യു.എസില്‍ വെടിവെയ്പ്പ് : 5 പേര്‍ക്ക് പരിക്ക്

#

ന്യൂയോര്‍ക്ക് : തെരഞ്ഞെടുപ്പ് ഫലം വന്ന് മണിക്കൂറുകള്‍ക്കകം യു.എസിലെ സിയാറ്റിലില്‍ നടന്ന വെടിവെയ്പ്പില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത വിജയത്തില്‍ രാജ്യമെങ്ങും പ്രതിഷേധം ശക്തമാണ്. ഇത്തരത്തില്‍ പ്രതിഷേധ റാലി നടന്ന സ്ഥലത്തിന് സമീപത്തായാണ് വെടിവെയ്പ്പുണ്ടായിരിക്കുന്നത്. എന്നാല്‍ ട്രംപിനെതിരായുള്ള പ്രതിഷേധങ്ങളുടെ ഭാഗമായല്ല വെടിവെയ്പ്പുണ്ടായതെന്നും വ്യക്തികള്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

അതേ സമയം ട്രംപിന്റെ വിജയത്തില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. ട്രംപ് ഞങ്ങളുടെ പ്രസിഡന്റെ് അല്ല എന്ന മുദ്രാവാക്യവുമായി നിരത്തിലിറങ്ങിയ പ്രതിഷേധക്കാര്‍ ഇയാളുടെ വീട്ടിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിഷേധങ്ങളില്‍ ട്രംപ് അനുയായികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.