കെ.എസ്.കെ.ടി.യുവിന്റെ സ്‌പോണ്‍സര്‍ പാറമാഫിയ ; അണികളില്‍ അമര്‍ഷം

#

കൊല്ലം (22-11-16) : രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ദളിത് പീഡനങ്ങളില്‍ പ്രതിഷേധിച്ച് സി.പി.ഐ(എം) ആഭിമുഖ്യത്തിലുള്ള കേരളസ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ ഇന്ന് എല്ലാ ജില്ലാ തലസ്ഥാനങ്ങളിലും പ്രതിഷേധ ധര്‍ണ്ണകള്‍ സംഘടിപ്പിച്ചു. പൊതുവേ സി.പി.എമ്മിന് സ്വാധീനമുള്ള മേഖലകളില്‍ പോലും ദളിത് വിഭാഗങ്ങളില്‍ നിന്ന് ധര്‍ണ്ണയോട് തണുത്ത പ്രതികരണമാണുണ്ടായത്. കര്‍ഷകത്തൊഴിലാളി യൂണിയന്റെ പരിപാടികളില്‍ മുമ്പുള്ളതുപോലെ ദളിത് പ്രാതിനിധ്യം അടുത്ത കാലത്തായി കുറവാണെങ്കിലും ദളിത് പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഇന്നത്തെ ധര്‍ണ്ണയില്‍, സാധാരണ ഗതിയില്‍ കെ.എസ്.കെ.ടി.യു പരിപാടികളില്‍ പങ്കെടുക്കുന്ന ദളിതര്‍ പോലും പങ്കെടുത്തില്ല. ദളിത് കോളനികള്‍ ധര്‍ണ്ണയോട് മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

ധര്‍ണ്ണയുടെ പ്രചരണത്തിന് രോഹിത് വെമുലയുടെ പടമുള്ള ഫ്‌ളക്‌സ്‌ബോഡുകളാണ് വ്യാപകമായി ഉപയോഗിച്ചത്. സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന ദളിത് പീഡനങ്ങളില്‍ സി.പി.എം നിസ്സംഗത പുലര്‍ത്തുന്നതിലും പോലീസ് സ്റ്റേഷനുകള്‍ ദളിത് പീഡനങ്ങളുടെ കേന്ദ്രങ്ങളായി മാറുന്നതിലും ദളിത് വിഭാഗങ്ങളില്‍ പെട്ട സി.പി.എം പ്രവര്‍ത്തകര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്.

കൊല്ലം നഗരകേന്ദ്രമായ ചിന്നക്കടയില്‍ ധര്‍ണ്ണ നടക്കുന്നതിന് അടുത്ത് സ്ഥാപിച്ച ഫ്‌ളക്‌സ് ബോഡ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ആള്‍ കേരളാ ക്വാറി & ക്രഷര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയാണ്. കൃഷി സ്ഥലങ്ങള്‍ ഇല്ലാതാക്കുന്നതിനും കൃഷി നശിപ്പിക്കുന്നതിനും ഏറ്റവും വലിയ പങ്കു വഹിക്കുന്ന പാറ ക്വാറികളുടെയും ക്രഷറുകളുടെയും ഉടമകളുടെ സംഘടന കര്‍ഷകത്തൊഴിലാളി സംഘടനയുടെ പരിപാടിയ്ക്ക് അഭിവാദനമര്‍പ്പിക്കുന്നതിലെ വൈരുദ്ധ്യം പാര്‍ട്ടി അണികളില്‍ ചര്‍ച്ചയായിട്ടുണ്ട്.

വ്യക്തമായ നിലപാടുകളുള്ള ദളിത് സംഘടനകളെയും ദളിത് ബുദ്ധിജീവികളെയും സ്വന്തം വേദികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന സി.പി.എം, ദളിത് എന്ന മോല്‍വിലാസമുപയോഗിക്കുന്ന വ്യക്തിത്വമില്ലാത്ത സംഘടനകളെയും വ്യക്തികളെയും ഇന്നത്തെ കെ.എസ്.കെ.ടി.യു ധര്‍ണ്ണയില്‍ പങ്കെടുപ്പിച്ചതും അണികളില്‍ രോഷത്തിന് ഇടയാക്കിയിട്ടുണ്ട്. അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവും കേരള ദളിത് ഫെഡറേഷന്‍ എന്ന സംഘടനയുടെ പ്രസിഡന്റുമായ പി.രാമഭദ്രന് ഇന്ന് കൊല്ലത്ത് നടന്ന ധര്‍ണ്ണയെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ അവസരം നല്‍കിയ നേതൃത്വം വിശദീകരണം നല്‍കേണ്ടതുണ്ടെന്ന് കെ.എസ്.കെ.ടി.യുവിന്റെ ഒരു ഏരിയാ ഭാരവാഹി ലെഫ്റ്റ് ക്ലിക് ന്യൂസിനോട് പറഞ്ഞു.

സി.പി.എമ്മിനെതിരേ ദളിത് ജനവിഭാഗങ്ങളില്‍ പുകയുന്ന അമര്‍ഷം പുതിയ മാനം കൈവരിക്കുന്നതിന്റെ സൂചനയാണ് ഇന്ന് കെ.എസ്.കെ.ടി.യു ധര്‍ണ്ണയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ നല്‍കുന്നത്. പാര്‍ട്ടിയില്‍ നിന്ന് ദളിതരുടെ വന്‍തോതിലുള്ള കൊഴിഞ്ഞുപോക്ക് തടയാന്‍ സി.പി.എം കൈക്കൊള്ളുന്ന ഓരോ നടപടിയും പാര്‍ട്ടിക്ക് തിരിച്ചടിയായി മാറുന്നതാണ് അടുത്ത കാലത്ത് കാണാന്‍ കഴിയുന്നത്.