മകളുടെ മൃതദേഹം കൊണ്ട് പോകാൻ പണമില്ലാതെ പിതാവ് ഭിക്ഷ യാചിച്ചു

#

ലക്നൗ : മകളുടെ മൃതദേഹം കൊണ്ടുപോകാനുള്ള പണത്തിനായി പിതാവ് ഭിക്ഷയെടുത്തതായി പരാതി. ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പെൺകുട്ടിയുടെ പിതാവ് രമേഷ് ഭിക്ഷ യാചിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മിതൗലി മേഖലയിലെ സൗത്താലി ഗ്രാമത്തിലുള്ള 14 വയസ്സുകാരിയെ കടുത്ത പനിയെ തുടർന്നാണ് മിതൗലി സർക്കാർ ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില വഷളായതിനെ തുടർന്ന് ലഖിംപൂര്‍ ഖേരി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് കുട്ടിയെ അവിടെ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. കുട്ടിയുടെ മൃതദേഹം കൊണ്ട് പോകാൻ വാഹനത്തിന് നൽകാൻ പണം കൈവശം ഇല്ലെന്നും സഹായിക്കണമെന്നും പലരോടും ആവശ്യപ്പെട്ടെങ്കിലും ആരും സഹായിച്ചില്ല. തുടർന്ന് കുട്ടിയുടെ മൃതദേഹം ഫുട്പാത്തിൽ കിടത്തി വഴിയാത്രക്കാരോട് ഭിക്ഷ യാചിക്കുകയായിരുന്നു. എന്നാൽ രമേഷ് ആശുപത്രി അധികൃതരെ വിവരം അറിയിച്ചില്ലെന്നും, അറിഞ്ഞെങ്കിൽ ആംബുലൻസ് ഏർപ്പാടാക്കുമായിരുന്നെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഒഡിഷയിൽ ഭാര്യയുടെ മൃതദേഹവും ചുമന്ന് ആദിവാസി യുവാവ് കിലോമീറ്ററുകൾ നടന്ന സംഭവം അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചയായതിനു ശേഷം അത്തരത്തിലുള്ള നിരവധി വാർത്തകളാണ് വടക്കേയിന്ത്യയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.