അവതാരങ്ങൾ : സി.പി.എമ്മിൽ അസംതൃപ്തി പുകയുന്നു

#

സ്വന്തം പേര് പറഞ്ഞു വരുന്ന അവതാരങ്ങളെ കരുതിയിരിക്കാൻ മുന്നറിയിപ്പ് നൽകി ഭരണം തുടങ്ങിയ പിണറായി വിജയനെയും സിപിഎമ്മിനേയും ആഴമേറിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് അവതാരപ്പിറവികളുടെ മഹാ പ്രവാഹം. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിയമിക്കുകയും പിന്നീട് നീക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നൻപൻ എം.കെ ദാമോദരൻ മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ ചിറ്റപ്പൻസ് പാർട്ടി ഓഫ് ഇന്ത്യ (മക്കൾ/മരുമക്കൾ) എന്ന് സോഷ്യൽ മീഡിയയിലെ ചെറുപ്പക്കാരെക്കൊണ്ട് വിളിപ്പിച്ച മുൻ മന്ത്രി പി.കെ ശ്രീമതി ടീച്ചറുടെ മകൻ സുധീർ നമ്പ്യാർ വരെ അണികളുടയും ജനങ്ങളുടെയും തലക്ക് മുകളിലൂടെ കെട്ടിയിറക്കപ്പെട്ട ഒരു പിടി അവതാരപ്പിറവികൾ. ഈ അവതാരങ്ങളെ പ്രതി സമൂഹത്തിലും പാർട്ടിക്കുള്ളിലും യുവജന സംഘടനയിലും ഉയരുന്ന രൂക്ഷ പ്രതികരണങ്ങളെയും അസംപ്‌തൃപ്തിയെയും എങ്ങനെ നേരിടുമെന്ന പ്രതിസന്ധിയിലാണ് പാർട്ടി നേതൃത്വം.

എല്ലാം ശരിയാക്കാൻ അധികാരമേറിയ സർക്കാരിനെ നേരിട്ട ആദ്യ വിവാദമായിരുന്നു മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ ദാമോദരന്റെ നിയമനവും അതിനെ തുടർന്നുള്ള വിവാദങ്ങളും. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ലോട്ടറി തട്ടിപ്പുകാരൻ സാന്റിയാഗോ മാർട്ടിന് വേണ്ടിയും കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ ഐ.എൻ.ടി.യു.സി നേതാവ് ചന്ദ്രശേഖരന് വേണ്ടിയും ക്വാറി മുതലാളിമാർക്ക് വേണ്ടിയും കോടതിയിൽ ഹാജരായത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. പിന്നീട് എം.കെ ദാമോദരനെ സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും അത് അവതാരങ്ങളുടെ തുടക്കം മാത്രമായിരുന്നു. നരേന്ദ്രമോദിയുടെ സാമ്പത്തിക നയങ്ങളുടെ വാഴ്ത്തുകാരിയും നിയോ ലിബറൽ സാമ്പത്തിക നയങ്ങളുടെ പ്രയോക്താവുമായ ഗീത ഗോപിനാഥായിരുന്നു അടുത്ത അവതാരം. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ജോൺ ബ്രിട്ടാസിന്റെ രൂപത്തിൽ അടുത്ത അവതാരപ്പിറവിയും നടന്നു.പാർട്ടി ചാനലിൽ ബലാൽസംഗ കവിതയെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിനേയും കേരളം കണ്ടു. ഉപദേശകന്മാരുടെ അവതാരപ്പിറവികളെല്ലാം ഒഴിയാത്ത വിവാദങ്ങളിലേക്കാണ് സർക്കാരിനെ എത്തിച്ചത് എന്ന് ചുരുക്കം.

വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്റെ ഭാര്യയുടെ സഹോദരീപുത്രനും മുൻമന്ത്രിയും ലോക്സഭാംഗവുമായ പി.കെ ശ്രീമതി ടീച്ചറുടെ മകനുമായ സുധീർ നമ്പ്യാരാണ് ഈ നിരയിലെ പുതിയ അവതാരം. ബിരുദം മാത്രം യോഗ്യതയുള്ള,സ്വന്തം ഭാര്യയും ബന്ധുവും മാത്രം അംഗങ്ങളായ തട്ടിക്കൂട്ട് കമ്പനികളിലെ കടലാസ് പ്രവൃത്തിപരിചയം മാത്രം കൈമുതലായുള്ള സുധീർ നമ്പ്യാരെ വ്യവസായ വകുപ്പിന് കീഴിലുള്ള കെ.എസ്.ഐ.ഇ എം.ഡി യായി നിയമിച്ചത് വ്യാപകമായ പ്രതിഷേധമാണ് ക്ഷണിച്ച് വരുത്തിയത്. നിയമനം വിവാദമായതോടെ എന്റെ ബന്ധുക്കൾ പല സ്ഥാനങ്ങളിലും കാണും എന്ന് പറഞ്ഞ് രക്ഷപ്പെടാൻ ജയരാജൻ ശ്രമിച്ചെങ്കിലും പ്രതിഷേധച്ചൂടിൽ മുഖ്യമന്ത്രി ഇടപെട്ട് നിയമനം റദ്ദാക്കി. പക്ഷെ നിലവിലുള്ള വ്യക്തമായ മാനദണ്ഡങ്ങളെയെല്ലാം കാറ്റിൽ പറത്തി നടത്തിയ നിയമനം അഴിമതി തന്നെയാണ്. അഴിമതി കാട്ടിയ ശേഷം അത് തിരുത്തി എന്നത് കൊണ്ട് അഴിമതി ഇല്ലാതാകുന്നില്ല. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് മന്ത്രി ആയിരുന്ന പി.കെ ശ്രീമതി സ്വന്തം മരുമകളെ പാചകക്കാരിയാക്കി പിന്നീട് പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തി സ്റ്റാഫിൽ ഉൾപ്പെടുത്തി പെൻഷൻ തരപ്പെടുത്തിയ സംഭവവും ഇതോടെ ചർച്ചയിലേക്ക് വീണ്ടും വരികയാണ്. സുധീർ നമ്പ്യാരുടെ ഭാര്യയായിരുന്നു അന്നത്തെ അവതാരം.

പാർട്ടിക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളെയും കമ്മ്യൂണിസ്റ്റ് വിരുദ്ധത ആരോപിച്ച് പുച്ഛിച്ച് തള്ളുന്ന സിപിഎം പോലൊരു കേഡർ പാർട്ടിക്ക് ഒറ്റ ദിവസം കൊണ്ട് നിയമന തീരുമാനം തിരുത്തേണ്ടി വന്നതിന് പിന്നിൽ മാറുന്ന കാലത്തെ രാഷ്ട്രീയത്തിൽ സമൂഹമാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനവും വ്യക്തമാക്കുന്നു. പാർട്ടി വിരുദ്ധത ആരോപിക്കാൻ കഴിയാത്ത വണ്ണം പാർട്ടി അണികൾ സമൂഹമാധ്യമങ്ങളിലൂടെ സുധീർ നമ്പ്യാരുടെ വഴിവിട്ട നിയമനത്തിനെതിരെ രംഗത്ത് വന്നതാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയത്. അതിരൂക്ഷമായ പരിഹാസമായിരുന്നു സോഷ്യൽ മീഡിയ പോരാളികളുടെ ആയുധം. മക്കളുണ്ടോ സഖാവേ ഒരു എം.ഡിയെ എടുക്കാൻ എന്നായിരുന്നു ഫെയ്‌സ്ബുക്കിൽ ഉയർന്ന ഒരു ചോദ്യം. ചിറ്റപ്പൻ പാർട്ടി ഓഫ് ഇന്ത്യ (മക്കൾ/മരുമകൾ) എന്ന് പരിഹസിച്ചവരും ഏറെ. പാർട്ടിക്ക് വേണ്ടി രാപകൽ കഷ്ടപ്പെട്ടും പോസ്റ്റർ ഒട്ടിച്ചും നടന്നിട്ടും ഒരു സഹകരണ സംഘത്തിലെ ജോലി പോലും ലഭിക്കാത്ത ആയിരക്കണക്കിന് സഖാക്കളുടെ മുകളിലൂടെ നൂലിൽ കെട്ടിയിറക്കുന്ന മക്കൾ ലക്ഷങ്ങൾ ശമ്പളവും, കൊടി വെച്ച കാറും, ഭരിക്കാൻ പൊതുസ്ഥാപനവും, കോടികളുടെ സർക്കാർ ഫണ്ടുമായി ആഘോഷിക്കുന്നതിൽ സാധാരണ അണികളുടെ പ്രതിഷേധവും അമർഷവും അതിന്റെ പരകോടിയിലാണ്. ഫെയ്‌സ്ബുക്കിലെ സിപിഎം അനുകൂല ഗ്രൂപ്പുകളിൽ പോലും ഇത്തരം പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ജീവിക്കാൻ ഗതിയില്ലാതെ ബുദ്ധിമുട്ടുന്ന സഖാവിനൊരു ജോലി കൊടുക്കുന്നത് പോലെയല്ല, മക്കൾക്കും ബന്ധുക്കൾക്കും ഭരിക്കാനായി പൊതുമേഖലാ സ്ഥാപങ്ങൾ വിട്ടുകൊടുക്കുന്നത്.

