2016; ചരിത്രത്തിലെ ചൂടേറിയ വര്‍ഷം

#

ജനീവ : ലോകം കടന്നു പോകുന്നത് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷത്തിലൂടെയെന്ന് ഐക്യരാഷ്ട്ര സഭയിലെ കാലവസ്ഥാ നിരീക്ഷണ വിഭാഗം. 2016 തന്നെയാണ് ഏറ്റവും ചൂടേറിയ വര്‍ഷം എന്ന് വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ പിറ്റേറി താലസ് വാര്‍ത്താ കുറിപ്പ് വഴി അറിയിച്ചിട്ടുണ്ട്. ആഗോളതാപനം തടയുന്നതില്‍ രാജ്യങ്ങള്‍ പരാജയമാണെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടില്‍ 2015നേക്കാളും 1.2 ഡിഗ്രീ സെല്‍ഷ്യസ് അധികം ചൂടായിരിക്കും ഈ വര്‍ഷം രേഖപ്പെടുത്തുകയെന്നും പറയുന്നുണ്ട്. മൊറോക്കോയില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലവസ്ഥ ഉച്ചകോടിയില്‍ പ്രസ്തുത റിപ്പോര്‍ട്ട് ചര്‍ച്ചയായിട്ടുണ്ട്. പസഫിക് സമുദ്രത്തിന് മുകളിലെ ഉഷ്ണ കാറ്റ് ആഗോള തലത്തില്‍ ചൂട് വര്‍ധിപ്പിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ശാസ്ത്രജ്ഞര്‍ വിലയിരുത്തിയിരുന്നു. ആദ്യത്തെ മാസങ്ങളില്‍ ചൂട് കൂടിയത് എല്‍നിനോ പ്രതിഭാസം മൂലമാണെന്നാണ് വിലയിരുത്തിയിരുന്നതെങ്കിലും എല്‍നിനോ അടങ്ങിയ ശേഷവും ചൂട് കുറയാതെ നില്‍ക്കുന്നത് ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ ഭൂരിപക്ഷം സമുദ്രങ്ങള്‍ക്ക് ചുറ്റുമുളള ചൂട് വര്‍ധിച്ചിട്ടുണ്ടെന്നും ഇത് സമുദ്രത്തിനടിയിലെ ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.