എരുമേലിയിൽ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി

#

ന്യൂഡൽഹി : എരുമേലിയിൽ പുതിയ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ വിമാനത്താവളം ആവശ്യമാണെന്നും ഇക്കാര്യം കേന്ദ്ര വ്യോമയാന മന്ത്രി ഗജപതി രാജുവുമായി ചർച്ച ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ഥലത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായാൽ എൻ.ഒ.സി നൽകാമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപെട്ടതായി മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞു. എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവളത്തിനായി കണ്ടെത്തിയതെന്ന് സ്ഥലം എം.എൽ.എ പി.സി.ജോർജ്ജും അറിയിച്ചിട്ടുണ്ട്.

വി.എസ്.അച്ചുതാനന്ദൻ സർക്കാരിന്റെ കാലത്താണ് ആറന്മുള വിമാനത്താവളത്തിന് വേണ്ടിയുള്ള നിർദ്ദേശമുണ്ടാകുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആറന്മുളയിൽ വിമാനത്താവളം നിർമ്മിക്കാനുള്ള ശ്രമങ്ങൾ മുന്നോട്ടുപോയെങ്കിലും പരിസ്ഥിതി നശിപ്പിക്കുന്ന വിമാനത്താവള പദ്ധതിയ്ക്ക് എതിരെ ശക്തമായ സമരങ്ങൾ ഉയർന്നുവരികയും കോടതിവിധികൾ ഉണ്ടാവുകയും ചെയ്തതോടെ പദ്ധതി നടക്കില്ല എന്ന സ്ഥിതി വന്നു. പിണറായി സർക്കാർ ആറന്മുള പദ്ധതിക്ക് എതിരെ നിലപാടെടുക്കുകയും വിമാനത്താവളത്തിന് വേണ്ടി നികത്തിയ നിലം പൂർവ്വസ്ഥിതിയിലാക്കി അവിടെ കൃഷി ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. ആറന്മുളയിലെ നെൽവയലുകൾ പൂർവ്വസ്ഥിതിയിലേക്ക് മാറ്റാനും കൃഷി ചെയ്യാനുമുള്ള പ്രവർത്തങ്ങൾ പുരോഗമിക്കുകയാണ്. അവിടെ കൃഷിയിറക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചിരുന്നു.