തിരക്കുണ്ട് ; നൊബേല്‍ പുരസ്‌കാരം വാങ്ങാന്‍ ബോബ് ഡിലന്‍ എത്തില്ല

#

കോപ്പന്‍ഹേഗന്‍ : അവസാനം എല്ലാം വ്യക്തമാക്കി ബോബ് ഡിലന്‍ രംഗത്ത്. സാഹിത്യത്തിനുളള നൊബേല്‍ പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും എന്നാല്‍ അത് ഏറ്റുവാങ്ങാന്‍ തനിക്ക് എത്താനാവില്ലെന്നും കാണിച്ച് ഡിലന്‍ സ്വീഡിഷ് അക്കാദമിക്ക് കത്ത് നല്‍കി. പുരസ്‌കാര ദാനത്തിന് ഡിലന്‍ എത്തില്ലെന്ന് കാണിച്ച് കത്ത് ലഭിച്ചതായി സ്വീഡിഷ് അക്കാദമി അംഗങ്ങള്‍ തന്നെയാണ് സ്ഥിരീകരിച്ചത്. പുരസ്‌കാര ജേതാവിന്റെ തീരുമാനം തങ്ങള്‍ അംഗീകരിക്കുന്നെന്നും എന്നാല്‍ ഇത്രയും ഉന്നതമായ ഒരു പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്താതിരിക്കുക എന്നത് അപൂര്‍വ്വമാണെന്നും സ്വീഡിഷ് അക്കാദമി സെക്രട്ടറി സാരാ ഡാനിയസ് പറഞ്ഞു. എന്നാല്‍ ഡിലനു വേണ്ടി ആര് പുരസ്‌കാരം സ്വീകരിക്കും എന്ന കാര്യം ഇത് വരെ വ്യക്തമാക്കിയിട്ടില്ല. ഡിസംബര്‍ 10ന് സ്റ്റോക്‌ഹോമില്‍ വച്ചാണ് പുരസ്‌കാരദാന ചടങ്ങ്.