അറസ്റ്റ് ചെയ്തതൊഴിച്ചാൽ കേസ് അന്വേഷണം എവിടെയും എത്തിയിട്ടില്ല. കേസ് സി.ബി.ഐ അന്വേഷിക്കണം എന്ന സത്നാമിന്റെ കുടുംബത്തിന്റെ ആവശ്യം ഇത് വരെ പരിഗണിക്കപ്പെട്ടിട്ടില്ല.ഈ സംഭവത്തിൽ അന്വേക്ഷണം ശരിയായ ദിശയിലല്ല നടന്നത് എന്ന കാരണത്താൽ സംഭവത്തിൽ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. കേസന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് ഉമ്മൻചാണ്ടി സർക്കാർ കോടതിയെ അറിയിച്ചു. കേസ് ഏറ്റെടുക്കാൻ തയ്യാറല്ല എന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.

ബിഹാറിലെ ഗയയിൽ നിന്നുള്ള ഒരു നിയമ വിദ്യാർത്ഥിയായിരുന്നു സത്നാം സിംഗ് മാൻ. മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പഠനം നിലച്ച ഇയാൾ ആത്മീയ അന്വേഷകനായാണ് കേരളത്തിൽ എത്തിയത്. തിരുവനന്തപുരത്തുള്ള മുനി നാരായണ പ്രസാദിന്റെ ആശ്രമത്തിൽ കുറച്ച് ദിവസം സത്നാം താമസിച്ചിരുന്നു. അവിടെ നിന്നാണ് സത്നാം ആൾദൈവം അമൃതാനന്ദമയിയുടെ കൊല്ലം വള്ളിക്കാവിലുള്ള ആശ്രമത്തിൽ എത്തിയത്. ഇവിടെ താമസിച്ച സത്നാം ആഗസ്റ്റ് ഒന്നിന് പ്രാർത്ഥനയ്ക്കിടെ ബിസ്മില്ലാഹി റഹ്‌മാനി റഹിം എന്ന് ചൊല്ലിക്കൊണ്ട് ആൾദൈവത്തിന് നേരെ ഓടി. അവരുടെ ഭക്തന്മാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് സത്‌നാമിനെ കീഴടക്കി പൊലീസിന് കൈമാറി. മാനസിക നില തകരാറിലാണ് എന്ന സംശയത്തെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട മാനസിക രോഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് വാർഡൻ വിവേകാനന്ദൻ, അറ്റൻഡർ അനിൽ കുമാർ എന്നിവരും രോഗികളായ രണ്ട് പേരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. കേബിൾ വയർ കൊണ്ട് അടിക്കുകയും തല പിടിച്ച് ഭിത്തിയിൽ ഇടിക്കുകയും ചെയ്തു. സെല്ലിൽ ഉപേക്ഷിക്കപ്പെട്ട സത്നാം ദാഹിച്ചപ്പോൾ കക്കൂസിലേക്ക് ഇഴഞ്ഞു പോയി വെള്ളം നക്കി കുടിച്ചു എന്നും പറയപ്പെടുന്നു. നാലാം തീയതി വൈകുന്നേരത്തോടെ അബോധാവസ്ഥയിൽ സെല്ലിൽ കിടന്ന ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 77 മുറിവുകളാണ് സത്‌നാമിന്റെ ശരീരത്തിൽ കണ്ടെത്തിയത്. ശിരസ്സിന് പിന്നില്‍ മെഡുല്ലയിലും കഴുത്തിലുമുണ്ടായ മാരക മുറിവുകളാണ് മരണകാരണമെന്നും അവ മരണത്തിന് 24 മണിക്കൂര്‍ മുമ്പ് സംഭവിച്ചതാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് വിവിധ കേസുകളിൽ പ്രതികളായ, മാനസികരോഗികൾ എന്ന പേരിൽ കഴിയുന്ന നാലു പേരെ പ്രതികളാക്കി സംഭവത്തിൽ  റിപ്പോർട്ട് സമർപ്പിച്ചു.കൊല്ലം സ്വദേശി മഞ്ചീഷ്, തിരുവനന്തപുരം സ്വദേശികളായ ബിജു, ദിലീപ്, ആലപ്പുഴ സ്വദേശി ശരത് ചന്ദ്രൻ എന്നിവരായിരുന്നു സംഭവത്തിലെ പ്രതികൾ. അമൃതാനന്ദമയി ഭക്തയായ ഐ.ജി.ബി സന്ധ്യയാണ് കേസ് അന്വേഷിച്ചത്. അമൃതാനന്ദമയി ആശ്രമത്തിലെ സംഭാവങ്ങളൊന്നും അന്വേഷണത്തിന്റെ പരിധിയിൽ വന്നതേയില്ല. അമൃതാന്ദമയിയെ കണ്ട് ആശീർവാദം വാങ്ങിയാണ് സന്ധ്യ അന്വേഷണത്തിന് തുടക്കം കുറിച്ചത്. സത്നാമിന്റെ ബന്ധുക്കളെയും ബന്ധപ്പെട്ടില്ല. കേസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സത്നാം സിംഗിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. 2014 ഏപ്രിൽ 3 ന് ഹർജി പരിഗണിച്ച കോടതി സംഭവത്തിൽ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തിൽ വീഴ്ച പറ്റിയെന്നും അമൃതാനന്ദമയി മഠത്തിലെ സംഭവങ്ങൾ അന്വേഷിച്ചില്ലെന്നും സർക്കാർ കോടതിയിൽ സമ്മതിച്ചു.

