ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാമെന്ന് സര്‍ക്കാര്‍

#

ന്യൂഡല്‍ഹി : ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍.  ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാമെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. വിഷയത്തില്‍ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെന്നും ഇക്കാര്യത്തില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം പരിഗണിക്കണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എല്ലാ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന മുന്‍ സത്യവാങ്മൂലത്തില്‍ ഉറച്ചു നിന്ന സര്‍ക്കാര്‍, ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടര്‍ന്നുള്ള രീതിയുമായി തന്നെ മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്ന കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം പരിഗണിക്കെണ്ടന്നാണ് കോടതിയില്‍ വ്യക്തമാക്കിയത്.

എല്ലാ വിഭാഗത്തില്‍പെട്ട സ്ത്രീകള്‍ക്കും സന്നിധാനത്ത് പ്രവേശിക്കാനും പ്രാര്‍ത്ഥിക്കാനും അവകാശമുണ്ടെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ സര്‍ക്കാരിന് ഇതു പോലെ നിലപാട് അടിക്കടി മാറ്റാനാവില്ലെന്നാണ് ദേവസ്വം ബോര്‍ഡ് കോടതിയില്‍ വാദിച്ചത്. കേസിന്റെ അന്തിമവാദം കേള്‍ക്കുമ്പോള്‍ ബോര്‍ഡിന്റെ വാദം പരിഗണിക്കാമെന്ന് വ്യക്തമാക്കിയ കോടതി ശാരീരികമായ സാഹചര്യങ്ങളുടെ പേരില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്താനാകില്ലെന്നും ഭരണഘടനാപരമായി അതിന് സാധുതയില്ലെന്നും ചൂണ്ടിക്കാട്ടി.ക്ഷേത്രം എന്നത് പൊതുസ്വത്താണെന്നും അവിടെ ഒരു വിഭാഗം സ്ത്രീകള്‍ക്ക് മാത്രം വിലക്കേര്‍പ്പെടുത്തുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് ഭരണഘടനാ ബഞ്ചിനു വിടണമെന്ന് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തള്ളിയ സുപ്രീം കോടതി, ഭരണഘടനാപരമായ എന്തെങ്കിലും പ്രശ്‌നങ്ങല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം പരിഗണിക്കാമെന്നാണ് അറിയിച്ചത്. കേസിന്റെ തുടര്‍വാദം അടുത്തവര്‍ഷം ഫെബ്രുവരി 20 നാണ്.