കാന്‍സര്‍ രോഗനിര്‍ണ്ണയം നിര്‍ബന്ധമാക്കാനൊരുങ്ങി സര്‍ക്കാര്‍

#

ന്യൂഡല്‍ഹി : കാന്‍സര്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കാന്‍സര്‍ രോഗ നിര്‍ണ്ണയ പരിശോധന നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി മുപ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീ-പുരുഷന്‍മാര്‍ നിര്‍ബന്ധമായും അര്‍ബുദ പരിശോധനയ്ക്ക് വിധേയരാകണം. വായ്, സ്തനം, സെര്‍വിക്‌സ് (ഗര്‍ഭാശയ മുഖം) കാന്‍സറുകളുടെ പരിശോധന നിര്‍ബന്ധമാക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നത്. നവംബര്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇന്ത്യയിലെ ആകെ കാന്‍സര്‍ ബാധിതരില്‍ 34 ശതാമനവും വായ്, സ്തനം, സെര്‍വിക്‌സ് കാന്‍സര്‍ രോഗികളാണ്. സര്‍വ്വസാധാരണമായി കാണപ്പെടുന്ന ഈ അര്‍ബുദം നിയന്ത്രിക്കാനുള്ള നടപടിയായാണ് ഇവയുടെ പരിശോധന നിര്‍ബന്ധമാക്കിയത്. കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരിക്കുന്ന രാജ്യത്തെ 100 ജില്ലകളിലാകും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഒന്നാംഘട്ടത്തിന് ത്രിപുരയിലെ അഗര്‍ത്തലയില്‍ നവംബറില്‍ തുടക്കമാകും. അതിനുശേഷം പദ്ധതി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കാന്‍സര്‍ രോഗം നേരത്തെ തന്നെ തിരിച്ചറിയുന്നത് ചികിത്സയ്ക്ക് വളരെ ഗുണകരമാണ്. അതുകൊണ്ട് തന്നെ ജനസംഖ്യാടിസ്ഥാനത്തില്‍ രോഗനിര്‍ണ്ണയത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് ധാരാളം പേരുടെ ജീവന്‍ രക്ഷിക്കുന്നതിന് ഉതകുന്നതാകുമെന്നാണ് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ അറിയിച്ചത്. ഇത്തരത്തിലുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് ജനങ്ങളില്‍ ഒരു അവബോധം വളര്‍ത്തുമെന്നും ആരോഗ്യപരമായ ജീവിത രീതി പിന്തുടരാന്‍ അവരെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.