ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ല ; ദളിത് യുവതിക്ക് വഴിയരികിൽ പ്രസവം

#

കൊൽക്കത്ത : ഡോക്ടർമാർ ചികിത്സ നിഷേധിച്ച ദളിത് യുവതി റോഡരികിൽ പ്രസവിച്ചു. ജാർഖണ്ഡിലെ ലാത്തേഹാർ ജില്ലയിലാണ് സംഭവം. ലാത്തേഹാർ ജില്ലാ ആശുപത്രിയിൽ നിന്ന് 500 മീറ്റർ അകലെ ദേശീയപാത 33 നരികിലാണ് യുവതി പ്രസവിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഹേഷ്‌ല ഗ്രാമത്തിൽ നിന്നുള്ള സോനാ മണി ദേവി എന്ന 25 വയസ്സുകാരിയായ യുവതി തന്റെ മൂന്നു മക്കളെയും കൂട്ടി 18 കിലോമീറ്റർ നടന്നാണ് ജില്ലാ ആസ്ഥാനത്ത് എത്തിയത്. കുട്ടികൾക്ക് ആധാർ കാർഡ് എടുക്കാനായിട്ടാണ് ഇവർ വന്നത്. പക്ഷെ നടന്ന് എത്തിയപ്പോഴേക്കും നേരം വൈകിയതിനാൽ അടുത്ത ദിവസം വരാൻ പറഞ്ഞു അധികൃതർ ഇവരെ മടക്കി അയച്ചു.

തിരികെ ഗ്രാമത്തിലേക്ക് പോകാൻ വണ്ടിക്കൂലിക്ക് പണം കൈവശം ഇല്ലാതിരുന്ന ഇവർ വഴിയരികിലുള്ള ഒരു ചായക്കടയിൽ അഭയം പ്രാപിച്ചു. കടയുടമ ആ രാത്രി തങ്ങാൻ അനുവദിക്കുകയും ചെയ്തു. ഇവർ പൂർണ്ണ ഗർഭിണിയാണെന്ന് അയാൾ അറിഞ്ഞിരുന്നില്ല. അർദ്ധരാത്രിയോട് കൂടി പ്രസവവേദനയാൽ പുളഞ്ഞ ഇവർ ചില നാട്ടുകാരോട് തന്നെ ഏതെങ്കിലും ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. നാട്ടുകാർ അടുത്തുള്ള ലാത്തേഹാർ സദർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ വിവരമറിയിച്ചെങ്കിലും അഞ്ഞൂറ് മീറ്റർ മാത്രം അകലെയുള്ള സ്ഥലത്തേക്ക് പോകാൻ ഡോക്ടർ തയ്യാറായില്ല. തുടർന്ന് യുവതി വഴിയരികിൽ പ്രസവിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആംബുലൻസ് അയക്കാനും യുവതിയെ സഹായിക്കാനും ലോക്കൽ പോലീസിനോട് നിർദ്ദേശിച്ചിരുന്നെന്ന് ലാത്തേഹാർ എസ്.പി പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ജില്ലാ ഭരണകൂടം സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും ഡോക്ടർക്കും, ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫീസർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ തന്നെ ദരിദ്രമായ സംസ്ഥാനങ്ങളിൽ ഒന്നാണ് ജാർഖണ്ഡ്. ഇന്ത്യൻ ഗ്രാമങ്ങളിലെ ചികിത്സ സൗകര്യങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തതയും അവിടങ്ങളിലെ സാധാരണക്കാരന്റെ ജീവിത അവസ്ഥയും വെളിപ്പെടുത്തുന്ന നിരവധി സംഭവങ്ങളാണ് അടുത്തിടെ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഒഡിഷയിൽ ഭാര്യയുടെ മൃതദേഹവുമായി കിലോമീറ്ററുകളോളം നടന്ന ആദിവാസി യുവാവിന്റെ അവസ്ഥ പുറത്ത് വന്ന് ദിവസങ്ങൾക്ക് ശേഷമാണ് ആധാർ കാർഡിന് വേണ്ടി 18 കിലോമീറ്റർ നടന്ന് വന്ന് റോഡരികിൽ കുഞ്ഞിന് ജന്മം നൽകുന്ന ദളിത് സ്ത്രീയുടെ ഞെട്ടിക്കുന്ന ഈ വാർത്തയും വരുന്നത്.