വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം യോഷിനോരി ഒഹ്‌സുമിക്ക്

#

ഓസ്ലോ : വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം ജാപ്പനീസ് സെല്‍ ബയോളജിസ്റ്റ് യോഷിനോരി ഒഹ്‌സുമിക്ക്. ഓട്ടോഫാഗി എന്ന കണ്ടുപിടുത്തത്തിനാണ് നൊബേല്‍ പുരസ്‌കാരം. കോശങ്ങള്‍ തകരുന്നതും അവയിലെ ഘടകങ്ങള്‍ പുനചംക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ട പഠനമാണ് ഓട്ടോഫാഗി. കാന്‍സര്‍ മുതല്‍ പാര്‍ക്കിന്‍സണ്‍സ് വരെയുളള രോഗങ്ങള്‍ കാരണം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കുന്നതില്‍ നിര്‍ണ്ണായകമാണ് യോഷിനോരിയുടെ കണ്ടുപിടുത്തങ്ങള്‍. ജപ്പാനിലെ ഫുകുവോകയില്‍ ജനിച്ച യോഷിനോരി ഒഹ്‌സുമി ക്യോട്ടോ സര്‍വ്വകലാശാലയിലും അമേരിക്കയിലെ റോക്ക് ഫെല്ലര്‍ സര്‍വ്വകലാശാലയിലുമാണ് ഉന്നത പഠനം പൂര്‍ത്തിയാക്കിയത്. ടോക്യോ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷണ സെന്ററിലെ അധ്യാപകന്‍ കൂടിയാണ് ഒഹ്‌സുമി. 2012ല്‍ ജപ്പാനിലെ ഉന്നത പുരസ്‌കാരങ്ങളിലൊന്നായ ക്യോട്ടോ പ്രൈസും അദ്ദേഹം നേടിയിട്ടുണ്ട്.