ഇനി കുറച്ച് മല്ലിയില കാര്യം

#

മല്ലിയിലയ്‌ക്കെന്താ വീടുകളില്‍ കാര്യം? ചോദ്യം കേട്ട് ഞെട്ടണ്ട. അടുക്കളപ്പുറങ്ങളിലെ രുചിയുടെയും മണത്തിന്റെയും ബ്രാന്‍ഡ് അംബാസിഡര്‍മാരായ മല്ലിയിലകള്‍ക്ക് വീടുകളില്‍ ഒരുപാട് പ്രാധാന്യമുണ്ട്. വിറ്റാമിന്‍ സിയുടെയും ഇരുമ്പിന്റെയും കലവറയായ മല്ലിയിലയില്‍ ആന്റി ഓക്‌സിഡന്റുകളും ഏറെ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും വിളര്‍ച്ച തടയുകയും മല്ലിയിലയിലെ ആന്റി ഓക്‌സിഡന്റ് ശേഖരം ചര്‍മ്മത്തിന് കവചമാവുകയും ചെയ്യുന്നു. കൊളസ്‌ട്രോളുകാരുടെ പേടി സ്വപ്നമായ എല്‍.ഡി.എല്‍ അഥവാ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മല്ലിയിലയുടെ ഉപയോഗം ഏറെ സഹായകമാവുന്നു. ഇതിലൂടെ അമിത വണ്ണം കുറയ്ക്കാനും കഴിയുന്നു. ആമാശയാരോഗ്യത്തിനും ഉത്തമമാണ് നമ്മുടെ ഈ തളിരില. ദഹന പ്രക്രിയയ്ക്ക് ഏറെ സഹായം ചെയ്യുന്നതിനാല്‍ ആമാശയത്തിന്റെ ഉത്തമ സുഹൃത്തായി മല്ലിയില മാറുന്നു. ശരീരത്തിനുളളില്‍ അടിഞ്ഞു കൂടുന്ന അനാവശ്യ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ഡീറ്റോക്‌സ് ഡയറ്റ് കൂടിയാകുന്ന മല്ലിയില. കീമോതെറാപ്പികള്‍ക്ക് വിധേയമാകുന്നവരില്‍ രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മല്ലിയിലയുടെ ഉപയോഗം സഹായകമാവുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ധാതുക്കളുടെ കലവറയായ മല്ലിയിലയുടെ ഉപയോഗം നമ്മെ സഹായിക്കുന്നു. അതായത് മണവും രുചിയും മാത്രമല്ല, നമ്മുടെ ആരോഗ്യത്തിന് നല്ല ഒരു ആരോഗ്യ കവചം കൂടിയാണ് മല്ലിയില.