ജയരാജന്റെ ചിറ്റപ്പ മാഹാത്മ്യം സുധീർ നമ്പ്യാരിൽ അവസാനിക്കുന്നില്ല എന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ജയരാജന്റെ സഹോദരൻ റിട്ട.എസ്ഐ ഇ.പി.ഭാർഗ്ഗവന്റെ മകൻ നിശാന്തിന്റെ ഭാര്യ ദീപ്തിയെ കണ്ണൂരിലെ ക്ലേ ആൻഡ് സിറാമിക്സിൽ ജനറൽ മാനേജരായി നിയമിച്ചു. ബിരുദം മാത്രം യോഗ്യതയുള്ള ഇവരുടെ ശമ്പളം ഒരു ലക്ഷം രൂപയോളമാണ്. ബെംഗളൂരുവിൽ ഏതോ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായ ദീപ്തിയെ യോഗ്യത മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് കണ്ണൂരിൽ തന്നെ നിയമിച്ചിരിക്കുന്നത്. ജയരാജന്റെ സഹോദരി ഭാര്‍ഗവിയുടെ ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെ അനുജന്‍ മലപ്പട്ടം സ്വദേശിയായ ഉത്തമന്റെ മകനായ ജിന്‍സന്‍, കുഞ്ഞിക്കണ്ണന്റെ സഹോദരി ഓമനയുടെ മകന്‍ മിഥുന്‍ എന്നിവരെയും സുപ്രധാന തസ്തികയില്‍ നിയമിച്ചിട്ടുണ്ടെന്ന് ആരോപണങ്ങൾ ഉയരുന്നു.

