നീതിക്ക് വേണ്ടി ഒരു പിതാവ്

#


(4 വർഷം മുമ്പ് അമൃതാനന്ദമയിയുടെ ആശ്രമത്തിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് ദുരൂഹ സാഹചര്യത്തിൽ മരണമടയുകയും ചെയ്ത സത്നാം സിംഗിന്റെ പിതാവ് ലെഫ്റ്റ് ക്ലിക് ന്യൂസിനോട് സംസാരിക്കുന്നു.)

കഴിഞ്ഞ നാല് വർഷമായി ബീഹാറിലെ ഗയ ജില്ലയിൽ ഷെർഗാട്ടി സ്വദേശിയായ ഹരീന്ദർ കുമാർ സിംഗ് കേരളത്തിലെ നീതിപീഠങ്ങൾക്കും ഭരണകൂടത്തിനും മുന്നിൽ കയറി ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. കേരളസമൂഹത്തിന് മനസാക്ഷിക്ക് മുന്നിൽ നിന്ന് വീണ്ടും വീണ്ടും വിളിച്ച് ചോദിക്കുകയാണ് എന്തിനാണ് എന്റെ മകനെ കൊന്നത്? എന്താണ് അവൻ ചെയ്ത കുറ്റം? ഇതു വരെയും അദ്ദേഹത്തിന് ഒരു മറുപടിയും കിട്ടിയിട്ടില്ല. പണ്ട് അടിയന്തരാവസ്ഥക്കാലത്ത് പോലീസ് കൊണ്ട് പോയി കൊന്നു കളഞ്ഞ മകനെ അന്വേഷിച്ച് ഇത് പോലെ കയറി ഇറങ്ങി നടന്ന് അവസാനം നിങ്ങളെന്തിനാണ് എന്റെ കുട്ടിയെ മഴയത്ത് നിർത്തിയിരിക്കുന്നത് എന്ന് ചോദിച്ച ഒരു അച്ഛനുണ്ടായിരുന്നു കേരളത്തിൽ. ഈച്ചര വാര്യർ എന്ന ആ പിതാവിനെ ഓർമിപ്പിക്കുന്നു കേരളത്തിൽ കരുണാമയിയായ ഒരു അമ്മ ദൈവത്തിന്റെ ആശ്രമത്തിൽ വെച്ച് ബിസ്മില്ലാഹി റഹ്‌മാനി റഹീം എന്ന് വിളിച്ച് പറഞ്ഞതിന്റെ പേരിൽ കൊല്ലപ്പെട്ട സത്നാം സിംഗ് മാൻ എന്ന ആത്മീയാന്വേഷിയുടെ അച്ഛൻ ഹരീന്ദർ കുമാർ സിംഗ്. സത്നാം കൊല്ലപ്പെട്ട് നാല് വർഷം പൂർത്തിയായപ്പോഴും നീതി തേടി കേരള സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യാൻ എത്തേണ്ടി വന്നു ഈ പിതാവിന്. സത്നാം - നാരായണൻ കുട്ടി ഡിഫൻസ് കമ്മിറ്റിയും കേരള യുക്തിവാദി സംഘവും സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ വെച്ച് കാണുമ്പോൾ ഹരീന്ദർ സിംഗിന്റെ വാക്കുകളിൽ സങ്കടവും,നിരാശയും, അൽപ്പം പ്രതീക്ഷയും ഉണ്ടായിരുന്നു. ഹരീന്ദർ കുമാർ സിംഗ് ലെഫ്റ്റ് ക്ലിക് ന്യൂസിനോട് സംസാരിക്കുന്നു.

