വനിത അഭയകേന്ദ്രത്തിലെ കാത്തിരിപ്പിനൊടുവിൽ ഗുൽജാർബീഗം നാട്ടിലേയ്ക്ക് മടങ്ങി.

#

ദമ്മാം: ജോലിസ്ഥലത്തെ പ്രശ്‍നങ്ങൾ കാരണം മൂന്നു മാസത്തോളം  വനിത അഭയകേന്ദ്രത്തിൽ കഴിയേണ്ടി വന്ന ആന്ധ്രാക്കാരിയായ വീട്ടുജോലിക്കാരി നാട്ടിലേക്ക് മടങ്ങി .  നവയുഗം സാംസ്കാരികവേദിയുടെയും തർഹീൽ അധികാരികളുടെയും സഹായത്തോടെയാണ്  നിയമനടപടികൾ പൂർത്തിയാക്കി അവർ  നാട്ടിലേയ്ക്ക് മടങ്ങിയത്.

ആന്ധ്രപ്രദേശ് ലക്കിറെഡ്ഢിപ്പള്ളി സ്വദേശിനിയായ വെമ്പള്ളി ഗുൽജാർ ബീഗം, എട്ടു മാസങ്ങൾക്ക്‌ മുൻപാണ് ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടിൽ ജോലിയ്ക്കായി എത്തിയത്. വളരെ പ്രയാസമേറിയ ജോലിസാഹചര്യങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. വിശ്രമമില്ലാതെ രാപകൽ പണിയെടുക്കേണ്ടി വന്നെങ്കിലും, നാട്ടിലുള്ള കുടുംബത്തെയോർത്ത് അവർ പരാതിയൊന്നും പറയാതെ ജോലി ചെയ്തു. എന്നാൽ അഞ്ചു മാസം ജോലി ചെയ്തിട്ടും, ഒരു മാസത്തെ ശമ്പളമേ അവർക്ക് കിട്ടിയുള്ളൂ. ചോദിച്ചാൽ സ്പോൺസർ എന്തെങ്കിലും ഒഴിവുകഴിവ് പറഞ്ഞ്, അടുത്ത മാസം തരാം എന്ന് പറയും. ഒടുവിൽ സഹികെട്ടപ്പോൾവീട് വിട്ട് പുറത്തു കടന്ന ബീഗം,  പോലീസിന്റെ സഹായത്തോടെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചേരുകയായിരുന്നു .

അഭയകേന്ദ്രം അധികാരികൾ വിവരമറിയിച്ചത് അനുസരിച്ച് അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ ഗുൽജാർ ബീഗത്തോട് സംസാരിച്ച് വിവരങ്ങളൊക്കെ മനസ്സിലാക്കി  പ്രവർത്തകരായ ഉണ്ണി പൂച്ചെടിയൽ, പദ്മനാഭൻ മണിക്കുട്ടൻ എന്നിവർക്കൊപ്പം ഗുൽജാറിന്റെ സ്‌പോൺസറെ ബന്ധപ്പെട്ട് സംസാരിച്ചുവെങ്കിലും   ഒത്തുതീർപ്പ് ചർച്ചയിൽ സഹകരിയ്ക്കാൻ  സ്പോൺസർ തയ്യാറായില്ല.

തുടർന്ന് മഞ്ജു  വനിതാ അഭയകേന്ദ്രം വഴി ഗുൽജാർ ബീഗത്തിന് എക്സിറ്റ് അടിച്ചു വാങ്ങിയെങ്കിലും, കൈയ്യിൽ പണമൊന്നുമില്ലാത്തതിനാൽ, വിമാനടിക്കറ്റ് വാങ്ങാൻ പോലും കഴിയാതെ ഗുൽജാറിന് ആഴ്ചകളോളം അഭയകേന്ദ്രത്തിൽത്തന്നെ  കഴിയേണ്ടി വന്നു. നവയുഗം പ്രവർത്തകർ ഗുൽജാർ ബീഗത്തിന്റെ സ്‌പോൺസറെ നിരന്തരം ബന്ധപ്പെടുകയും, മനുഷ്യത്വത്തിന്റെ പേരിൽ സഹായിയ്ക്കണമെന്ന് അഭ്യർത്ഥിയ്ക്കുകയും ചെയ്തു കൊണ്ടിരുന്നു. നിരന്തരസമ്മർദ്ദങ്ങൾക്ക് ഒടുവിൽ സ്‌പോൺസറുടെ മനസ്സ് മാറുകയും, അഭയകേന്ദ്രത്തിൽ വന്ന് കുടിശ്ശികയായ ശമ്പളം ഗുൽജാർ ബീഗത്തിന് നൽകുകയും ചെയ്തു.

അതിനുശേഷമാണ്   വനിത അഭയകേന്ദ്രത്തിലെ മൂന്നു മാസത്തെ  താമസം അവസാനിപ്പിച്ചു ഗുൽജാറിനു  നാട്ടിലേയ്ക്ക് മടങ്ങാനായത് . തന്നെ സഹായിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞു കൊണ്ടായിരുന്നു അവരുടെ മടക്കം.