മഞ്ഞള്‍ വെളളത്തില്‍ നാരങ്ങനീര്; ഒന്ന് പരീക്ഷിച്ചാലോ?

#

പറമ്പില്‍ കിളച്ചെടുക്കാന്‍ പാകത്തില്‍ എന്ത് മാത്രം മഞ്ഞളാണ് നമ്മുടെ പലരുടെയും തൊടിയില്‍ തളിര്‍ത്ത് നില്‍ക്കുന്നത്. ഇത്തിരി നേരം മിനക്കെടുത്തി അതൊന്ന് പറിച്ചെടുത്ത് ഉണക്കി പൊടിച്ച് നമ്മുടെ വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു കൂടെ. നല്ല ശുദ്ധമായ മായം കലരാത്ത മഞ്ഞള്‍പ്പൊടി ലഭിക്കില്ലേ? എന്തൊക്കെയാണ് ഈ പറഞ്ഞ മഞ്ഞളിന്റെ ഗുണങ്ങളെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഈ അറിവുകളൊക്കെ ഒന്ന് പൊടി തട്ടിയെടുത്താലോ.

ഒരു ഗ്ലാസ് മഞ്ഞള്‍ വെളളത്തില്‍ രാവിലെ തന്നെ സ്വല്‍പ്പം നാരങ്ങനീര് പിഴിഞ്ഞ് ഒന്ന് കുടിച്ച് നോക്കു. നാരങ്ങനീര് മാത്രമല്ല മറ്റ് ചില ചേരുവകള്‍ കുടി ചേര്‍ത്താല്‍ അത് നല്ല ഒന്നാന്തരം ആരോഗ്യ പാനീയമാക്കാന്‍ കഴിയുമെന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആ ചേരുവ കേട്ടോളു. ഒരു ഗ്ലാസിലേയ്ക്ക് നാരങ്ങ നീര് പിഴിഞ്ഞെടുക്കുക. അല്‍പ്പം ചൂട് വെളളം ഇതിലേയ്ക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. പിന്നീട് അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. സ്വാഭാവികമായി ഈ കൂട്ടില്‍ രുചി വ്യത്യാസം അനുഭവപ്പെടും. ഇത് മാറ്റാനായി അല്‍പ്പം തേന്‍ ചേര്‍ത്ത് ഉപയോഗിക്കാം. ഗ്ലാസിന് താഴേയ്ക്ക് മഞ്ഞള്‍പ്പൊടി അടിയാന്‍ സാവകാശം നല്‍കിയ ശേഷം ഇത് ഉപയോഗിക്കാം.

ഇതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്നല്ലേ. പ്രമേഹ സാധ്യതകള്‍ ഇല്ലാതാക്കുന്നതിനോടൊപ്പം ഹൃദയ രോഗങ്ങള്‍ ഉണ്ടാവാതെ തടയുകയും, സന്ധിവാതത്തില്‍ നിന്ന് സംരക്ഷിക്കുകയും നെഞ്ചെരിച്ചിലും വയറെരിച്ചിലും തടയുകയും ചെയ്യുന്നു. അതി പ്രധാനമായി ക്യാന്‍സര്‍ പ്രതിരോധത്തിന് ഏറെ ഉത്തമമാണിത്. കാരണം മഞ്ഞളിലടങ്ങിയ ചില വിശേഷമായ ഗുണങ്ങള്‍ ക്യാന്‍സര്‍ പോലുളളവയുടെ കോശവളര്‍ച്ചയും വ്യാപനവും തടയുന്നു. ഇത്തരം പാനീയങ്ങള്‍ പ്രകൃതിദത്തമാണെങ്കിലും മറ്റേതെങ്കിലും മരുന്നുകള്‍ കഴിക്കുന്നവരാണെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഇത് ഉപയോഗിച്ചു തുടങ്ങുക.