ഗ്രോബാഗിൽ സവാള നടാം

#

കേരളത്തിൽ നവംബർ മുതലുള്ള നാല് മാസക്കാലം സവാള കൃഷിക്ക് അനുയോജ്യമാണ്. ഒന്നരമാസം പ്രായമായ സവാള തൈകൾ ഇപ്പോൾ നട്ടു തുടങ്ങാം. വിപണിയിൽ ലഭ്യമാകുന്ന വലിയ ഇനം സവാളയാണ് ഈ രീതിയിൽ കൃഷി ചെയ്യുന്നത്. ഇത് വരെ വിത്ത് പാകാത്തവർക്ക് ചെറിയ സവാളയുടെ വിത്ത് നേരിട്ട് തടമെടുത്ത് പാകി മുളപ്പിയ്ക്കുന്ന കൃഷിരീതിയും പരീക്ഷിക്കാവുന്നതാണ്. സ്ഥലപരിമിതിയുള്ളവർക്ക് ഗ്രോ ബാഗിലും സവാള കൃഷി നടത്താം.

കൃഷി രീതി

പൂർണമായും സൂര്യപ്രകാശം കിട്ടുന്നിടത്ത് വേണം തൈകൾ നടാൻ. കൃഷിയിടം നന്നായി കിളച്ച് കട്ടയുടച്ച് പൊടിമണ്ണാക്കിയ തടങ്ങളിൽ ഒരു സെന്റിന് 2 കി.ഗ്രാം എന്ന തോതിൽ കുമ്മായം ചേർത്തിളക്കുക. ഒരാഴ്ചക്ക് ശേഷം ചാണകപ്പൊടിയോ, കോഴിക്കാഷ്ടമോ മണ്ണിരക്കമ്പോസ്റ്റോ, ചേർത്തിളക്കി കൊടുക്കണം. ഒരു സെന്റിന് 80 - 100 കി ഗ്രാം എന്ന തോതിൽ ജൈവ വളങ്ങൾ ചേർക്കാം. മൂന്നടി വീതിയും, പത്തടി നീളവും,അരയടി ഉയരവുമുള്ള ചെറുതടങ്ങൾ എടുക്കണം. ഇതിൽ 20 സെ.മീ x 20 സെ.മീ അകലത്തിൽ തൈകൾ നടാം.

ചെറിയ സവാള
നവംബറിൽ തന്നെ മുകളിൽ പറഞ്ഞത് പോലെ തടങ്ങൾ തയ്യാറാക്കി, വിത്തുകൾ പാകി, അധികമുണ്ടാകുന്ന തൈകൾ പിഴുത് മാറ്റി അകലം ക്രമീകരിച്ച്, ശ്രദ്ധാപൂർവ്വം പരിചരിച്ചാൽ ഫെബ്രുവരി അവസാനത്തോടെ സവാള വിളവെടുക്കാം. സമൃദ്ധമായിട്ടുള്ള നന ഈ കൃഷികൾ അത്യന്താപേക്ഷിതമാണ്. ഫെബ്രുവരിയിൽ സവാള ഇലയോടെ വലിച്ചെടുത്ത് പച്ചയായി തന്നെ അടുക്കളയിൽ എടുക്കാം.

ഗ്രോ ബാഗിൽ നടാം

ടെറസിലും അടുക്കള മുറ്റങ്ങളിലും ഗ്രോ ബാഗിലും ചട്ടികളിലും സവാള നടാം. ബാഗിൽ വെള്ളം കെട്ടി നിൽക്കാതെ ശ്രദ്ധിക്കണം. ഒരടി വ്യാസമുള്ള ബാഗിൽ 4 - 5 തൈകൾ നടാവുന്നതാണ്. തൈകൾ നട്ട ശേഷം 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ച് കൊടുക്കണം.

ആഴ്ചയിലൊരിക്കൽ ജൈവ പോഷക ലായനികൾ ഒഴിച്ച് കൊടുക്കണം. രണ്ടാഴ്ച ഇടവിട്ട് കളകൾ നീക്കം ചെയ്ത് ഖരരൂപത്തിലുള്ള ജൈവവളങ്ങളും ചേർക്കാം. മഗ്നീഷ്യം,കാൽസ്യം,സൾഫർ,ബോറോൺ തുടങ്ങിയ മൂലകങ്ങൾ സവാളയുടെ വളർച്ചയ്ക്ക് ആവശ്യമാണ്. ഇവ അടങ്ങിയ സൂക്ഷ്മ വളക്കൂട്ടുകൾ മണ്ണിൽ ചേർത്ത് കൊടുക്കണം.