അത്യപൂർവ്വ നടപടി ; തൽക്കാലം സമ്പദ്ഘടന നിശ്ചലമാകും : ഡോ.എം.കബീർ

#

500 , 1000 രൂപ കറൻസി നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം ലോകചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ നടപടിയാണ്. സാമ്പത്തികചരിത്രം പഠിക്കുന്ന വിദ്യാർത്ഥികൾ ഇത്തരം ഒരു നടപടിയെക്കുറിച്ച് അധികം കേട്ടിട്ടുണ്ടാകില്ല. ഇങ്ങനെ ഒരു നടപടിയിലൂടെ കള്ളപ്പണം ഇല്ലാതാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കള്ളപ്പണം എന്ന പദത്തിന്റെ നിർവ്വചനം കണക്കിൽ പെടാത്ത പണം എന്നാണ്. കണക്കിൽ പെടാത്ത പണം കറൻസി നോട്ടുകളായി സൂക്ഷിക്കുന്നവരുടെ എണ്ണം നന്നേ കുറവാണ്. പഴയ കാലത്ത് കാരണവന്മാർ തലയണക്കീഴിലും നിലവറകളിലും കാശ് സൂക്ഷിച്ചിരുന്നതുപോലല്ല ഇന്ന് കള്ളപ്പണക്കാർ കണക്കിൽ പെടാത്ത പണം സൂക്ഷിക്കുന്നത്. കള്ളപ്പണത്തിന്റെ നല്ല പങ്ക് സൂക്ഷിക്കുന്നത് വിദേശങ്ങളിലാണ്. നമ്മുടെ നാട്ടിൽ പോലും റിയൽ എസ്റ്റേറ്റ് മേഖലയിലും സ്വർണ്ണത്തിന്റെ രൂപത്തിലുമൊക്കെയാണ് കള്ളപ്പണം നിക്ഷേപിക്കപ്പെടുന്നത്.

നാളെ ബാങ്ക് ഇടപാടുകൾ ഇല്ല. 3-4 ദിവസത്തേക്ക് രാജ്യത്തെ പണ ചംക്രമണം നിലയ്ക്കുകയാണ്. താൽക്കാലികമായി സമ്പദ്ഘടന നിശ്ചലമാകും. താൽക്കാലികമായി സാമ്പത്തിക മേഖലയിലുണ്ടാകുന്ന ആഘാതം എന്താണെന്ന് പ്രവചിക്കാനാകില്ല. ഇത് ഒരു ദിവസം കൊണ്ട് എടുത്ത തീരുമാനം അല്ലെന്ന് ഉറപ്പ്. സാമ്പത്തിക യുദ്ധതന്ത്രം എന്ന നിലയിൽ ഏതെങ്കിലും വിദേശരാജ്യം നമ്മുടെ സമ്പദ്ഘടനയെ തകർക്കുന്ന തരത്തിൽ വൻ തോതിൽ വ്യാജ ഇന്ത്യൻ കറൻസി രാജ്യത്ത് എത്തിച്ചിട്ടുണ്ടാകാൻ സാധ്യതയുണ്ട്. അതാണ് വസ്തുതയെങ്കിൽ അക്കാര്യം രാജ്യത്തോട് തുറന്നു പറയാനുള്ള ആർജ്ജവം ഭരണാധികാരികകൾ കാണിക്കണം. അതിനുള്ള ബാധ്യത അവർക്കുണ്ട്.

സമ്പദ്ഘടനയ്ക്ക് താൽക്കാലികമായ ആഘാതമുണ്ടായാലും അതിൽ നിന്ന് കര കയറി സാമ്പത്തിക പ്രവർത്തനം ശക്തിപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെയാകും എ.ടി.എം കൗണ്ടറുകളിൽ നിന്ന് പിൻവലിക്കാനുള്ള തുകയ്ക്ക് പരിധി നിശ്ചയിച്ചത്. പണം പിൻവലിക്കൽ കുറയുമ്പോൾ ബാങ്കുകളിൽ പണം നിലനിർത്താൻ കഴിയും. കൂടുതൽ വായ്പ നൽകാൻ കഴിയും. പണ വിതരണം ശക്തിപ്പെടുമെന്നും വിലനിലവാരം പിടിച്ചുനിർത്താൻ കഴിയുമെന്നും ഈ തീരുമാനമെടുത്തവർ കണക്കു കൂട്ടുന്നുണ്ടാകും. പണവിതരണം ശക്തിപ്പെടുന്നതോടെ സാമ്പത്തിക പ്രവർത്തനങ്ങൾ സജീവമാകുമെന്നും അതാണ് സാമ്പത്തികവളർച്ചയെ നിർണ്ണയിക്കുന്നതെന്നുമുള്ള മോണിട്ടറിസ്റ്റ്‌ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവരാണ് ഇന്ത്യയിൽ ഇന്ന് സാമ്പത്തിക നയം തീരുമാനിക്കുന്നത്.