ഉഷാറാക്കാം മനസിനെ; മാനസികാരോഗ്യം കൈപ്പിടിയിലാക്കാം

#

ഇന്ന് ലോക മാനസികാരോഗ്യ ദിനം.

മാനസിക അനാരോഗ്യം തന്നെയാണ് ഒരു മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്നു തന്നെ പറയാം. കാരണം നമ്മുടെ കൈപ്പിടിയിലുളള മനസ് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ ശക്തി. അതിന്റെ താളം ഒന്ന് തെറ്റിയാല്‍ മനസിന്റെ കടിഞ്ഞാണ്‍ തന്നെ കൈവിട്ടു പോവുകയാണ്. ഇത്തരമൊരവസ്ഥയില്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് കഴിയുന്ന അനേകം പേര്‍ നമ്മുടെയിടയിലുണ്ട്. എപ്പോള്‍ വേണമെങ്കിലും താളം തെറ്റിയേക്കാവുന്ന മനസിനും മാനസികാവസ്ഥയ്ക്കും വേണ്ടി നമ്മള്‍ ഇനിയും പ്രവര്‍ത്തിച്ചില്ലെങ്കില്‍ 2030തോടെ വിഷാദ രോഗം അഥവാ മാനസിക താളം തെറ്റല്‍ ഒരു ആഗോള പ്രശ്‌നമായി മാറിയേക്കുമെന്ന് ലോകാരോഗ്യ സംഘടന തന്നെ ചൂണ്ടിക്കാണിക്കുന്നു. ലോക മാനസികാരോഗ്യ ദിനമായ ഇന്ന് താളം തെറ്റുന്ന മനസിന്റെ കാരണങ്ങളിലേയ്ക്ക് ഒന്നു കണ്ണോടിച്ചാല്‍ അതിനുളള സാഹചര്യങ്ങളില്‍ നിന്ന് നമ്മുടെ ചുറ്റുപാടുമുളള ആര്‍ക്കെങ്കിലും വിമുക്തി നല്‍കാന്‍ നമുക്ക് സാധിച്ചേയ്ക്കും. മാനസിക സമ്മര്‍ദ്ദം മൂലം ഇന്ന് പെരുകുന്ന ആത്മഹത്യകള്‍ തന്നെ നമുക്കൊന്നു കണക്കിലെടുക്കാം. പറഞ്ഞു തീര്‍ക്കാന്‍ കഴിയുന്ന അല്ലെങ്കില്‍ സ്വന്തമായി ഒരല്‍പ നിമിഷം ചിന്തിച്ചാല്‍ ഒഴിവാക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളാണ് പലപ്പോഴും ആത്മഹത്യയെന്ന ദുരന്തമായി മാറുന്നത്. മെന്റല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്റെ കണക്കുകള്‍ പ്രകാരം അഞ്ചിലൊരു കുട്ടിക്ക് (കൗമാരക്കാരില്‍) മാനസികാരോഗ്യത്തിലുളള പ്രശ്‌നം കണ്ടു വരുന്നു. ഇക്കാരണത്താല്‍ തന്നെ ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനത്തില്‍ സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് എന്ന ആശയമാണ് ലോകാരോഗ്യ സംഘടന തന്നെ മുന്നോട്ട് വയ്ക്കുന്നത്. അതെ, ശരീരത്തിനേല്‍ക്കുന്ന മുറിവിനേക്കാള്‍ ഭയാനകമാണ് മനസിനുണ്ടാകുന്ന മുറിവുകള്‍ ചെരുതാണെങ്കില്‍ പോലും അത് പലപ്പോഴും നമ്മുടെ ജീവിതത്തെയും ജീവിത സാഹചര്യങ്ങളെയും തകിടം മറിച്ചേക്കാം. അങ്ങനെയുളള നമ്മുടെ മനസിനും വേണം കൃത്യമായ ഒരു പരിചരണം. ബാഹ്യമായേല്‍ക്കുന്ന മുറിവുകള്‍ പലപ്പോഴും കൃത്യമായ പരിചരണത്തിലൂടെ നാം സുഖപ്പെടുത്തുമ്പോള്‍ ആന്തരികമായ മനസിന്റെ മുറിവുകള്‍ കാലങ്ങളോളം ഉണങ്ങാതെ യൗതൊരു പരിചരണവും ലഭിക്കാതെ ജീവിതത്തിന്റെ ദുര്‍ഘടമായ അവസ്ഥയിലേയ്ക്ക് നമ്മെ കൊണ്ടെത്തിക്കുന്നു. അവിടെയാണ് സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡിന്റെ പ്രധാന്യം വിരല്‍ ചൂണ്ടുന്നത്. അങ്ങനെയെങ്കില്‍ താഴെ പറയുന്ന പത്ത്  വഴികളിലൂടെ പരിചരിക്കാം അല്ലെങ്കില്‍ സ്വാന്തനപ്പെടുത്താം നമ്മുടെ മനസിനെ, സഹമനസിനെ.

1. മനസിലെ വികാരങ്ങള്‍ നമുക്ക് ഏറെയടുപ്പമുളളവരുമായി പങ്കു വയ്ക്കാം.
2.ദിവസേനെയുളള വ്യായാമത്തിലൂടെ നമ്മുടെ ശരീരത്തിന് ഊര്‍ജം നല്‍കി കൃത്യമായി പരിചരിക്കാം.
3.നല്ല ഭക്ഷണ ശീലങ്ങള്‍ സ്വായത്തമാക്കാം.
4.ഇടതടവില്ലാത്ത ശുദ്ധമായ ജലം കുടിക്കുന്നത്  മാനസിക സമ്മര്‍ദ്ദം തന്നെ ഇല്ലാതാക്കുന്നു.
5.സ്‌നേഹിതരുമായും നമ്മെ മനസിലാക്കുന്നവരുമായും എപ്പോഴും ആരോഗ്യപരമായ സൗഹൃദം സൂക്ഷിക്കുക.
6.മാനസികമായി ഏതെങ്കിലും തരത്തില്‍ സമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ അത് ഒറ്റയ്ക്ക് പരിഹരിക്കാന്‍ നില്‍ക്കാതെ കൂടെയുളളവരുടെ സഹായം തേടുക.
7.സമ്മര്‍ദ്ദമേറുന്ന ജോലിക്ക് കൃത്യമായ ഇടവേളകളെടുക്കുക.
8.നിങ്ങള്‍ മികച്ചതെന്നു ഉറപ്പുളള മേഖലകളില്‍ കൂടുതല്‍ മികവ് തെളിയിക്കാന്‍ ശ്രമിക്കുക.
9.നാം ആരാണെന്ന കൃത്യമായ ഒരവബോധം നമുക്കുണ്ടാവുന്നത് അത്യന്താപേക്ഷിതമാണ്.
10. കൂടെയുളള നമ്മുടെ പ്രിയപ്പെട്ടവരെ കരുതുക.