പാർട്ടിയിലെ ആശ്രിത നിയമനങ്ങളുടെ പട്ടിക ഇനിയും നീളുകയാണ്. മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ചെറുമകൻ, സംസ്ഥാന സമിതിയംഗം, കോലിയക്കോട് കൃഷ്ണൻ നായരുടെ മകൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റെ മകൻ തുടങ്ങിയവരാണ് ഈ പട്ടികയിൽ. നായനാരുടെ മകൾ ഉഷയുടെ മകൻ സൂരജ് രവീന്ദ്രനെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിന്റെ എം.ഡി യായും, ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവനെ കിൻഫ്ര അപ്പാരൽ പാർക്കിൽ സുപ്രധാന സ്ഥാനത്ത് നിയമിക്കാനാണ് തീരുമാനം. കോലിയക്കോട് കൃഷ്ണൻ നായരുടെ മകൻ ഉണ്ണികൃഷ്ണനെ കിൻഫ്ര അപ്പാരൽ പാർക്കിൽ ജനറൽ മാനേജരായി സ്ഥാനക്കയറ്റം നൽകുന്ന നടപടിയും വിവാദമായിട്ടുണ്ട്. ചെലവ് ചുരുക്കുമെന്നും മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കില്ലെന്നും പ്രഖ്യാപിച്ച് കയ്യടി വാങ്ങിയാണ് സർക്കാർ അധികാരമേറ്റത്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിലും മുന്നണി വളരെ ശ്രദ്ധിച്ചിരുന്നു. എന്നാൽ അത്തരം തീരുമാനങ്ങളെയെല്ലാം വ്യർത്ഥമാക്കുകയാണ് മക്കൾ നിയമങ്ങളിലൂടെ ഇപ്പോൾ സംഭവിക്കുന്നത്. പാലക്കാട് ചേർന്ന സിപിഎം പാർട്ടി പ്ലീനത്തിലെ സുപ്രധാന തീരുമാനമായിരുന്നു സ്വജനപക്ഷപാതം ഒഴിവാക്കണമെന്നത്. പ്ലീനം തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ പാർട്ടിക്കും എല്ലാം ശരിയാക്കാൻ വന്ന സർക്കാരിനും വീഴ്ചകൾക്ക് പിറകെ വീഴ്ചകൾ സംഭവിക്കുന്നതാണ് കാണുന്നത്.

അർദ്ധ ജുഡീഷ്യൽ അധികാരമുള്ള യുവജന കമ്മീഷൻ അദ്ധ്യക്ഷയായി പാർട്ടിയിലെയോ യുവജന രംഗത്തെയോ ഒരു സുപ്രധാന ചുമതലയും വഹിച്ചിട്ടില്ലാത്ത ചിന്ത ജെറോമിനെ നിയമിച്ചതിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗവും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ടി.പി.ബിനീഷ് ഇതേ യുവജന കമ്മീഷനിൽ ഒരു സാധാരണ അംഗം മാത്രമാണ്. വർഷങ്ങളായി പ്രവർത്തനരംഗത്തുള്ള പലരെയും മറികടന്നാണ് ചിന്ത സംഘടനാ രംഗത്ത് തന്നെ ഉയർന്നതെന്നും സംഘടനയ്ക്കുളിൽ ആരോപണമുണ്ട്. പ്രവർത്തനപരിചയവും സംഘടനാ പാരമ്പര്യവുമുള്ള അനേകം യുവജന നേതാക്കൾ പുറത്ത് നിൽക്കെ ചിന്തയെ യുവജന കമ്മീഷൻ അദ്ധ്യക്ഷയാക്കിയതിൽ സംഘടനയ്ക്കുള്ളിൽ അതൃപ്തി പുകയുകയാണ്. പോസ്റ്റർ ഒട്ടിച്ചും പട്ടിണി കിടന്നും സംഘടനാപ്രവർത്തനം നടത്തിയും നേതൃത്വത്തിലേക്ക് വരുന്ന യുവാക്കളുടെ കണ്മുന്നിലൂടെ അവതാരങ്ങൾ രൂപം കൊള്ളുന്നത് പാർട്ടിയുടെ കരുത്തും ഊർജ്ജവുമായി നിൽക്കുന്ന യുവജന സംഘടനയിലും കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.

