മിഷേല്‍ ഒബാമ ആള്‍ക്കുരങ്ങ്; ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍

#

വാഷിംഗ്ടണ്‍ : മിഷേല്‍ ഒബാമയെ ആള്‍ക്കുരങ്ങിനോട് താരതമ്യപ്പെടുത്തി ഫെയ്‌സ്ബുക് പോസ്റ്റ്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയയെ പുകഴ്ത്തുന്ന പോസ്റ്റിലാണ് അമേരിക്കന്‍ പ്രഥമ വനിത മിഷേലിനെ പരസ്യമായി അപമാനിച്ചിരിക്കുന്നത്. വെസ്റ്റ് വിര്‍ജിനിയയിലെ ക്ലേ കൗണ്ടി ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ പമേല റാംസെ ടെയ്‌ലറാണ് ഇത്തരത്തില്‍ വിവാദപരമായ പോസ്റ്റിട്ടത്. ട്രംപിന്റെ ഭാര്യ മെലാനിയയെ സൂചിപ്പിച്ചു കൊണ്ട്, സുന്ദരിയായ ആഢ്യത്വമുളള പ്രഥമ വനിതയെ കാണുന്നത് സന്തോഷമുളള കാര്യമാണെന്നും ഹീലുളള ചെരുപ്പിട്ട ആള്‍ക്കുരങ്ങിനെ കണ്ട് മടുത്തെന്നുമാണ് മിഷേലിനെ കളിയാക്കി കൊണ്ടുള്ള ഇവരുടെ പോസ്റ്റ്. ഇത്തരത്തില്‍ പ്രഥമ വനിതയെ അധിക്ഷേപിച്ചുളള പോസ്റ്റ് ഏറെ വിവാദമായിട്ടുണ്ട്. ഇതേ തുടര്‍ന്ന് പമേല പോസ്റ്റ് പിന്‍വലിച്ചു. കൂടാതെ പമേലയുടെ പോസ്റ്റിനെ അനുകൂലിച്ച് ക്ലേയിലെ മേയറായ ബെവര്‍ലി മെയ്‌ലിംഗും അഭിപ്രായം രേഖപ്പെടുത്തിയതും ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യപകമായി പ്രചരിച്ചത് മുൻ നിര്‍ത്തി ഇരുവരുടെയും രാജി ആവശ്യപ്പെട്ടുളള പ്രതിഷേധങ്ങള്‍ വ്യാപകമാവുകയാണ്.