തനിക്കെതിരായ ആരോപണങ്ങൾ ഉന്നയിക്കുന്നവർ പോലും വിശ്വസിക്കുന്നില്ല : മേഴ്സിക്കുട്ടിയമ്മ

#

കൊല്ലം: ബന്ധുനിയമനം എന്ന പേരിൽ തനിക്കെതിരേയുണ്ടായ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. പ്രവർത്തനമികവിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണ് തന്റെ വകുപ്പിൽ ഉദ്യോഗസ്ഥരെ നിയമിച്ചതെന്ന് മന്ത്രി ലെഫ്റ്റ്ക്ലിക്ന്യൂസിനോട് പറഞ്ഞു. പ്രധാനപ്പെട്ട ഒരു പത്രത്തിന്റെ ഓൺലൈൻ എഡിഷനിൽ ഇങ്ങനെ ഒരു ആരോപണം വന്നു എന്നറിഞ്ഞപ്പോൾ തന്നെ നിയമനടപടി സ്വീകരിക്കുമെന്ന കാര്യം താൻ വ്യക്തമാക്കിയിരുന്നു. 10 മിനുട്ടിനുള്ളിൽ അവർ വാർത്ത പിൻവലിക്കുകയായിരുന്നുവെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഉത്തരവാദപ്പെട്ട ഒരു മാധ്യമം ആരോപണം ഉന്നയിച്ചതുകൊണ്ടാണ് നിയമനടപടിക്ക് ഒരുങ്ങിയത്. ആരോപണം ഉന്നയിച്ചവർ തന്നെ അത് പിൻവലിച്ചതിനാൽ നിയമനടപടി ആവശ്യമായി വന്നില്ല. തെരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റതിന്റെ നിരാശയിൽ ചില കോൺഗ്രസ് നേതാക്കൾ നടത്തുന്ന ആരോപണങ്ങൾക്ക് ഒരു വിലയും കല്പിക്കുന്നില്ല. എങ്ങനെയും വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ ശ്രമിക്കുന്ന അത്തരക്കാരുടെ ആക്ഷേപങ്ങൾക്ക് മറുപടി പറഞ്ഞ് സമയം കളയാൻ താൻ തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു.