ഉനയിലെ റാലി കഴിഞ്ഞു മടങ്ങിയവർക്ക് നേരേ ആക്രമണം

#

അഹമ്മദാബാദ് : തെക്കൻ ഗുജറാത്തിലെ ഉനയിൽ ഐതിഹാസികമായ ദളിത് സ്വാഭിമാനറാലിയിൽ പങ്കെടുത്തു മടങ്ങിയവർക്ക് നേരേ വ്യാപകമായ അക്രമം. ഹര്യാനയിൽ നിന്ന് റാലിയിൽ പങ്കെടുത്തു മടങ്ങിയ ഒരു സംഘം ആളുകൾക്ക് നേരെ സാംതെർ ഗ്രാമത്തിൽ വെച്ച് സവർണ്ണ സമുദായത്തിൽപെട്ടവർ ആക്രമിച്ചു. റാലിയിൽ ദേശീയ പതാക ഉയർത്തിയ രാധിക വെമുല ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഹൈദരബാദ് സർവ്വകലാശാലയിൽ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ അമ്മ രാധികയും രോഹിതിന്റെ സഹോദരൻ രാജാ വെമുലയ്ക്കും നേരേ ആക്രമണശ്രമമുണ്ടായത് സമ്മേളനം നടന്നതിന് 20 കിലോമീറ്റർ അകലെ ഉന -സോമനാഥ് ദേശീയപാതയിൽ വെച്ചായിരുന്നു. ഭക്ഷണം കഴിക്കാൻ ഒരു ഭക്ഷണശാലയിൽ കയറിയപ്പോൾ ആക്രമിക്കാൻ എത്തിയ സംഘത്തിൽ നിന്ന് രക്ഷപ്പെട്ട് രാധികയും മകനും കാറിൽ കയറി രക്ഷപ്പെട്ടു.

റാലി കഴിഞ്ഞ് തങ്ങൾക്ക് തിരിച്ചുപോരാൻ കഴിയുന്നില്ലെന്ന്, ജൂലൈ 8ന് ഉനയിൽ ക്രൂരമർദ്ദനത്തിന് ഇരയായവരിൽ ഒരാളായ ബാലുഭായി സർവയ്യ പറഞ്ഞു. തങ്ങളെ പിന്തുണയ്ക്കാൻ എത്തിയവരെ ആക്രമിക്കുകയാണെന്ന് ബാലുഭായി ആരോപിച്ചു. തിരിച്ചുപോകാൻ കഴിയാതെ റാലിയിൽ പങ്കെടുത്ത പലരും ഉനയിലെ പോലീസ് സ്റ്റേഷനിൽ എത്തി സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. ജിഗ്നേഷ് മെവാനി ഉൾപ്പെടെയുള്ള നേതാക്കൾ പോലീസുമായി ചർച്ച നടത്തുന്നു. 10 ദിവസംകൊണ്ട് അഹമ്മദാബാദ് മുതൽ ഉന വരെ 350 കിലോമീറ്റർ ദൂരം സഞ്ചരിച്ച റാലി രാജ്യത്താകെ വലിയ ചലനമാണ് സൃഷ്ടിച്ചത്.