ദളിത് സംവരണം അൻപത് ശതമാനമാക്കാൻ കർണ്ണാടക

#

ബെംഗളൂരു : കർണ്ണാടകയിൽ തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ എസ്.എസി-എസ്.ടി വിഭാഗങ്ങള്‍ക്കുള്ള സംവരണം 50 ശതമാനമാനത്തിലധികമാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബംഗലൂരുവില്‍ വാല്‍മീകി ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കർണ്ണാടക മുഖ്യമന്ത്രിയുടെ വിപ്ലവകരമായ പ്രഖ്യാപനം.നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും, 2016-17 കാലഘട്ടത്തിലെ ജനസംഖ്യാ കണക്കുകള്‍ പ്രകാരം എസ്.എസി-എസ്.ടി വിഭാഗങ്ങള്‍ക്കായി 19,542 കോടിരൂപ അനുവദിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസവും അധികാരത്തിലും പുരോഗതിയിലും തുല്യ പങ്കാളിത്തവും ലഭിക്കുമ്പോൾ മാത്രമേ സമഗ്രമായ വികസനം സാധ്യമാകൂ എന്ന് സിദ്ധരാമയ്യ പറഞ്ഞു. ബുദ്ധന്‍, ബസവണ്ണ, അംബേദ്ക്കര്‍,വാല്‍മീകി എന്നിവരെല്ലാം ഏതെങ്കിലും സമുദായത്തിന്റെ മാത്രമായി ചുരുക്കരുതെന്നും ആഗോള പൗരന്മാരാണ് അവരെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ജാതിവ്യവസ്ഥ സമൂഹത്തിൽ ആഴത്തിൽ വേരുള്ളതാണെന്നും ഇതിനെതിരെ സാമൂഹികപരവും രാഷ്ട്രീയപരവുമായ അവബോധം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. വാൽമീകി സമുദായത്തിന് നിരവധി വികസന പദ്ധതികളും ബെംഗളൂരു നഗരപ്രാന്തത്തിൽ വാൽമീകി പഠന ഗവേഷണ കേന്ദ്രം തുടങ്ങാൻ പത്ത് ഏക്കർ ഭൂമി അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.