സർക്കാർ കൈവിട്ട ഈ കേസിൽ സത്നാമിന്റെ കുടുംബത്തെ പിന്തുണച്ചത് കൊടുങ്ങല്ലൂർ ആസ്ഥാനമായി രൂപവത്കരിച്ച സത്നാം - നാരായണൻ കുട്ടി ഡിഫൻസ് കമ്മിറ്റിയാണ്. അമൃതാനന്ദമയി മഠത്തിൽ വെച്ച് സമാന സാഹചര്യത്തിൽ കൊല്ലപ്പെട്ടയാളാണ് കൊടുങ്ങല്ലൂർ സ്വദേശി നാരായണൻ കുട്ടി. സത്നാമിന്റെ പിതാവും സഹോദരനും പല തവണ സെക്രട്ടറിയേറ്റിനു മുന്നിലും അല്ലാതെയും സമരങ്ങൾ നടത്തി. മനുഷ്യാവകാശ സംഘടനകളും യുക്തിവാദി സംഘവും ഒക്കെ നിരവധി സമരങ്ങൾ നടത്തി. ഒന്നും ഫലം കണ്ടില്ല. സത്‌നാമിന്റെയടക്കം അമൃത മഠത്തിൽ സംഭവിച്ച മുഴുവൻ ദുരൂഹ മരണങ്ങളും അന്വേഷിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. കഥാകാരൻ സക്കറിയ പറഞ്ഞത് പോലെ കരുണാമയിയായ അമ്മയുടെ മുന്നിൽ നിന്ന് ആ മകനെ പിടിച്ച് കൊണ്ട് പോയപ്പോൾ ആ മോനെ ഒന്നും ചെയ്യരുത് എന്ന് പറയാൻ തയ്യാറാകാതിരുന്ന, അമൃതാനന്ദമയിയുടെ കാരുണ്യത്തെ ഇവർ ചോദ്യം ചെയ്യുന്നു.

സത്നാമിന്റെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാളെ സെക്രട്ടറിയേറ്റിനു മുന്നിൽ വീണ്ടും സമരത്തിനൊരുങ്ങുകയാണ് യുക്തിവാദി സംഘം. സത്നാം സിംഗിന്റെ പിതാവും നാളെ സമരത്തിൽ പങ്കെടുക്കും. അമൃതാനന്ദമയിയെ നിരുപാധികം പിന്തുണച്ചിരുന്ന, അമ്മയ്‌ക്കെതിരായ അന്വേഷണത്തിന് അമ്മ ഭക്തയെ തന്നെ ഏൽപിച്ച കഴിഞ്ഞ സർക്കാർ മാറി പുതിയ ഇടത് സർക്കാർ സംസ്ഥാനത്ത് അധികാരത്തിൽ വന്നു. ഇനിയെങ്കിലും കേരള പോലീസ് കസ്റ്റഡിയിൽ ക്രൂരമായി കൊല്ലപ്പെട്ട സത്നാം സിംഗിനും അമൃതാനന്ദമയി മഠത്തിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട മറ്റുള്ളവർക്കും നീതി ലഭിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് നീതിബോധമുള്ള മനുഷ്യർ.