സിനിമാതാരം കെ.പി.എ.സി ലളിതയ്ക്ക് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സീറ്റ് നൽകാൻ തീരുമാനിച്ചത് വലിയ പ്രതിഷേധങ്ങളെ തുടർന്നാണ് ഉപേക്ഷിച്ചത്. അവരുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങളും പോസ്റ്റർ പ്രചാരണവും ഒക്കെ നടന്നു. എന്നാൽ അന്ന് പ്രതിഷേധിച്ചവരെയൊക്കെ കാഴ്ചക്കാരാക്കിക്കൊണ്ടാണ് ലളിത കേരള സംഗീത നാടക അക്കാദമി ചെയർപേഴ്‌സണായി നിയമിക്കപ്പെട്ടത്. ഒട്ടേറെ പ്രമുഖർ ഇരുന്ന ആ കസേരയിലേക്ക് പണ്ടെങ്ങോ കെപിഎസി നാടകത്തിൽ അഭിനയിച്ചതിന്റെ മാത്രം പിൻബലത്തിൽ ലളിത വരുമ്പോൾ എക്കാലവും ഇടതുപക്ഷത്തിനൊപ്പം നിന്നിട്ടുള്ള ഒരു വലിയ വിഭാഗം നാടകപ്രവർത്തകരും കലാകാരന്മാരും അസ്വസ്ഥരാണ്. പാർട്ടി പറയുന്നത് മാത്രമേ ചെയ്യൂ എന്ന് സ്ഥാനമേറ്റ ശേഷം അവർ വ്യക്തമാക്കുകയും ചെയ്തു. സിനിമാതാരം മഞ്ജുവാര്യരെ ചലച്ചിത്ര അക്കാദമിയിൽ അവരോധിച്ച് സർക്കാർ അവരുടെ പബ്ലിസിറ്റി വർക്കിൽ പങ്കാളിത്തം വഹിച്ചതും ഇതോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ്. ഈ നിയമനത്തിന്റെ സന്തോഷം കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ നൃത്തം അവതരിപ്പിച്ച് അവർ പ്രകടിപ്പിക്കുകയും ചെയ്തത്രേ. കുമ്പിടിയെപ്പോലെ എല്ലായിടത്തും കാണുന്ന, രാഷ്ട്രീയ നിലപാടുകൾ ഇല്ലാത്ത മഞ്ജുവിനെ പോലുള്ളവരെ ചലച്ചിത്ര അക്കാദമിയിൽ നിയമിക്കാനും മാത്രം കേരളത്തിൽ ഇടതുപക്ഷ ചലച്ചിത്ര പ്രവർത്തകർ കുറ്റിയറ്റു പോയോ എന്നതാണ് ആ മേഖലയിൽ നിന്നുയരുന്ന ചോദ്യം.

വിവാദ ആൾദൈവം അമൃതാനന്ദമയിയുടെ മഠത്തിനെതിരെ നിരന്തരമായി സമരം ചെയ്തു വന്ന ഡിവൈഎഫ്ഐ നേതാക്കളെയും പാർട്ടി പ്രവർത്തകരെയും പ്രതിരോധത്തിലാക്കി സിപിഎം നേതാക്കളും മന്ത്രിമാരും അമ്മ മഠത്തിലെ പരിപാടികളിൽ പങ്കെടുത്തതും ദേശാഭിമാനി വരിസംഖ്യ ആൾദൈവത്തിൽ നിന്ന് ഏറ്റുവാങ്ങിയതിലും അണികൾക്കിടയിൽ അമർഷമുണ്ട്. അമ്മയുടെയും അമ്മാവന്റെയും അച്ഛന്റെയും ചിറ്റപ്പന്റെയും ബലത്തിൽ സാധാരണ പ്രവർത്തകന്റെ കാഴ്ചയ്ക്കപ്പുറത്ത് നിന്ന് പൊതുമേഖല ഭരിക്കാനെത്തുന്ന മക്കളും സത്നാം സിംഗടക്കം നിരവധി നിരപരാധികളുടെ രക്തത്തിന്റെയും കോടിക്കണക്കിനു രൂപയുടെ അഴിമതിയുടെയും ആരോപണ മറവിൽ നിൽക്കുന്ന അമ്മദൈവവും അടക്കമുള്ള അവതാരങ്ങൾ കേരളത്തിലെ സിപിഎമ്മിനെ വേട്ടയാടുകയാണ്.