ഐ എ എസുകാർക്കെതിരേ കേസെടുക്കാൻ നിയമതടസ്സമില്ല

#

തിരുവനന്തപുരം : ഐ എ എസ്, ഐ പി എസ് ഉദോഗസ്ഥർക്കെതിരെ അഴിമതി കേസെടുക്കുന്നതിനു തടസമില്ലെന്നു നിയമോപദേശം. സുപ്രീം കോടതി വിധി ഉദ്ധരിച്ചു നൽകിയ നിയമോപദേശം വിജിലൻസ് ഡയറക്ടർക്കാണ് ലഭിച്ചത്. എൽ ഡി എഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ വിജിലൻസ് ഡയറക്ടറായി നിയമിതനായ ജേക്കബ് തോമസ് അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി മുന്നോട്ട് പോകുകയാണ്. ടോം ജോസ്, ടി ഓ സൂരജ് എന്നീ ഐ.എ.എസ് ഉദ്യോഗസ്ഥർക്കും ടോമിൻ തച്ചങ്കരി, ശങ്കർ റെഡ്‌ഡി, നിശാന്തിനി തുടങ്ങിയ ഐ.പി.എസ് ഉദ്യോഗസ്ഥർക്കും എതിരെ കേസെടുക്കുന്നതിൽ ഈ നിയമോപദേശം നിർണായകമാണ്.

മുൻ മന്ത്രിമാർക്കെതിരായ അഴിമതി കേസുകളിൽ പഴുതില്ലാത്ത അന്വേഷണമാണ് വിജിലൻസ് നടത്തുന്നത്. അതോടൊപ്പം തന്നെ, സിവിൽ സർവീസ് ഉദോഗസ്ഥർക്ക് എതിരായ പരാതികളിൽ കർശനമായ നടപടികളുമായി വിജിലൻസ് മുന്നോട്ടു പോയപ്പോഴാണ് , ഐ എ എസ് ഉദ്യോഗസ്ഥരുടെ പേരിൽ കേസെടുക്കുന്നതിനെതിരേ ഒരുവിഭാഗം സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ നിയമപരമായ തടസങ്ങൾ ഉന്നയിച്ച് കൂട്ടത്തോടെ രംഗത്തെത്തിയത്. ഐ എ എസ്സുകാർക്കെതിരെ കേസെടുക്കാൻ കഴിയില്ലെങ്കിൽ ഐ പി എസ്സുകാർക്ക് എതിരെയും കേസ് വേണ്ട എന്ന നിലപാട് ജേക്കബ് തോമസ് എടുക്കുന്ന സ്ഥിതി ഉണ്ടായി. ഈ സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയുന്ന നിയമോപദേശമാണ് വിജിലൻസിന് ലഭിച്ചിരിക്കുന്നത്. ഐ.എ.എസുകാർക്കെതിരെയുള്ള കേസുകൾ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ ഈ നിയമോപദേശം വിജിലൻസിനെ സഹായിക്കും.