രാഹുൽ വീണ്ടും കസ്റ്റഡിയിൽ

#

ന്യൂഡൽഹി : ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിമുക്തഭടൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ടു ദിവസത്തിനുള്ളിൽ മൂന്നാമത്തെ തവണയാണ് രാഹുലിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ജന്തർമന്ദിറിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പോലീസ് ജീപ്പിനുള്ളിൽ കയറ്റി സംഭവസ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു. ജീപ്പിൽ നിന്ന് പുറത്തിറങ്ങാൻ വിസമ്മതിച്ച രാഹുൽ, തന്നെ അറസ്റ്റ് ചെയ്യാൻ തയ്യാറാകണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ കുടുംബാംഗങ്ങളെ പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴയ്ക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തതു വഴി രാജ്യത്തെ സംരക്ഷിക്കാൻ കഷ്ടപ്പെടുന്ന സൈനികരെ സർക്കാർ അപമാനിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വിമുക്തഭടന്റെ കുടുംബത്തോട് സർക്കാർ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.