2012 മെയ് മാസം 30 നാണ് ആത്മീയ തീർത്ഥാടകനായി സത്നാം വീട് വിട്ടിറങ്ങിയത്. പല സ്ഥലങ്ങളിലും ചുറ്റി തിരിഞ്ഞ സത്നാം ജൂലൈ രണ്ടാമത്തെ ആഴ്ച വർക്കലയിലുള്ള മുനി നാരായണ പ്രസാദിന്റെ ആശ്രമത്തിലെത്തി. അവിടെ നിന്ന് ആഗസ്റ്റ് ഒന്നാം തീയതി രാവിലെയാണ് സത്നാം വള്ളിക്കാവിൽ അമൃത ആശ്രമത്തിലെത്തുന്നത്. അന്നുച്ചക്ക് പൊതു ദർശന സമയത്ത് അമൃതാനന്ദ മയിയുടെ അടുത്തേക്ക് നീങ്ങിയ സത്‌നാമിനെ അവരുടെ അംഗരക്ഷകർ വളഞ്ഞു പിടിച്ച് കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചു. ബിസ്മില്ലാഹി റഹ്‌മാനി റഹിം എന്നുച്ചരിച്ചു കൊണ്ടാണ് അവൻ അമൃതാനന്ദ മയിയുടെ അടുത്തേക്ക് ചെന്നത്. അമ്മയുടെ ചുറ്റും ദൂഷിതവലയം കാണുന്നു അവരിൽ നിന്ന് രക്ഷിക്കാൻ എന്ന് പറഞ്ഞാണ് അവൻ പോയത്. മുസ്ലിം തീവ്രവാദി എന്നാരോപിച്ചായിരുന്നു മർദ്ദനം. രണ്ട് മണിയോടെ കരുനാഗപ്പള്ളി പോലീസ് എത്തി സത്‌നാമിനെ അറസ്റ്റ് ചെയ്തു. ലോക്കപ്പിൽ വെച്ചും അവൻ മർദ്ദിക്കപ്പെട്ടു. വിവരമറിഞ്ഞ ഞാൻ ബിഹാറിൽ നിന്ന് ഇവിടെയെത്താൻ താമസിക്കും എന്നുള്ളതിനാൽ ഡൽഹിയിലുള്ള എന്റെ സഹോദരന്റെ മകൻ വിമൽ കിഷോറിനോട് ഇങ്ങോട്ട് വരാൻ ആവശ്യപ്പെട്ടു. അവൻ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തി അന്ന് ഇവിടെ ഹർത്താൽ ആയിരുന്നതിനാൽ ഓട്ടോ പിടിച്ച് കരുനാഗപ്പള്ളിയിൽ എത്തി. അവൻ സത്നാമിന്റെ മെഡിക്കൽ രേഖകളെല്ലാം ഹാജരാക്കി അവനെ ജയിലിലേക്ക് അയക്കരുതെന്ന് കാലു പിടിച്ച് പറഞ്ഞിട്ടും 29 മണിക്കൂർ കസ്റ്റഡിയിൽ വെക്കുകയും അതിനു ശേഷം അമൃതാനന്ദമയിയെ വധിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് വധശ്രമക്കേസ് ചാർജ്ജ് ചെയ്ത് ജയിലിലേക്കയയ്ക്കുകയും ചെയ്തു.

