ഏറ്റുമുട്ടുന്നത് ലോകനായക സങ്കല്പത്തിന്റെ രണ്ടു മുഖങ്ങൾ

#

അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ നേരിട്ടുള്ള പ്രചാരണം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ഇതിനകം 41 മില്യണ്‍ വോട്ടര്‍മാര്‍ ഏര്‍ളിവോട്ടിംഗ് സംവിധാനത്തില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് കഴിഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വീറും വാശിയും പ്രകടമായ ഒരു തെരഞ്ഞെടുപ്പാണിത്. അതിന് മുഖ്യാകാരണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ട് ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വവും സാന്നിദ്ധ്യവും പ്രചാരണവഴികളുമാണ്. തുടക്കം മുതല്‍ തന്നെ ഹിലരി ക്ലിന്റണിന് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. പേരും പെരുമയും അനുഭവപാരമ്പര്യവുമുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഹിലാരിക്ക് പറ്റിയ ഒരു എതിരാളിയായി ട്രംപിനെ ആരും കണ്ടിരുന്നില്ല. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍ക്ക് പുറമേ ഹിസ്പാനിക് വംശജകര്‍ക്കിടയിലും കറുത്തവര്‍ഗ്ഗക്കാര്‍ക്കിടയിലും ഒരു സ്ത്രീയെന്ന പരിഗണന ലഭിക്കുന്നതുകൊണ്ടുതന്നെ സ്ത്രീകള്‍ക്കിടയിലും വ്യക്തമായ മുന്‍തൂക്കം നേടിയ ഹിലാരിയെ തെരഞ്ഞെടുപ്പ് ഗണിതത്തിന്റെ വഴികളില്‍ അട്ടിമറിക്കാന്‍ പോന്ന പാങ്ങ് ഒന്നും ട്രംപിന്റെ കൈവശമുണ്ടായിരുന്നില്ല.

അതുകൊണ്ട്തന്നെയാവണം സാഹസികനായ ഒരു ബിസിനസുകാരനായ ട്രംപ് വിദ്വേഷഭാഷണത്തിന്റെ രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്താന്‍ തുനിഞ്ഞത്. മുസ്ലീങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഹിസ്പാനിക് വംശജര്‍ക്കും കറുത്തവര്‍ഗ്ഗക്കാര്‍ക്കുമെതിരേ ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ യാഥാസ്ഥിതികരായ വെള്ളക്കാരെ സന്തുഷ്ടരാക്കി എന്ന് മാത്രമല്ല പരമ്പരാഗത ഡെമോക്രാറ്റിക് പാര്‍ട്ടി വോട്ടര്‍മാരായ വെള്ളക്കാരിലും അനുഭാവികളെ നേടിക്കൊടുത്തു. മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലെത്തുന്നവരെ തടയാന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കും എന്ന് തുടങ്ങി ഫലിതമായി മാത്രം ആസ്വദിക്കാവുന്ന വാഗ്ദാനങ്ങളുയര്‍ത്തിക്കാട്ടാന്‍ ട്രംപ് തയ്യാറായാത് അത് യാഥാസ്ഥിതികരെ ത്യപ്തിപ്പെടുത്തുകയും തന്നിലേക്ക് അടുപ്പിക്കുകയും ചെയ്യും എന്ന് തിരിച്ചറിഞ്ഞതിനാലാണ്.

ഒന്നും നഷ്ടപ്പെടാനില്ലാത്ത ട്രംപിനെ നേരിടുന്ന ഹിലാരിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയത് ഇ-മെയില്‍ വിവാദമാണ്. പ്രചാരണം അവസാനിക്കുന്ന ഈ  അവസാന ഘട്ടത്തില്‍ എഫ്.ബി.ഐ ഹിലാരിക്ലിന്റണിന് നല്‍കിയ ക്ലീന്‍ചിറ്റ് ഇ-മെയില്‍ വിവാദം സൃഷ്ടിച്ച പരിക്കുകളില്‍ നിന്ന് പുറത്തു കടക്കാന്‍ അവരെ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇ-മെയില്‍ വിവാദവും വാള്‍സ്ട്രീറ്റ് ബാങ്കുകളുമായി ഹിലാരിക്കുള്ള ബന്ധവും അവരുടെ  വിശ്വാസ്യതയ്ക്ക് ഏല്‍പ്പിച്ച ആഘാതം ചില്ലറയല്ല.

സര്‍വ്വേഫലങ്ങള്‍ പ്രകാരം പ്രചാരണത്തിന്റെ പലഘട്ടങ്ങളിലും ഹിലാരിക്ക് ഒപ്പമെത്തിയ ട്രംപ് തെരഞ്ഞെടുപ്പ് ഫലപ്രവചന വിദഗ്ദ്ധരെ അമ്പരപ്പിക്കുക തന്നെ ചെയ്യും. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ഈ വേളയില്‍ താന്‍ ഹിലരിക്ക് ഒപ്പമാണെന്ന പ്രതീതി ജനപ്പിക്കാന്‍ ട്രംപിന് കഴിയുന്നുണ്ട്. ഈ ഘട്ടത്തിലും ട്രംപില്‍ നിന്ന് സുരക്ഷിതമായ അകലത്തിലാണ് താന്‍ എന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താന്‍ ഹിലരി കിണഞ്ഞു പരിശ്രമിക്കുന്നതാണ് കാണാനാവുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ പലതിലും വളര്‍ന്നുവന്ന തീവ്ര വലതുപക്ഷനേതാക്കളുടെ വാക്കുകളും ശൈലിയും ശരീരഭാഷയും കടമെടുത്താണ് ഡൊണാള്‍ട് ട്രംപ് പ്രചാരണ വേദികളെ ഇളക്കിമറിച്ചത്. ട്രംപിന്റെ വ്യക്തിത്വവും പ്രചാരണ രീതികളും കടുത്ത ധ്രുവീകരണമാണ് അമേരിക്കന്‍ സമൂഹത്തില്‍ ഉണ്ടാക്കിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ പലര്‍ക്കും ട്രംപിന്റെ രീതികളോട് കടുത്ത എതിര്‍പ്പുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലാരി ക്ലിന്റണിനെതിരേ ഉയര്‍ന്ന ശബ്ദങ്ങള്‍ ട്രംപിന്റെ പ്രചാരണം കൊഴുത്തപ്പോള്‍ നിശബ്ദമായി മാറി.

