യു.എസ് തെരഞ്ഞെടുപ്പ് : ചരിത്രമെഴുതി ഇന്ത്യന്‍ വനിതകള്‍

#

വാഷിംഗ്ടണ്‍ : യു.എസ് സെനറ്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യയ്ക്കു അഭിമാനിക്കാനുള്ള നേട്ടങ്ങളുണ്ടായിരിക്കുകയാണ്. ഇന്ത്യന്‍ വംശജരായ രണ്ട് വനിതകളാണ് യു.എസ് സെനറ്റ്, കോണ്‍ഗ്രസ് അംഗങ്ങളായി വിജയം നേടി ഇന്ത്യയ്ക്ക് അഭിമാന നിമിഷം സമ്മാനിച്ചിരിക്കുന്നത്.

യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സൗത്ത് ഏഷ്യന്‍ വനിതയാണ് പ്രമീള ജയ്പാല്‍. പ്രമീളയുടെ നേട്ടത്തിന് മലയാളികള്‍ക്കും അഭിമാനിക്കാന്‍ വകയുണ്ട്. കാരണം യു.എസ് കോണ്‍ഗ്രസ്സിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പ്രമീളയുടെ മാതാപിതാക്കള്‍ മലയാളികളാണ്. 34 വര്‍ഷം മുന്‍പ് പഠനത്തിനായി അമേരിക്കയിലെത്തിയ പ്രമീള പിന്നീട് അവിടെ രാഷ്ട്രീയ സാമൂഹിക കാര്യങ്ങളില്‍ സജീവമാവുകയും പിന്നീട്ട് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാഗമാവുകയുമായിരുന്നു.

യു.എസ് സെനറ്റിലേക്ക് വിജയം നേടിയ കമല ഹാരിസ് യു.എസിലെ ഇത്തരമൊരു പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന നേട്ടമാണ് കരസ്ഥമാക്കിയിരിക്കുന്നത്.  ലൊറേറ്റ മാഞ്ചെസിനെ പരാജയപ്പെടുത്തിയാണ് കാലിഫോര്‍ണിയ സെനറ്റ് സീറ്റില്‍ നിന്നുള്ള ഡെമോക്രാറ്റിക് അംഗം കമലയുടെ ജയം. ഇന്ത്യന്‍-ജമൈക്കന്‍ വംശത്വമുള്ള കമല തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ കറുത്ത വംശജയാണ്.  കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായ കമലയെ അടുത്ത ബാരക് ഒബാമ എന്നാണ് അവരുടെ കഴിവിന്റെയും പ്രവര്‍ത്തന മികവിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. 2003 ല്‍ സാന്റെ് ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയായ തെരഞ്ഞെടുക്കപ്പെട്ടത് തന്നെ കമലയുടെ ചരിത്ര നേട്ടമായിരുന്നു. ആ സ്ഥാനത്തെത്തുന്ന ആദ്യ സൗത്ത് ഏഷ്യന്‍ വനിതയായിരുന്നു അവര്‍. ചെന്നൈ സ്വദേശിയായ ഡോ.ശ്യാമള ഗോപാലന്റെയും ജമൈക്കന്‍ സ്വദേശി സാമ്പത്തികശാസ്ത്ര പ്രൊഫസര്‍ ഡൊണാള്‍ഡ് ഹാരിസിന്റെയും മകളാണ് 52 കാരിയായ കമല. മികച്ച് അഭിഭാഷക കൂടിയായ അവര്‍ 2011 മുതല്‍ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ചു വരികയാണ്.