ബലാൽസംഗം ചെയ്തത് ബീഫ് കഴിച്ചതിനെന്ന് യുവതിയുടെ വെളിപ്പെടുത്തൽ

#

മേവാട് : ബീഫ് തിന്നതിനാണ് തങ്ങൾ ബലാൽസംഗം ചെയ്യപ്പെട്ടതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. രണ്ടാഴ്ച മുൻപ് ബലാൽസംഗത്തിനിരയായ പെൺകുട്ടികളിലൊരാളാണ് അക്രമികൾ തങ്ങളോട് ഇങ്ങനെ പറഞ്ഞതായി വെളിപ്പെടുത്തിയത്. ഞങ്ങൾ ബീഫ് കഴിച്ചിട്ടുണ്ടോ എന്ന് അവർ ഞങ്ങളോട് ചോദിച്ചു, ഇല്ലെന്നു ഞങ്ങൾ പറഞ്ഞു. പക്ഷേ, അത് കൊണ്ടാണ് ഞങ്ങൾ ശിക്ഷിക്കപ്പെടുന്നതെന്നാണ് അവർ പറഞ്ഞത്. സാമൂഹ്യപ്രവർത്തക ഷബ്നം ഹാഷ്മിയുടെ സാന്നിധ്യത്തിലാണ് യുവതികൾ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

ആഗസ്റ്റ് 24 നാണ് അക്രമികൾ പെൺകുട്ടികളുടെ വീട് ആക്രമിച്ച് അവരുടെ അമ്മാവനെയും അമ്മായിയേയും കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയത്. 20 വയസ്സുള്ള യുവതിയും അവരുടെ ബന്ധുവായ 14 വയസ്സുള്ള പെൺകുട്ടിയുമാണ് ക്രൂര ബലാൽസംഗത്തിന് ഇരകളായത്. അതേസമയം യുവതിയോ ബന്ധുക്കളോ നേരത്തെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ല എന്നാണ് ഇതിനെക്കുറിച്ച് പൊലീസ് പറയുന്നത്. കൂട്ടബലാത്സംഗത്തിന് ഗോസംരക്ഷണ സമിതിയുമായി ബന്ധമുണ്ടെന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ഹരിയാന പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ആദ്യം ഇവര്‍ക്കെതിരെ ബലാത്സംഗക്കേസുമാത്രമായിരുന്നു എടുത്തത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കൊലപാതകക്കുറ്റം ചുമത്തിയത്.

മേവാട് മേഖലയിലെ മുസ്ലിം ഭൂരിപക്ഷ മേഖലകളിലെ ബിരിയാണി കടകളിൽ പോലീസ് റെയ്ഡ് ചെയ്ത് ബിരിയാണി പിടിച്ചെടുക്കുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. ഗോവധനിരോധനം നിലനിൽക്കുന്ന ഹരിയാനയിൽ പശുവിന്റെ പേരിലുള്ള അതിക്രമങ്ങൾ വ്യാപിച്ച് വരികയാണ്.