ക്യൂറേറ്റീവ് പെറ്റീഷന് പ്രസക്തിയില്ല : ജീവപര്യന്തം ഉറപ്പുവരുത്തേണ്ടത് രാഷ്ട്രീയ നേതൃത്വം

#

(സൗമ്യ വധക്കേസില്‍ ക്യൂറേറ്റീവ് പെറ്റീഷന്‍ നല്‍കണമെന്ന എഴുത്തുകാരിയും സ്ത്രീ പ്രവര്‍ത്തകയുമായ ഗീതയുടെ ആവശ്യത്തിന്റെ പശ്ചാത്തലത്തില്‍, അതിന്റെ സാധ്യതയെക്കുറിച്ച് ലെഫ്റ്റ് ക്ലിക് ന്യൂസ് നിയമകാര്യ ലേഖികയും സുപ്രീംകോടതി അഭിഭാഷകയുമായ രശ്മിത രാമചന്ദ്രന്‍ എഴുതുന്നു)

സൗമ്യ വധക്കേസില്‍ ക്യൂറേറ്റീവ് പെറ്റീഷന്‍ ഒരു പ്രയോജനവും ചെയ്യില്ല. ഈ കേസില്‍ അതു നിലനില്‍ക്കില്ലെന്ന് നിയമത്തെക്കുറിച്ച് സാമാന്യ ധാരണയുള്ളവര്‍ക്കെല്ലാം അറിയാം. രൂപ അശോക് ഹുറ വെഴ്‌സസ് അശോക് ഹുറ കേസിലാണ് ക്യൂറേറ്റീവ് പെറ്റീഷന്‍ എന്ന ആശയം ഉടലെടുക്കുന്നത്. 2013 ല്‍ സുപ്രീംകോടതി ചട്ടങ്ങള്‍ ഭേദഗതി ചെയ്തപ്പോള്‍ അത് ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തി.

ക്യൂറേറ്റീവ് പെറ്റീഷന്‍ കേള്‍ക്കുന്നതിന് കര്‍ശനമായ നിബന്ധനകളുണ്ട്. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു എന്ന് വ്യക്തമായി സ്ഥാപിക്കാന്‍ കഴിയണം. വിധിയിൽ, പ്രത്യക്ഷത്തിൽ തന്നെ ഗുരുതരമായ പിഴവ് ഉണ്ടെന്ന് ബോധ്യപ്പെടുത്താൻ കഴിഞ്ഞാലേ ക്യൂറേറ്റിവ് പെറ്റീഷന് നിലനിൽപ്പുള്ളൂ. റിവ്യൂ പെറ്റീഷനില്‍ വിധി പറഞ്ഞ ഒരു ജഡ്ജിയ്ക്ക് കേസിൽ പ്രത്യേക താല്പര്യങ്ങൾ ഉണ്ടായിരുന്നുവെന്ന് ബോധ്യപ്പെടുത്താന്‍ കഴിയണം. പരാതിയിൽ  ആ ജഡ്ജിക്ക് പക്ഷപാതമുണ്ടാകാനുള്ള വ്യക്തമായ കാരണം കാണിക്കാൻ കഴിയണം. ക്യൂറേറ്റീവ് പെറ്റീഷന്‍ പരിഗണിക്കുന്നതിനുള്ള എല്ലാ സുപ്രീംകോടതി മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഒരു ഡെസിഗ്നേറ്റഡ് സീനിയർ സാക്ഷ്യപ്പെടുത്തേണ്ടതുമുണ്ട്. ഇതുവരെ പരിഗണനയ്ക്കു വന്നിട്ടുള്ള ക്യൂറേറ്റീവ് പെറ്റീഷനുകളില്‍ 99.99 ശതമാനവും തള്ളിപ്പോവുകയായിരുന്നു.

സൗമ്യവധക്കേസില്‍ അടിത്തട്ടിലാണ് വീഴ്ചകള്‍ സംഭവിച്ചത്. കേസിനെക്കുറിച്ച് ജനങ്ങളിലുണ്ടായ വികാരവും മാധ്യമങ്ങളുടെ ഇടപെടലും വധശിക്ഷ വിധിക്കാന്‍ ജഡ്ജിമാരെ പ്രേരിപ്പിച്ചിരിയ്ക്കാം. അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസുകളില്‍ മാത്രമേ വധശിക്ഷ വിധിക്കാന്‍ കഴിയൂ എന്ന കാര്യം ആര്‍ക്കുമറിയാവുന്നതാണ്. ബലാത്സംഗം ചെയ്യുമ്പോള്‍ അതു മരണകാരണമാകും എന്ന് ഗോവിന്ദച്ചാമിക്ക് അറിയാന്‍ കഴിഞ്ഞിരിക്കണമെന്നില്ല എന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ സര്‍ജന്റെ മൊഴിയില്‍ പറയുന്നു. സൗമ്യ ട്രെയിനില്‍ നിന്ന് ചാടി എന്ന് ഒരു മദ്ധ്യവയസ്‌കന്‍ പറഞ്ഞുവെന്ന് മറ്റൊരാള്‍ പറഞ്ഞതായാണ് പ്രോസിക്യൂഷന്‍ വാദം. ആ മദ്ധ്യവയസ്‌കന്‍ കേസില്‍ പ്രധാനമാണ്. അയാളെ കണ്ടുപിടിക്കാന്‍ ശ്രമം നടന്നിട്ടില്ല. കേട്ടുകേഴ്‌വി അനുസരിച്ച് കേസില്‍ വിധി പറയാന്‍ കഴിയില്ല.