മാനസികരോഗ വിദഗ്ധന്റെ പരിശോധന വേണമെന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും ഇതവഗണിച്ച പോലീസ്, മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കി ഉത്തരവ് വാങ്ങി കൊല്ലം ജയിലിൽ കോൺ പോയി. അവിടെ നിന്ന് ആഗസ്റ്റ് 3 ന് രാത്രി 2 .15 നാണ് പേരൂർക്കട മാനസിക രോഗാശുപത്രിയിൽ എത്തിച്ചത്. കയ്യും കാലും കെട്ടിയാണ് അങ്ങോട്ട് കൊണ്ട് പോയത്. രാത്രിയിൽ മാനസികാരോഗ്യകേന്ദ്രത്തിൽ രോഗികളെ പ്രവേശിപ്പിക്കാൻ പാടില്ലെന്ന ചട്ടം ലംഘിച്ചാണ് ഇങ്ങനെ ചെയ്തത്. അവിടെ വെച്ച് രണ്ട് ആശുപത്രി ജീവനക്കാരും അന്തേവാസികളും ചേർന്ന് സത്നാമിനെ വീണ്ടും ആക്രമിച്ചു. നാലാം തീയതി രാത്രിയാണ് സത്നാം മരിക്കുന്നത്. ആഗസ്റ്റ് ആറാം തീയതി രാവിലെ 10 മണിക്കാണ് മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സത്നാമിന്റെ ശരീരത്തിൽ 77 മുറിവുകൾ ഉണ്ടെന്ന് പറയുന്നു. വായ്ത്തലയില്ലാത്ത ആയുധമുപയോഗിച്ച് തലയിലും കഴുത്തിലും ഉണ്ടാക്കിയ മുറിവാണ് മരണകാരണം എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സത്നാമിന്റെ ബ്രെയിൻ സ്റ്റെമ്മിനേറ്റ പതിനഞ്ചാമത്തെ പരിക്കാണ് മരണത്തിനിടയാക്കിയതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഈ പരിക്ക് നീല നിറത്തിൽ ഉള്ളതാണ്. നീല നിറത്തിൽ ഉള്ള മുറിവുകൾ മൂന്ന് ദിവസം പഴക്കമുള്ളതാവണം. മറ്റ് 76 പരിക്കുകളും മാരക സ്വഭാവമുള്ളതല്ല എന്നും ഈ റിപ്പോർട്ടിൽ നിന്ന് വ്യക്തമാണ്. അതായത് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ വെച്ചല്ല സത്നാമിന് മരണകാരണമായ പരിക്ക് പറ്റിയതെന്ന് പകൽ പോലെ വ്യക്തമാണ്.

എന്നാൽ കേസ് അന്വേഷിച്ച അന്നത്തെ എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘം ഇതൊന്നും അന്വേഷിച്ചില്ല. സത്നാം മുൻപ് താമസിച്ച വർക്കല നാരായണ ഗുരുകുലത്തിലെ മുനി നാരായണ പ്രസാദിന്റെ വരെ മൊഴിയെടുത്ത ഇവർ അമൃത മഠത്തിനു മുകളിലൂടെ ചാടിക്കടന്ന് പോയി. അമ്മയുടെ ആശ്രമത്തിലുള്ള ഒരാളുടെ പോലും മൊഴിയെടുക്കുകയോ ആശ്രമത്തിനെതിരെ യാതൊരു അന്വേഷണവും നടത്തുകയോ ചെയ്തില്ല. ക്രൈംബ്രാഞ്ച് കേസിൽ വാർഡൻ വിവേകാനന്ദൻ, അറ്റൻഡർ അനിൽകുമാർ, അന്തേവാസികളായ മഞ്ചേഷ്,ബിജു,ശരത് പ്രകാശ്, ദിലീപ് എന്നിങ്ങനെ 6 പ്രതികളാണുള്ളത്. ചൂരൽ,ഇലക്ട്രിക് വയർ എന്നിവ ഉപയോഗിച്ച് ഇവർ സത്നാമിനെ മർദ്ദിച്ച് കൊലപ്പെടുത്തി എന്നാണ് ക്രൈംബ്രാഞ്ച് കേസ് കെട്ടിച്ചമച്ചത്. ഇത് ഉന്നതരെ രക്ഷിക്കാനായിരുന്നു. ഈ ഗൂഢാലോചനയ്ക്ക് വേറെയും തെളിവുകൾ ഉണ്ട്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്ന് കിട്ടിയ വൂണ്ട് സർട്ടിഫിക്കറ്റ് പരിശോധിച്ചാൽ ബാഹ്യമായ പരിക്കുകൾ ഒന്നും ഇല്ല എന്ന് പിന്നീട് ഒരു വശത്ത് എഴുതി ചേർത്തതാണെന്ന് മനസിലാവും.ആശുപത്രി അഡ്മിഷൻ രജിസ്റ്ററിൽ പിന്നീട് ചേർത്ത നിലയിൽ സത്നാമിന്റെ പേര് ഒരു പേജിന്റെ മുകൾ ഭാഗത്തും രണ്ടാമത്തെ പതിവ് മറ്റൊരു പേജിന്റെ അവസാനവുമാണ്. ഇത് കൂടാതെ കേസിനു യാതൊരു ആവശ്യവുമില്ലാതിരുന്നിട്ടും ശരീരത്തിൽ ബാഹ്യമായ പരിക്കുകൾ ഒന്നും കണ്ടില്ലെന്ന് രണ്ട് ഡോക്ടർമാർ, മുടി വെട്ടിയ ബാർബർ എന്നിവരുടെ മൊഴി മജിസ്‌ട്രേട്ടിനു മുൻപിൽ വെച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