അമേരിക്കന്‍ രാഷ്ട്രീയമാകത്തന്നെ സഞ്ചാരമാരംഭിച്ചിരിക്കുന്നു എന്നുള്ളതിന്റെ മൂര്‍ത്തമായ ഉദാഹരണമാണ് ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വവും അതിനു ലഭിക്കുന്ന സ്വീകാര്യതയും. അമേരിക്കയുടെ ലോകനായകത്വം ഉറപ്പിച്ചെടുക്കുകയും വര്‍ദ്ധിതമാക്കുകയും ചെയ്യുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ സഹര്‍ഷം സ്വാഗതം ചെയ്യപ്പെടുന്നത് ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്തേണ്ടത്. അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ പ്രത്യക്ഷ തീവ്ര വലതുപക്ഷവത്ക്കരണം അമേരിക്കന്‍ പൗരന്മാര്‍ക്ക് മാത്രമല്ല ലോകത്തിനാകത്തന്നെ ആപത്താണ്. ഈ ആപത്ത് തിരിച്ചറിഞ്ഞതുകൊണ്ടാണ് നോം ചോംസ്‌കിയെപ്പോലുള്ളവര്‍ കുറഞ്ഞ തിന്മ എന്ന പരിഗണന നല്‍കി ഹിലരി ക്ലിന്റണിന് വോട്ടു ചെയ്യണം എന്ന നിലപാട് സ്വീകരിച്ചത്. അമേരിക്കന്‍ പൗരസമൂഹത്തിന് ട്രംപ് നല്‍കുന്ന സംഭാവന വിദ്വേഷവും വംശമേല്‍ക്കോയ്മാ ബോധവും ഹിംസാത്മകതയും ആണെന്ന തിരിച്ചറിവാണ് ചോംസ്‌കിയെപ്പോലുള്ളവരെ ഹിലരിയെ പിന്തുണയ്ക്കാന്‍ പ്രേരിപ്പിച്ചത്.

എന്നാല്‍ ഇതിനു നേര്‍വിപരീതമായ സമീപനമാണ് പ്രമുഖ ഇടതുപക്ഷ ബുദ്ധിജീവിയും ചിന്തകനുമായ സ്ലാവോ സിസെക് സ്വീകരിച്ചത്. അമേരിക്കന്‍ സമൂഹത്തിലെ വൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിക്കുന്നതിനും അതുവഴി ഒരു പുതുരാഷ്ട്രീയ ബോധം ജന്മമെടുക്കുന്നതിനും ട്രംപിന്റെ വിജയം സഹായിക്കും എന്നാണ് സിസെക്കിന്റെ വിലയിരുത്തല്‍. വൈരുദ്ധ്യങ്ങളെ മൂടിവെയ്ക്കാന്‍ മാത്രമേ ഹിലരിയുടെ വിജയം ഉപകരിക്കൂ എന്നദ്ദേഹം വാദിക്കുന്നു. ട്രംപിനുള്ള ധ്രുവീകരണശേഷി ഫലത്തില്‍ ഒരു പുതുരാഷ്ട്രീയത്തിന് തുറസ്സൊരുക്കും എന്നു കരുതുന്ന  സിസെക്കിനെപ്പോലുള്ളവര്‍ ചിന്തയുടെ വിചിത്രമായ ഒരു തലത്തെ പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് കരുതുന്നവരും ഇല്ലാതില്ല.

ഇരുസ്ഥാനാര്‍ത്ഥികളില്‍ ആരു ജയിച്ചാലും അമേരിക്കന്‍ നയങ്ങളില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാക്കാനുള്ള സാധ്യത തുലോം പരിമിതമാണ്. ട്രംപ് അമേരിക്കന്‍ ലോകനായക സങ്കല്പത്തിന്റെ ആക്രമണോത്സുകതയെ പ്രതിനിധീകരിക്കുമ്പോള്‍ ഹിലാരി അതേ ലോകനായക സങ്കല്‍പ്പത്തിന്റെ ഉദാരഭാവങ്ങളെ പ്രതിനിധീകരിക്കുന്നു. ഹിംസാത്മകതയും ഉദാരതയും മാറിമാറി അമ്മാനമാടുന്ന അമേരിക്കന്‍ ദേശീയബോധം അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന ലോകനായക ഭാവത്തിന് ഇവര്‍ ഇരുവരിലാരുടെ നേതൃത്വത്തിലും മാറ്റമൊന്നുമുണ്ടാവില്ല എന്നുള്ളത് അവിതര്‍ക്കിതമാണ്.