വിവേചനം മടുത്തു ; വിജയദശമി ദിനത്തിൽ ഗുജറാത്തിൽ ദളിതർ ബുദ്ധമതം സ്വീകരിച്ചു

#

അഹമ്മദാബാദ് : ദളിതർക്കെതിരെ തുടരുന്ന അതിക്രമങ്ങളിലും വിവേചനത്തിലും പ്രതിഷേധിച്ച് വിജയദശമി ദിനത്തിൽ 200 ലധികം ദളിതർ ബുദ്ധമതം സ്വീകരിച്ചു. ഉനയിൽ ദളിത് യുവാക്കളെ മർദ്ദിച്ച സംഭവമാണ് തങ്ങളുടെ തീരുമാനത്തിന് പിന്നിലെന്ന് മതംമാറിയവരിൽ പലരും പറയുന്നു. ഗാന്ധിനഗർ ജില്ലയിലെ കലോൽ, അഹമ്മദാബാദ് നഗരത്തിലെ ദാനിലിംഡ, സുരേന്ദ്രനഗർ ജില്ലയിലെ വാധ്വാൻ എന്നിവിടങ്ങളിലായി നടന്ന ചടങ്ങിലാണ് ഇവർ ബുദ്ധമതം സ്വീകരിച്ചത്. ഹിന്ദു മതത്തിലെ അന്ധവിശ്വാസങ്ങൾ, അസമത്വം, ജാതി വേർതിരിവ് എന്നിവയും ബി.ആർ.അംബേദ്കറുടെ ആശയങ്ങളുമാണ് ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് മതം വിട്ടവർ വ്യക്തമാക്കി.

കഴിഞ്ഞ ആറുമാസമായി ഞങ്ങൾ ബുദ്ധമത്തിൽ ചേരുന്നതിനെ കുറിച്ച് ചിന്തിക്കുന്നു. ഉന സംഭവത്തോടെ ഞങ്ങളുടെ സംശയങ്ങൾ എല്ലാം അവസാനിച്ചു. ബുദ്ധമതം സ്വീകരിച്ച സംഗീത പർമാർ എന്ന 26 കാരി പറയുന്നു. കേന്ദ്ര സർക്കാർ ജീവനക്കാരനായ ഭർത്താവ് ശശികാന്തിനൊപ്പമാണ് സംഗീത ബുദ്ധമതം സ്വീകരിച്ചത്. ആറു മാസത്തിന് മുൻപ് ഞങ്ങളുടെ ഒരു സുഹൃത്ത് ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുക്കാൻ ശ്രമിച്ചപ്പോൾ ഞങ്ങളുടെ ജാതിയിൽ പെട്ടവർക്ക് വീട് നൽകില്ലെന്നാണ് പറഞ്ഞത്. ഉന സംഭവം കൂടിയായപ്പോൾ ഞങ്ങൾ തീരുമാനം ഉറപ്പിക്കുകയായിരുന്നു. ശശികാന്ത് പറയുന്നു. പശുത്തോൽ എടുക്കുന്ന തൊഴിൽ ചെയ്യുകയായിരുന്ന ദളിത് യുവാക്കളെ ഗോ സംരക്ഷകർ മർദ്ദിച്ചതിനെ തുടർന്ന് ഉണ്ടായ ദളിത് പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്തിരുന്നു.