ഭക്ഷ്യസുരക്ഷാവകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്തിന് ?

#

ഭക്ഷ്യോൽപന്നങ്ങളിലെ മായം കേരളത്തിൽ എല്ലാ പരിധികളും ലംഘിച്ചുകഴിഞ്ഞു. ഭക്ഷ്യോൽപന്നങ്ങളിലെ മായം കണ്ടെത്തുകയും നടപടി എടുക്കുകയും ചെയ്യാൻ ചുമതലയുള്ളവരുടെ ഒത്താശയോടു കൂടിയാണ് മായംചേർത്ത ഉല്പന്നങ്ങൾ വിപണിയിൽ നിർബാധം വിറ്റഴിക്കപ്പെടുന്നത് എന്ന കാര്യം പരസ്യമായ രഹസ്യമാണ്. ടി.വി.അനുപമ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ആയപ്പോഴാണ് മായം ചേർത്ത ഭക്ഷ്യോല്പന്നങ്ങൾ ഉല്‌പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവരുടെ പേരിൽ നടപടി എടുക്കാനുള്ള സംവിധാനം ഇവിടെയുണ്ടെന്ന് സാധാരണക്കാർ മനസ്സിലാക്കുന്നത്. ഉല്പന്നങ്ങളിൽ മായം ചേർക്കുന്നവരുടെ സമ്മർദ്ദത്തിന് വഴങ്ങി അനുപമയെ മാറ്റിയതിനുശേഷം സമ്പൂർണ്ണ അരാജകാവസ്ഥയാണ് ഭക്ഷ്യസുരക്ഷാവകുപ്പിൽ നിലനിൽക്കുന്നത്.

മായം കലർന്നവയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പല വെളിച്ചെണ്ണ ബ്രാൻഡുകൾ ഉൾപ്പെടെ നിരവധി ഉല്പന്നങ്ങൾ അടുത്തിടെ നിരോധിക്കപ്പെട്ടു. അവ ഏതാണെന്ന അന്വേഷണത്തോട് പ്രതികരിക്കാൻ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. വിശദമായ വിവരങ്ങൾ വെബ്സൈറ്റിലുണ്ടെന്നായിരുന്നു ഉത്തരം. വിവരം തിരയുമ്പോഴാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ വെബ്‌സൈറ്റ് ലഭ്യമല്ലെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. വെബ്‌സൈറ്റ് ലഭ്യമല്ല എന്ന വിവരം അറിയിച്ചപ്പോൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണമാണ് തീർത്തും വിചിത്രം. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്രേ. സർവ്വസാധാരണമായ ഒരു കാര്യം എന്ന രീതിയിലാണ് രണ്ടാഴ്ചയായി വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് പറഞ്ഞത്. വിപണിയിൽ സജീവമായുള്ള, പ്രശസ്തമായ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള ഉല്പന്നങ്ങൾ പരാതിയെത്തുടർന്നുള്ള പരിശോധനയിൽ മായം കലർന്നവയെന്ന് കണ്ടെത്തുകയും നിരോധിക്കപ്പെടുകയും ചെയ്തതിന് തൊട്ടുപുറകേയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. തികച്ചും ദുരൂഹമാണ് കാര്യങ്ങൾ. സർക്കാരിന്റെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയ ഉല്പന്നങ്ങൾ ഏതൊക്കെയാണെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ജനങ്ങളുടെ പണം കൊണ്ട് നടത്തുന്ന പരിശോധനയുടെ ഫലം അറിയാൻ ജനങ്ങൾക്കല്ലാതെ ആർക്കാണ് അവകാശം?