അവർ എന്റെ മകനെ കൊല്ലാതിരുന്നെങ്കിൽ അവർ ചോദിക്കുന്നതെന്തും കൊടുക്കാൻ ഞാൻ തയ്യാറായിരുന്നു. അവൻ മാനസിക രോഗിയാണെന്ന്‌ അറിഞ്ഞപ്പോഴെങ്കിലും അവരവനെ സ്നേഹത്തോടെ അടുത്ത് വിളിച്ച് അവനോട് സംസാരിച്ചിരുന്നെങ്കിൽ അവനീ ഗതി വരുമായിരുന്നില്ല. കേരള ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന കേസ് ഇനിയും എവിടെയും എത്തിയിട്ടില്ല. ആദ്യം ഹാജരായ സർക്കാർ അഭിഭാഷകൻ വീഴ്ച തുറന്ന് സമ്മതിച്ചു. അതിനെ തുടർന്ന് അദ്ദേഹത്തെ നീക്കി. പിന്നീട് കേസ് പരിഗണിച്ചപ്പോഴെല്ലാം അഡ്വക്കേറ്റ് ജനറൽ നേരിട്ട് ഹാജരായി കേസ് മാറ്റി വെപ്പിക്കുകയാണ്. 40 ലേറെ തവണ കേസ് മാറ്റി വെക്കപ്പെട്ടു. ഈ കോടതി കേസ് തള്ളിയിരുന്നെങ്കിൽ എനിക്ക് സുപ്രീം കോടതിയിലെങ്കിലും പോകാമായിരുന്നു. എന്തായാലും എന്റെ മകന് നീതി കിട്ടാതെ ഞാൻ പിന്നോട്ട് പോകുന്ന പ്രശ്നമില്ല. ഇപ്പോൾ ഇവിടെ പുതിയ സർക്കാർ വന്നല്ലോ. അതൊരു കമ്മ്യൂണിസ്റ്റ് സർക്കാർ ആണെന്നാണ് അറിഞ്ഞത്. അവർ പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ അറിയുന്നവരായിരിക്കുമല്ലോ .ഇന്ന് ഞാൻ മുഖ്യമന്ത്രിയെ കാണുന്നുണ്ട്. മറുവശത്തുള്ള വമ്പന്മാരെ നോക്കാതെ എന്റെ മകന് നീതി നൽകാൻ ഈ സർക്കാർ ഇടപെടും എന്നാണ് എന്റെ പ്രതീക്ഷ.

സത്നാം സിംഗിന്റെ അച്ഛന്റെയും ബന്ധുക്കളുടെയും വേദന തിരിച്ചറിയാൻ അധികൃതർക്ക് ഇനിയെങ്കിലും കഴിയുമോ? സത്‌നാമിന്റെയും അതുപോലെ ദുരൂഹ സാഹചര്യങ്ങളിൽ ആത്മീയ കേന്ദ്രങ്ങളിൽ വെച്ച് മരണമടഞ്ഞ മറ്റുള്ളവരുടെയും മരണകാരണം എന്നെങ്കിലും പുറത്തറിയുമോ?