പോലീസ് കസ്റ്റഡിയിൽ ട്രാൻസ്‌ജെൻഡർ കൊല്ലപ്പെട്ടു ; പ്രതിഷേധം ശക്തം

#

ചെന്നൈ : പോലീസ് കസ്റ്റഡിയിൽ ട്രാൻസ്‌ജെൻഡർ യുവതി കൊല്ലപ്പെട്ടു. ചെന്നൈ പോണ്ടി ബസാർ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ താര എന്ന 28 കാരിയാണ് ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ കില്‍പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലയോടെയാണ് താരയെ പോണ്ടി ബസാര്‍ പോലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

പുലർച്ചെ 4 മണിയോടെ റീച്ചാർജ്ജ്‌ കൂപ്പൺ വാങ്ങാനായി പുറത്തിറങ്ങിയ താരയെ ലൈംഗിക തൊഴിലിനായി ആളെ തെരഞ്ഞിറങ്ങിയെന്നാരോപിച്ച് പോണ്ടി ബസാർ പോലീസ് തടയുകയും ഫോണും വണ്ടിയുടെ താക്കോലും പിടിച്ചെടുക്കുകയും ചെയ്തു. ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് കൂടിയായ താര പോലീസുകാരോട് തിരിച്ച് സംസാരിക്കുകയും വാക്കേറ്റമാവുകയും ചെയ്തതിനെത്തുടർന്ന് പ്രകോപിതരായ പോലീസുകാർ താരയെ മർദ്ദിക്കുകയും, അവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയുമായിരുന്നു.

സ്റ്റേഷനിൽ നിന്ന് 4.30 ഓടെ താര ഫോണിൽ സുഹൃത്തുക്കളായ ആരതിയേയും ദിവ്യയേയും വിളിച്ച് താന്‍ വലിയ പ്രശ്‌നത്തിലാണെന്നും പോലീസ് തന്നെ പിടിച്ചുവെച്ചിരിക്കുയാണെന്നും ഉടന്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ എത്തണമെന്നും ആവശ്യപ്പെട്ടിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. അഞ്ച് മണിയോടെ പോലീസ് സ്റ്റേഷനിലെത്തിയ സുഹൃത്തുക്കൾ സ്റ്റേഷൻ വളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ താരയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കില്‍പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും 95 ശതമാനത്തിലധികം പൊള്ളലേറ്റ താര 10.30 ഓടെ മരണമടഞ്ഞു. താര സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് പോലീസിന്റെ വാദം. എന്നാല്‍ കസ്റ്റഡിയിലിക്കെ താരയ്ക്ക് സ്വയം തീകൊളുത്താന്‍ എവിടെ നിന്ന് പെട്രോൾ ലഭിച്ചെന്നാണ് സുഹൃത്തുക്കൾ ചോദിക്കുന്നത്.

ട്രാൻസ്‌ജെൻഡർ സമൂഹത്തിന് നേരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ട്രാന്‍സ്‌ജെന്റർ കമ്യൂണിറ്റി പോണ്ടി ബസാറിലെ പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. താരയുടെ മരണത്തിനുത്തരവാദികളായ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലും പ്രതിഷേധം വ്യാപിക്കുകയാണ്.