മലമ്പനി പടരുന്നു : കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസില്‍ ജാഗ്രത

#

കാസര്‍ഗോഡ് : കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസില്‍ മലമ്പനി വ്യാപകമായി പടരുന്നു. ക്യാമ്പസില്‍ വിവിധ ജോലികളിലേര്‍പ്പെട്ടിരിക്കുന്ന 32 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. തൊഴിലാളികളില്‍ നിന്ന് ക്യാമ്പസിലെ വിദ്യാര്‍ത്ഥികളിലേയ്ക്ക് രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ് അധികൃതര്‍. ക്യാമ്പസിനകത്തു തന്നെ തൊഴിലാളികള്‍ താമസിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും മലമ്പനി പടരാന്‍ സാധ്യത കൂടുതലാണ്. രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സര്‍വ്വകലാശാല ക്യാമ്പസിനുളളിലെ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തി വയ്ക്കണമെന്ന് ഡി.എം.ഒ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളടക്കമുളള 140 പേരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ മാസം കേന്ദ്ര സര്‍വ്വകലാശാല പേരിയ ക്യാമ്പസിലെ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നാണ് മറ്റ് തൊഴിലാളികള്‍ക്ക് രോഗം ബാധിച്ചത്.