ബി.എസ്.എൻ.എൽ ഇടപാടിൽ 300 കോടിയുടെ അഴിമതി

#

ദേശീയ ഇന്റർനെറ്റ് അടിത്തറ ശക്തമാക്കുന്നതിന് വേണ്ടിയെന്ന പേരിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ) അമേരിക്കൻ ബഹുരാഷ്ട്രക്കുത്തക സിസ്‌കോയുമായി നടത്തിയ ഇടപാടിൽ സർക്കാരിന് 300 കോടി രൂപ നഷ്ടപ്പെട്ടു. സിസ്‌കോയ്ക്ക് നൽകിയ പർച്ചേസ് ഓർഡറിലെ പണത്തിന്റെ സിംഹഭാഗവും രണ്ടു കമ്പനികളിലെയും ഉന്നത ഉദ്യോഗസ്ഥർ കൈക്കലാക്കുകയായിരുന്നു. പൊതുമേഖലാ വ്യവസായങ്ങൾ, പ്രത്യേകിച്ച് ബി.എസ്.എൻ.എല്ലിന്റെ ഇന്റർനെറ്റ് ശേഷി ശക്തിപ്പെടുത്തുന്നതിനുവേണ്ടി 2015 ലാണ് രണ്ടു കമ്പനികളും തമ്മിലുള്ള സഹകരണം ആരംഭിക്കുന്നത്. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ അറിവായിട്ടും ഗവണ്മെന്റ് തലത്തിൽ ഒരു അന്വേഷണവും ആരംഭിച്ചിട്ടില്ല.

ഡിസംബറിലാണ് ബി.എസ്.എൻ.എൽ, പ്രെസ്റ്റോ ഇൻഫോ സൊല്യൂഷൻസ് എന്ന കമ്പനിക്ക് 95 കോടിയുടെ പർച്ചേസ് ഓർഡർ നൽകിയത്. എച്ച്.സി.എൽ, വിപ്രോ, ഡൈമൻഷൻ ഡാറ്റ, ഐ.ബി.എം തുടങ്ങിയ പ്രമുഖ കമ്പനികളെയൊന്നും പരിഗണിക്കാതെ ടെൻഡർ വിളിക്കാതെ പ്രെസ്റ്റോ ഇൻഫോ സൊല്യൂഷൻസ് എന്ന കമ്പനിയെ തെരഞ്ഞെടുക്കുകയായിരുന്നു. ടെൻഡറുകൾ ഇല്ലാതെ പർച്ചേസ് ഓർഡറുകൾ നല്കരുതെന്ന കേന്ദ്ര വിജിലൻസ് കമ്മീഷണറുടെ ഉത്തരവ് ലംഘിച്ചുകൊണ്ടായിരുന്നു ഈ നടപടി. സിംഗപ്പൂരിലുള്ള ഇൻഗ്രാം മൈക്രോയ്ക്ക് 50 കോടിയുടെ പർച്ചേസ് ഓർഡർ നൽകുകയാണ് പ്രെസ്റ്റോ ഇൻഫോ സൊല്യൂഷൻസ് ചെയ്തത്. ശുദ്ധമായ ഔട്സോഴ്സിംഗ്‌. അതായത് ഒന്നും ചെയ്യാതെ ഒറ്റയടിക്ക് 45 കോടി രൂപ പ്രെസ്റ്റോ ഇൻഫോ സൊല്യൂഷൻസ് സ്വന്തമാക്കി. ഈ മാതൃകയിലായിരുന്നു മറ്റു ഇടപാടുകളും.

ഉയർന്ന വിലയ്ക്ക് വാങ്ങിയ പല ഉപകരണങ്ങളും ഉപയോഗശൂന്യമായവ ആയിരുന്നു. അടിയന്തരമായി വാങ്ങേണ്ട ആവശ്യമുണ്ടെന്ന് പറഞ്ഞു വാങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കാതെ കെട്ടിക്കിടക്കുകയാണ്. അടിയന്തരാവശ്യം എന്നത് വെറും തട്ടിപ്പായിരുന്നു എന്ന് വ്യക്തം. കരസേനയ്ക്കും നാവികസേനയ്ക്കും ഇന്റർനെറ്റ് സൗകര്യം ഒരുക്കാൻ ചുമതലപ്പെട്ട ബി.എസ്.എൻ.എൽ, സിസ്‌കോയ്ക്കാണ് എല്ലാ ഓർഡറുകളും നൽകിയത്. മൊത്തത്തിൽ 300 കോടി രൂപയുടെ നഷ്ടം ബി.എസ്.എൻ.എല്ലിനുണ്ടായതാണ് കണക്കുകൾ. പ്രധാനമന്ത്രി മോദിയുടെ അച്ഛേദിൻ രണ്ടു വർഷം പിന്നിടുമ്പോഴാണ് രാജ്യത്തെ വലിയ പൊതുമേഖലാ സ്ഥാപനത്തിന് വൻ നഷ്ടം വരുത്തിയ ഇടപാടിന്റെ വിവരം പുറത്തുവരുന്നത്.