പാസ്റ്റർ ദൈവത്തിന്റെ ശക്തി കാട്ടി : യുവതിയ്ക്ക് ദാരുണാന്ത്യം

#

പ്രിട്ടോറിയ : ദൈവത്തിന്റെ ശക്തി തെളിയിക്കാൻ പാസ്റ്റർ ഭാരമേറിയ സ്പീക്കർ ദേഹത്ത് കയറ്റി വെച്ചതിനെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലാണ് സംഭവം. പോളോക് വാനിയിലെ മൗണ്ട് സിയോൺ ജനറൽ അസംബ്ലി പള്ളിയിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി ആരാധനയ്ക്കിടെയാണ് ദൈവത്തിന്റെ അത്ഭുത പ്രവൃത്തി വിശദീകരിക്കാൻ പാസ്റ്ററായ ലെതെബോ റബലങ്ങോ ഒരു പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്. യേശു വെള്ളത്തിന് മുകളിലൂടെ നടന്നത് പോലുള്ള ഒരു അത്ഭുത പ്രവൃത്തി താൻ കാണിക്കാമെന്നും ദൈവാനുഗ്രഹത്താൽ വേദന അറിയില്ലെന്നുമാണ് ഇയാൾ പെൺകുട്ടിയോട് പറഞ്ഞത്. പെൺകുട്ടിയോട് തറയിൽ കിടക്കാൻ ആവശ്യപ്പെട്ട ഇയാൾ സഹായികളോട് അവളുടെ മുകളിൽ ഭാരമേറിയ സ്പീക്കർ കയറ്റി വെക്കാൻ നിർദ്ദേശിച്ചു. അവിടം കൊണ്ടും അവസാനിപ്പിക്കാതെ ഇയാൾ ആ സ്പീക്കറിന് മുകളിൽ കയറി ഇരുന്നു കൊണ്ട് പ്രഭാഷണം തുടർന്നു. അഞ്ച് മിനിറ്റിനു ശേഷം എഴുന്നേറ്റ് ഇയാൾ സ്പീക്കർ മാറ്റിയെങ്കിലും പെൺകുട്ടി എഴുന്നേറ്റില്ല. സ്ഥലത്തുണ്ടായിരുന്നവർ പ്രാഥമിക ശുശ്രൂഷ നൽകിയപ്പോൾ കുട്ടി എഴുന്നേറ്റെങ്കിലും വാരിയെല്ലിന് പൊട്ടലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിന് പൊട്ടൽ കൂടാതെ ശ്വാസകോശത്തിനും ആമാശയത്തിനും ഗുരുതരമായ മുറിവുമേറ്റ കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങി. മരണത്തിന് ശേഷവും പെൺകുട്ടിയെ കുറ്റപ്പെടുത്തുകയാണ് പാസ്റ്റർ ചെയ്തത്. അവൾക്ക് വിശ്വാസം കുറഞ്ഞു പോയതാണ് മരണത്തിന് കാരണമായതെന്നാണ് അയാളുടെ വാദം. ദ സതേൺ ഡെയ്‌ലിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. മാരക രോഗങ്ങൾ പ്രാർത്ഥനയിലൂടെ മാറ്റാമെന്നും ആശുപത്രിയിൽ പോകരുതെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സുവിശേഷകരും മത പ്രഭാഷകരും ആൾദൈവങ്ങളുമെല്ലാം നമ്മുടെ നാട്ടിലുമുണ്ട്. ഭ്രാന്തും ട്യൂമറുമൊക്കെ പ്രാർത്ഥിച്ച് മാറ്റുന്നവർ നാളെ ഇത് പോലുള്ള കടുംകൈകളും ദൈവസ്നേഹം കാണിക്കാൻ ചെയ്യുമോ എന്ന ആശങ്കയിലാണ് സാമാന്യ ബോധമുള്ള ജനങ്ങൾ.