മാഗി നൂഡില്‍സ് നശിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി

#

ന്യൂഡല്‍ഹി : 550 ടണ്ണോളം വരുന്ന മാഗി നൂഡില്‍സ് പായ്ക്കറ്റുകള്‍ നശിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി. ആരോഗ്യത്തിന് ഹാനികരമാകുന്ന ഘടകങ്ങള്‍ അമിതമായി അടങ്ങിയിരിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് വിപണിയില്‍ നിന്ന് പിന്‍വലിച്ച പായ്ക്കറ്റുകള്‍ നെസ്‌ലെ കമ്പനിയുടെ വിവിധ ഫാക്ടറികളിലായി കെട്ടിക്കിടക്കുകയാണ്. 39 സ്ഥലങ്ങളിലെ വിവിധ ഫാക്ടറികളിലായി സൂക്ഷിച്ചിരിക്കുന്ന ഇവ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നുവെന്നും അത് നശിപ്പിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉല്പാദകരായ നെസ്‌ലെ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി നൂഡില്‍സ് നശിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. കേന്ദ്യ ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങളും നിബന്ധനകളും അനുസരിച്ച് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള നശീകരണ മാര്‍ഗ്ഗമായിരിക്കും ഇതിനായി കമ്പനി സ്വീകരിക്കുകയെന്നും അറിയിച്ചിട്ടുണ്ട്.

ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഈയത്തിന്റെ അളവ് അമിതമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാഗി നൂഡില്‍സ് വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്. നിരവധി പരാതികളെത്തുടര്‍ന്ന് ഇവയയുടെ ഉല്പാദനവും വില്‍പ്പനയും കോടതി റദ്ദു ചെയ്തിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നിബന്ധനകള്‍ അനുസരിച്ച് ഉല്പാദനം ആരംഭിച്ചതോടെയാണ് ഇവ വീണ്ടും വിപണിയിലെത്തിക്കാനുള്ള അനുമതി ലഭിച്ചത്. അന്ന് വിപണിയില്‍ നിന്ന് പിന്‍വലിച്ച പായ്കറ്റുകള്‍ നശിപ്പിക്കാന്‍ കേസുകളുടെ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷ വിഭാഗം അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.