മരിച്ച ആദിവാസി കുട്ടികൾ നിങ്ങൾക്ക് നാലെണ്ണം മാത്രമോ? മന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിഷേധം

#

തിരുവനന്തപുരം : ആദിവാസികൾക്കെതിരായ മന്ത്രി എ.കെ ബാലന്റെ പരാമർശത്തിൽ പ്രതിഷേധം ശക്തമാവുന്നു. ഇന്നലെ നിയമസഭയിൽ ചോദ്യോത്തരവേളയിലാണ് അട്ടപ്പാടിയിലെ ശിശുമരണങ്ങൾ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രിയുടെ വിവാദ പരാമർശം. മണ്ണാർക്കാട് നിന്നുള്ള എം.എൽ.എ അഡ്വ.എൻ ഷംസുദീന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് നിങ്ങളുടെ കാലത്തെ ഗർഭത്തിന് ഞാൻ ഉത്തരവാദിയല്ലെന്ന് മന്ത്രി പറഞ്ഞത്. ആദിവാസി കുട്ടികൾ മരണപ്പെട്ടതിന്റെ ഉത്തരവാദിത്വം തങ്ങൾക്കില്ലെന്ന് സ്ഥാപിക്കാൻ മന്ത്രി നടത്തിയ പരാമർശം രൂക്ഷ വിമർശനങ്ങളാണ് ക്ഷണിച്ച് വരുത്തിയിരിക്കുന്നത്. നാല് ആദിവാസി കുട്ടികൾ മരിച്ച സംഭവത്തെക്കുറിച്ച് മന്ത്രിയുടെ പ്രതികരണം ഇങ്ങനെ.

നേരത്തെ ബഹുമാനപ്പെട്ട മെംബര്‍ പറഞ്ഞതുപ്രകാരം നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്, അതു പോഷകാഹാരത്തിന്റെ കുറവുകൊണ്ട് മരണപ്പെട്ടതേയല്ലാ. ഒരെണ്ണം  അബോർഷനാണ്. അബോർഷനാണെന്ന് പറയുമ്പോൾ നിങ്ങളുടെ കാലത്ത് പ്രെഗ്നന്റായതാണ്, ഇപ്പോഴാണ് ഡെലിവറി ആയത് അതിന് ഞാൻ ഉത്തരവാദിയല്ല, രണ്ട് വാൽവിന്റെ തകരാറാണ് അതും നിങ്ങളുടെ കാലത്താണ്, ഇപ്പോഴാണ് പ്രസവിച്ചത്.

മരിച്ച ആദിവാസി കുട്ടികളെ നാലെണ്ണം മരണപ്പെട്ടിട്ടുണ്ടെന്ന് വിശേഷിപ്പിച്ചതും, ആ ഗർഭത്തിന് ഞാൻ ഉത്തരവാദിയല്ലെന്ന പരാമർശവുമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിമർശിക്കപ്പെടുന്നത്. മന്ത്രിയുടെ പരാമർശവും അത് കേട്ട് ആസ്വദിച്ച് ചിരിക്കുന്ന നിയമസഭാംഗങ്ങളും ആദിവാസികളോടുള്ള പൊതുബോധത്തിന്റെ പ്രതിഫലനമാണെന്നാണ് പലരും വിലയിരുത്തുന്നത്. പട്ടികജാതി പട്ടികവർഗ്ഗ വകുപ്പും സാംസ്‌കാരിക വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഈ പ്രസ്താവനകൾ പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറാവണമെന്നാണ് ഉയരുന്ന അഭിപ്രായം. ഭരണപ്രതിപക്ഷങ്ങൾക്ക് അങ്ങോട്ടുമിങ്ങോട്ടും തലയിൽ വെച്ച് രസിക്കാനുള്ളതല്ല ആദിവാസി സ്ത്രീകളുടെ ഗർഭധാരണത്തിനുള്ള അവകാശമെന്നും പലരും അഭിപ്രായപ്പെടുന്നു. ഈ സർക്കാരിന് ആദിവാസി കുട്ടികൾ വെറും തമാശയും നാലെണ്ണം എന്ന് പറയാൻ വെറും എണ്ണം മാത്രമാണോയെന്നും മനുഷ്യാവകാശ പ്രവർത്തകർ ചോദിക്കുന്നു.