സൗദിയില്‍ ചെലവ് ചുരുക്കല്‍ നടപടി, ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു

#

റിയാദ് : സൗദി സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധി മുന്നില്‍ക്കണ്ടു കൊണ്ടാണ് സൗദി ഭരണകൂടത്തിന്റെ നടപടി. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തിലാണ് സല്‍മാന്‍ രാജാവ് ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചത്. ഒക്‌ടോബര്‍ രണ്ടിന് ആരംഭിക്കുന്ന അടുത്ത ഹിജ്‌റ വര്‍ഷം മുതല്‍ ആര്‍ക്കും ശമ്പള വര്‍ധനവുണ്ടാകില്ല. സാധാരണ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കുറയ്ക്കില്ലെങ്കിലും ബോണസ് ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ നിര്‍ത്തി വയ്ക്കും. ഇത് കൂടാതെ അവധിക്കാലത്ത് ജീവനക്കാര്‍ക്കുളള ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സും ഇനി മുതല്‍ ലഭിക്കില്ല. വര്‍ഷം തോറുമുളള അവധി എടുക്കാത്ത പക്ഷം പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി നഷ്ടമാകും. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി സൗദി യുവരാജാവും ആഭ്യന്തര മന്ത്രിയും കൂടിയായ മുഹമ്മദ് ബിന്‍ നയീഫ്, പ്രതിരോധ മന്ത്ര മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുടെ ശമ്പളവും 20 ശതമാനത്തോളം കുറച്ചിട്ടുണ്ട്. മന്ത്രിമാരുടെ വാര്‍ഷിക അവധി 42 ദിവസത്തില്‍ നിന്ന് 36 ദിവസമാക്കിയും കുറച്ചിട്ടുണ്ട്. കൂടാതെ സ്വകാര്യ ആവശ്യങ്ങള്‍ക്കുളള മന്ത്രിമാരുടെ ഫോണ്‍ വിളികളുടെ ബില്ലും മന്ത്രിമാര്‍ സ്വന്തമായി നല്‍കേണ്ടി വരും. സൗദി ഉള്‍പ്പെടെ എല്ലാ രാജ്യക്കാരായവര്‍ക്കും പുതിയ നിയമങ്ങള്‍ ബാധകമായിരിക്കും. ഓവര്‍ ടൈം അലവന്‍സിലും കുറവ് വരുത്തിയിട്ടുണ്ട്.