നോട്ട് പിന്‍വലിക്കല്‍ ; രാജ്യത്ത് കലാപ സാധ്യത : സുപ്രീം കോടതി

#

ന്യൂഡല്‍ഹി (18-11-16): കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം തീരുമാനം മൂലമുള്ള പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമാണെന്ന് സുപ്രീം കോടതി. പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമാണെന്നും തെരുവുകളില്‍ കലാപമുണ്ടാകുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും സുപ്രീം കോടതി നരീക്ഷിച്ചു.നോട്ട് നിരോധനം സംബന്ധിച്ച് വിവിധ ഹര്‍ജികള്‍ പരിഹണിക്കവെ ജസ്റ്റിസ് റ്റി.എസ്.ഥാക്കുര്‍ അധ്യക്ഷനായ ബഞ്ചാണ് കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചത്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതെന്തിനാണെന്ന് ചോദിച്ച കോടതി, 100 രൂപ നോട്ടുകളുടെ അപര്യാപ്തതയെയും ചോദ്യം ചെയ്തു. എ.റ്റി.എമ്മുകളില്‍ നൂറു രൂപയുടെ ഒരു ഡ്രോയര്‍ മാത്രമാണുള്ളതെന്നും ഇത് പുനക്രമീകരിച്ചാല്‍ പ്രശ്‌നം പരിഹരിക്കാമെന്നുമുള്ള കേന്ദ്രത്തിന്റെ മറുപടിയും കടുത്ത ഭാഷയില്‍ കോടതി എതിര്‍ത്തു.

നോട്ട് മാറ്റാനുള്ള പരിധി 2000 ആക്കി കുറച്ചതിനെ ചോദ്യം ചെയ്ത കോടതി, ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന കേന്ദ്രത്തിന്റെ മുന്‍ വാദത്തെയും ശ്രദ്ധയില്‍ കൊണ്ടുവന്നു. പഴയ നോട്ടുകള്‍ മാറ്റാനുള്ള പരിധി 4500 ല്‍ നിന്ന് 2000 ആക്കി കുറച്ചത് അച്ചടി പ്രശ്‌നം മൂലമാണോയെന്നും കോടതി ചോദിച്ചു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നിലവിലിരിക്കുന്ന ഹര്‍ജികള്‍ തള്ളണമെന്ന സര്‍ക്കാരിന്റ ആവശ്യം നിരസിച്ച കോടതി സര്‍ക്കാരിന്റെ പുതിയ നയത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും പുതിയ പരിഷ്‌ക്കാരങ്ങളില്‍ ജനങ്ങള്‍ ശരിക്കും കഷ്ടപെടുകയാണെന്നതിന് തെളിവാണ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് വരുന്ന പരാതികളെന്നും ചൂണ്ടിക്കാട്ടി.

പണം ബാങ്കുകളിലേക്കും എ.റ്റി.എമ്മുകളിലേക്കും എത്തുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് സമ്മതിച്ച കേന്ദ്രം പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര മാര്‍ഗ്ഗങ്ങള്‍ ഉടന്‍തന്നെ സ്വീകരിക്കുമെന്നും അറിയിച്ചു.