സൗമ്യക്കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആശയക്കുഴപ്പങ്ങളുണ്ടായി. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നടത്തിയ ഇടപെടൽ വിവാദങ്ങളിലാണ് അവസാനിച്ചത്. റിവ്യൂ പെറ്റീഷനെക്കുറിച്ച് കേരളത്തിലെ പൊതുജനങ്ങള്‍ക്കും സൗമ്യയുടെ അമ്മയ്ക്കും അനാവശ്യമായ പ്രതീക്ഷകള്‍ നല്‍കാൻ മാധ്യമങ്ങളുടെ ജാഗ്രതക്കുറവ് കാരണമായി. വിധിയിൽ പിഴവുകളുണ്ടായിട്ടുണ്ടെങ്കിൽ റിവ്യൂ പെറ്റീഷന്‍ പരിഗണിക്കുമ്പോള്‍ അവ ചൂണ്ടിക്കാണിക്കുകയാണ് വേണ്ടത്. കേസിൽ കക്ഷിയാകേണ്ടിയിരുന്ന ആരെയെങ്കിലും വിട്ടുപോയിട്ടെങ്കിൽ അവരെ കേട്ടിട്ടില്ലെന്ന വിവരം റിവ്യൂപെറ്റീഷനിൽ പറയാവുന്നതാണ്.  കോടതിയുടെ ശ്രദ്ധയിൽ പെടാതെ പോയ കാര്യങ്ങൾ റിവ്യൂ പെറ്റീഷനിൽ ചൂണ്ടിക്കാണിക്കാം. ഇവിടെ റിവ്യൂ പെറ്റീഷനിലും കട്ജു പറഞ്ഞ കാര്യങ്ങളിലും പുതുതായി ഒന്നുമുണ്ടായിരുന്നില്ല.

ഗോവിന്ദച്ചാമിക്ക് നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി നല്‍കിയത്, കൊടുക്കാന്‍ കഴിയുന്നതില്‍വെച്ച് ഏറ്റവും വലിയ ശിക്ഷയാണ്. ജിവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്ന ആള്‍ മരണം വരെ തടവില്‍ കിടക്കേണ്ടതാണ്. 14 വര്‍ഷമാകുമ്പോള്‍ ഇളവ് നല്‍കുന്നത് സര്‍ക്കാരുകളാണ്. ഗോവിന്ദച്ചാമിയെ ജയിലില്‍ നിന്ന് മോചിപ്പിക്കില്ലെന്ന് ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന സര്‍ക്കാര്‍ വ്യക്തമാക്കണം. സൗമ്യയുടെ അമ്മയോട് നീതി കാണിക്കേണ്ടത് അങ്ങനെയാണ്. സമൂഹത്തോട് പ്രതിബദ്ധത തെളിയിക്കേണ്ടത് അങ്ങനെയാണ്. പിന്നീട് വരുന്ന ഒരു സര്‍ക്കാരിനും ഗോവിന്ദച്ചാമിയെ പുറത്തിറക്കിവിടാന്‍ കഴിയില്ല.

വന്‍മാഫിയകളാണ് ഗോവിന്ദച്ചാമിയുടെ കേസ് നടത്തിയത്. അങ്ങനെയൊരാള്‍ പുറത്തിറങ്ങി നടക്കുന്നത് സമൂഹത്തിന് ആപത്താണ്. ജീവപര്യന്തം ശിക്ഷ വിധിക്കുമ്പോള്‍ ജീവിതകാലം മുഴുവന്‍ തടവില്‍ കിടക്കണം എന്ന് ഉറപ്പിച്ചു പറഞ്ഞില്ല എന്നത് ഈ വിധിയുടെ പിഴവ് തന്നെയാണ്, ഉറപ്പിച്ചു പറഞ്ഞില്ല എന്നതുകൊണ്ട് 14 വര്‍ഷമാകുമ്പോള്‍ വിടണം എന്ന് ധരിക്കുന്നത് തെറ്റാണ്. അത് സര്‍ക്കാര്‍ നയങ്ങളെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ്. അവിടെയാണ് രാഷ്ട്രീയനേതൃത്വം പ്രതിബദ്ധത കാണിക്കേണ്ടത്. വധശിക്ഷയ്‌ക്കെതിരായ അവബോധം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന നമ്മള്‍ എന്തിനാണ് അയാളെ കൊല്ലണം എന്ന് ആവശ്യപ്പെടുന്നത്? ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കുക എന്നതാണ് കൊടും കുറ്റവാളികള്‍ക്ക് നല്‍കേണ്ട ശിക്ഷ.

റിവ്യൂ പെറ്റീഷനില്‍ രേഖാമൂലമല്ലാതെയുള്ള വാദം കേള്‍ക്കല്‍ പതിവുള്ളതല്ല. പ്രത്യേക സാഹചര്യത്തിലാണ് സൗമ്യക്കേസില്‍ തുറന്ന കോടതിയും വാമൊഴി വാദം കേള്‍ക്കലുമുണ്ടായത്. ക്യൂറേറ്റീവ് പെറ്റീഷന് പോകുക എന്നത് സൗമ്യയുടെ അമ്മയ്ക്കും ഈ പ്രശ്‌നത്തില്‍ ശക്തമായ വികാരമുള്ള എല്ലാവര്‍ക്കും അപമാനകരമായ അനുഭവമാകും സമ്മാനിക്കുക. ക്യൂറേറ്റീവ്  പെറ്റീഷന്‍ തള്ളും എന്നതില്‍ ഒരു ശതമാനം പോലും സംശയമില്ല. കോടതിയുടെ വിലപ്പെട്ട സമയവും പൊതുപണവും ദുരുപയോഗപ്പെടുത്തിയതിന് കനത്ത പിഴ ഈടാക്കാനും സാദ്ധ്യതയുണ്ട്. ആ അപമാനം കൂടി നമ്മള്‍ താങ്ങേണ്ടതുണ്ടോ?