ദമ്മാം അഭയകേന്ദ്രത്തിൽ നിന്നും മൂന്നു സ്ത്രീകൾ നാട്ടിലേയ്ക്ക് മടങ്ങി

#

ദമ്മാം: രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്നു വീട്ടുജോലിക്കാരികൾ, നവയുഗം സാംസ്കാരിക വേദിയുടെയും, ഇന്ത്യൻ എംബസിയുടെയും സഹായത്തോടെ, നിയമനടപടികൾ പൂർത്തിയാക്കി, ദമ്മാം അഭയകേന്ദ്രത്തിൽ നിന്നും നാട്ടിലേയ്ക്ക് മടങ്ങി. കോട്ടയം സ്വദേശിനി ഷീബ, ചെങ്ങന്നൂർ സ്വദേശിനി ചന്ദ്രമുഖി, ആന്ധ്രാപ്രദേശ് കടപ്പ സ്വദേശിനി മംഗ എന്നിവരാണ് ഏറെക്കാലത്തെ അഭയകേന്ദ്രത്തിലെ വാസം അവസാനിപ്പിച്ച് സ്വദേശത്തേയ്ക്ക് മടങ്ങിയത്.

ഷീബ ഒന്നരവർഷം മുൻപാണ് ദമ്മാമിലെ ഒരു വീട്ടിൽ ജോലിയ്ക്കായി എത്തിയത്. രാപകൽ വിശ്രമമില്ലാത്ത  ജോലിയും മോശം ജീവിതസാഹചര്യങ്ങളുമായിരുന്നെങ്കിലും, ശമ്പളം കൃത്യമായി കിട്ടിയിരുന്നു. എന്നാൽ നാലുമാസങ്ങൾക്ക് മുൻപ് കിഡ്നിയുടെ അസുഖം വന്നത് കാരണം അവരുടെ ആരോഗ്യം ക്ഷയിയ്ക്കുകയും ഒരു കൈ തളരുകയും ചെയ്തപ്പോൾ, പഴയ പോലെ ജോലി ചെയ്യാൻ കഴിയാതെയായി. തുടർന്ന് സ്പോൺസർ അവരെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ട് പോയി ഉപേക്ഷിയ്ക്കുകയായിരുന്നു. അഭയകേന്ദ്രം അധികാരികൾ അറിയിച്ചത് അനുസരിച്ച് അവിടെയെത്തിയ നവയുഗം ജീവകാരുണ്യ പ്രവർത്തക മഞ്ജു മണിക്കുട്ടൻ, ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ ഷീബയ്ക്ക് യാത്രരേഖകൾ സംഘടിപ്പിച്ചു നൽകി.

ചന്ദ്രമുഖി എട്ടു മാസങ്ങൾക്ക് മുൻപാണ് ദമാമിലെ ഒരു സൗദി പൗരന്റെ വീട്ടിൽ ജോലിയ്‌ക്കെത്തിയത്. എന്നാൽ ആറുമാസം ജോലി ചെയ്തിട്ടും ശമ്പളമൊന്നും കിട്ടിയില്ല. എതിർത്തപ്പോൾ ദേഹോപദ്രവം ഏൽപ്പിയ്ക്കാൻ തുടങ്ങി. സഹികെട്ട് ഒരു ദിവസം ആരുമറിയാതെ ആ വീട്ടിൽ നിന്നും പുറത്തുകടന്ന ചന്ദ്രമതിയെ, വഴിയിൽ കണ്ട പോലീസുകാർ, ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ട് ചെന്നാക്കി. ഈ കേസിൽ ഇടപെട്ട മഞ്ജു മണിക്കുട്ടനും നവയുഗം ജീവകാരുണ്യപ്രവർത്തകരും നടത്തിയ അന്വേഷണത്തിൽ ചന്ദ്രമതിയെ സ്പോൺസർ ഹുറൂബിലാക്കിയതായി മനസ്സിലായി. തുടർന്ന് ഇന്ത്യൻ എംബസ്സി വഴി ഔട്ട്പാസ്സ് സംഘടിപ്പിച്ചു, തർഹീൽ വഴി എക്സിറ്റ് അടിച്ചു വാങ്ങി. നവയുഗത്തിന്റെ അഭ്യർത്ഥന മാനിച്ച് ആൽഫാകമ്പനി ഉടമയും സാമൂഹ്യപ്രവർത്തകനുമായ വിത്സൺ ഷാജി ചന്ദ്രമുഖിയ്ക്ക് വിമാനടിക്കറ്റ് നൽകി.

കടപ്പ സ്വദേശിനിയായ മംഗ മൂന്നര വർഷങ്ങൾക്കു മുൻപാണ് സൗദിയിൽ എത്തിയത്. ആദ്യസ്പോൺസറിന്റെ വീട്ടിൽ ജോലി ചെയ്ത അവർക്ക് വളരെ കഷ്ടപ്പാടുകൾ സഹിയ്ക്കേണ്ടി വന്നു. ശമ്പളവും കിട്ടാതെയായപ്പോൾ ആ വീട്ടിൽ നിന്നും പുറത്തു കടന്ന്, ചില സുഹൃത്തുക്കളുടെ സഹായം തേടി. സുഹൃത്തുക്കൾ മറ്റൊരു സൗദിയുടെ വീട്ടിൽ  മംഗയെ ജോലിയ്ക്ക് കൊണ്ടാക്കി. ആ വീട്ടുകാർ നല്ലവരായിരുന്നു. മൂന്നു വർഷം ആ വീട്ടിൽ കുഴപ്പങ്ങളൊന്നുമില്ലാതെ മംഗ ജോലി ചെയ്തു. ജോലി അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് തിരികെ പോകാൻ അവർ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ആ വീട്ടുകാർ അവരെ അഭയകേന്ദ്രത്തിൽ കൊണ്ടു ചെന്നാക്കി. തുടർന്ന് അവരുടെ അഭ്യർത്ഥന മാനിച്ച്, മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സി വഴി മംഗയ്ക്ക് ഔട്ട്പാസ്സ് സംഘടിപ്പിച്ചു നൽകി, തർഹീൽ വഴി എക്സിറ്റ് നടപടികൾ പൂർത്തിയാക്കി.

തങ്ങളെ സഹായിച്ച തർഹീൽ അധികാരികൾക്കും, നവയുഗത്തിനും, ഇന്ത്യൻ എംബസിയ്ക്കും നന്ദി പറഞ്ഞ് മൂന്നു പേരും നാട്ടിലേയ്ക്ക് മടങ്ങി.