വിവാദം നിറച്ച് ട്രംപിന്റെ ഒളിഞ്ഞു നോട്ടം

#

വാഷിംഗ്ടണ്‍ : യു.എസ് പ്രസിഡന്റെ് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപ് മുന്നേറ്റം തുടരുകയാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും ഇന്ന് ട്രംപാണ് താരം. ഇതിനു കാരണമായത് ട്രംപിന്റെ തെരഞ്ഞെടുപ്പ് മുന്നേറ്റമല്ല മറിച്ച് ഒളിഞ്ഞു നോട്ടമാണ്. ഭാര്യയ്‌ക്കൊപ്പം വോട്ടു ചെയ്യാനെത്തിയ ഡൊണാള്‍ഡ് ട്രംപ് തന്റെ ഭാര്യ മെലാനിയ വോട്ട് ചെയ്യുന്നത് എത്തി നോക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ഇതാണ് വിവാദങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കും വഴിയൊരുക്കിയത്. മെലാനിയയെ വിശ്വാസമില്ലാത്തത് കൊണ്ടാണ് ട്രംപ് അവര്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്നറിയാന്‍ എത്തിനോക്കുന്നതെന്നടക്കമുള്ള വാചകങ്ങളുമായി സോഷ്യല്‍ മീഡിയ സംഭവം ആഘോഷമാക്കിയിരിക്കുകയാണ്. എന്നാല്‍ അച്ഛനെക്കാള്‍ ഒരു പടി മുന്നിലാണെന്നാണ് ട്രംപിന്റെ മകന്‍ എറിക്. അച്ഛന്റെ പാത പിന്തുടര്‍ന്ന് സ്വന്തം ഭാര്യ വോട്ടു ചെയ്യുന്നത് എത്തിനോക്കുക മാത്രമല്ല, താന്‍ വോട്ട് ചെയ്ത ബാലറ്റ് പേപ്പറിന്റെ ചിത്രം കൂടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് എറിക് താരമായത്. വോട്ട് രേഖപ്പെടുത്തിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണെന്ന നിയമം നിലവിലിരിക്കെയാണ് പ്രസിഡന്റെ് സ്ഥാനാര്‍ത്ഥിയുടെ മകന്‍ തന്നെ നിയമലംഘനം നടത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.