ഒമാനില്‍ തൊഴില്‍ വിസ ഫീസ് ഉയര്‍ത്തി

#

മസ്‌കറ്റ് : തൊഴില്‍ വിസ ഫീസ് നിരക്കില്‍ ഒമാനില്‍ നൂറ് റിയാലിന്റെ വര്‍ധനവ്. ട്വിറ്ററിലൂടെയാണ് മാനവവിഭവ ശേഷി മന്ത്രാലയം ഫീസ് കൂട്ടിയ വിവരം അറിയിച്ചത്. ഗസറ്റില്‍ പുതുക്കിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതോടെ പുതിയ ചട്ടം പ്രാബല്യത്തില്‍ വരും. 201 റിയാലില്‍ നിന്ന് 301 റിയാലായി അമ്പത് ശതമാനമാണ് ഫീസ് വര്‍ധിപ്പിച്ചത്. സ്‌പോണ്‍സര്‍മാരെ മാറ്റുക, വര്‍ക്കര്‍ സ്റ്റാറ്റസിനെ കുറിച്ച് വിവരങ്ങള്‍ അറിയുക എന്നീ സേവനങ്ങള്‍ക്ക് അഞ്ച് റിയാല്‍ വീതം ഈടാക്കുന്നതോടൊപ്പം വീട്ടു ജോലിക്കാര്‍, കാര്‍ഷിക മേഖലയിലെ തൊഴിലാളികള്‍ ഒട്ടകങ്ങളെ മേയ്ക്കുന്നവര്‍ എന്നിവരുടെ വിസ നിരക്കിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇത് കൂടാതെ മൂന്ന് വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ഇനിമുതല്‍ 141 റിയാല്‍ അടയ്‌ക്കേണ്ടി വരും. നാലാമതൊരാളെ റിക്രൂട്ട് ചെയ്യുന്ന പക്ഷം 241 റിയാല്‍ നല്‍കണം. കൂടാതെ വിസ പുതുക്കാനും ഈ തുക തന്നെ നല്‍കണം. ഒമാന്‍ സര്‍ക്കാരിന്റെ പുതുക്കിയ കണക്കുകള്‍ പ്രകാരം നിലവില്‍ 1,824,282 വിദേശികളായ ജോലിക്കാര്‍ ഒമാനില്‍ ജോലി ചെയ്യുന്നുണ്ട്. വിസ ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ പല ഭാഗങ്ങളില്‍ നിന്നും പ്രതികൂലമായ പ്രതികരണങ്ങളാണുളളത്. പുതിയ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് നിര്‍മ്മാണ തൊഴിലാളി മേഖലയയെയായിരിക്കും എന്നാണ് പൊതുവെയുളള വിലയിരുത്തല്‍. വര്‍ധിപ്പിച്ച വിസ ഫീസ് തങ്ങളുടെ ശമ്പളത്തില്‍ നിന്ന് കമ്പനിയുടമകള്‍ ഈടാക്കുമോയെന്ന ആശങ്കയിലാണ് പല തൊഴിലാളികളും.