ശബരിമലയുടെ പേരുമാറ്റം ചരിത്രത്തെ നിരാകരിക്കല്‍ : രാജന്‍ ഗുരുക്കൾ

#

ബാംഗ്ലൂർ (21-11-16) : ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോഡിന്റെ തീരുമാനം ചരിത്രത്തിന് നിരക്കാത്തതെന്ന് പ്രശസ്ത ചരിത്രകാരന്‍ രാജന്‍ ഗുരുക്കള്‍. പേരു മാറ്റാനുള്ള നിയമപരമായ അവകാശം ദേവസ്വം ബോഡിനുണ്ട്. പക്ഷേ, അതിന് ചരിത്രത്തിന്റെ അംഗീകാരമില്ല. രാഷ്ട്രീയ കാരണങ്ങളാല്‍ ചരിത്ര വസ്തുതകളെ മായ്ച്ചു കളയാനുള്ള ശ്രമങ്ങളില്‍ നിന്ന് വേറിട്ട് ഈ പേരുമാറ്റത്തെ കാണാനാവില്ല. ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രം എന്ന പേര്, ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കി മാറ്റാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോഡിന്റെ ഉത്തരവിനെക്കുറിച്ച് ലെഫ്റ്റ് ക്ലിക് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു രാജന്‍ ഗുരുക്കള്‍.

പ്രാചീന കാര്‍ഷിക സമൂഹത്തില്‍ കാട്ടു മൃഗങ്ങളെ മെരുക്കി ജീവിച്ച ഗോത്ര ജനതയുടെ അയ്യനാര്‍ കള്‍ട്ടാണ് കാലക്രമത്തില്‍ ശബരിമല ക്ഷേത്രമായി രൂപാന്തരപ്പെട്ടത്. മറ്റു പ്രദേശങ്ങളിലുള്ളവര്‍ കടന്നുവന്നതോടെ ഗോത്ര ജനത ഇവിടം വിട്ടുപോയി. ഗോത്ര ജനത വിട്ടുപോയ ആരാധനാ സ്ഥലം പിന്നീട് ജൈന സന്യാസിമാര്‍ അവരുടെ സഞ്ചാരങ്ങള്‍ക്കിടയിലെ താവളമാക്കി. ജൈന സന്യാസിമാര്‍ ഉപയോഗിച്ചിരുന്ന ഈ ആരാധനാകേന്ദ്രം പിന്നീട് പന്തളം രാജകുടുംബത്തിന്റെ നിയന്ത്രണത്തിലായതാകാനാണ് സാദ്ധ്യത.

50 കളുടെ തുടക്കത്തില്‍ ശബരിമല അമ്പലം തീ കത്തി  നശിച്ചപ്പോഴാണ് ശബരിമലയ്ക്ക് വലിയ വാര്‍ത്താപ്രാധാന്യം കൈവന്നത്. ആര്‍.എസ്.എസ് അന്ന് പ്രബല ശക്തിയായിരുന്നില്ലെങ്കിലും ക്രൈസ്തവ വിരോധം വളര്‍ത്താന്‍ അവര്‍ അത് ഒരു പ്രചരണോപാധിയാക്കി മാറ്റി. വ്യാജ പ്രചരണങ്ങളിലൂടെ അന്യമത വിദ്വേഷം വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു അത്. പിന്നീടാണ് പതിനെട്ടാം പടി ഒക്കെ ഉണ്ടായത്.

ഇന്ന് ശബരിമലയുടെ പേര് മാറ്റാന്‍ ശ്രമിക്കുന്നവര്‍ അയ്യപ്പന്‍ യഥാര്‍ത്ഥത്തില്‍ ഗോത്രജനതയുടെ അയ്യനായിരുന്നുവെന്ന് അറിയുമ്പോള്‍ വീണ്ടും പേര് മാറ്റാന്‍ തീരുമാനിച്ചേക്കാം എന്ന് പരിഹസിച്ച  രാജന്‍ ഗുരുക്കള്‍, പേര് മാറ്റാനുള്ള നീക്കം ചരിത്രപരമായും വൈജ്ഞാനികമായും തെറ്റാണെന്ന്  വ്യക്തമാക്കി.