ബാലമുരളീകൃഷ്ണ അന്തരിച്ചു

#

ചെന്നൈ : വിഖ്യാത കർണ്ണാടക സംഗീതജ്ഞൻ എം.ബാലമുരളീകൃഷ്ണ അന്തരിച്ചു. ചെന്നൈയിലെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു മഹാസംഗീതജ്ഞന്റെ അന്ത്യം. 86 വയസ്സായിരുന്ന ബാലമുരളീകൃഷ്ണ കുറച്ചു നാളായി രോഗബാധിതനായിരുന്നതിനാൽ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

1930 ജൂലൈയിൽ ആന്ധ്രപ്രദേശിൽ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ശങ്കരഗുപ്തം എന്ന സ്ഥലത്ത് ജനിച്ച ബാലമുരളീകൃഷ്ണ 6 വയസ്സിൽ സംഗീത അഭ്യസനം ആരംഭിച്ചു. പിതാവ് സംഗീതജ്ഞനായിരുന്നു. ബാലമുരളീകൃഷ്ണ കുഞ്ഞായിരിക്കുമ്പോൾ തന്നെ അമ്മ മരിച്ചുപോയി. 15 വയസ്സിനുള്ളിൽ 72 മേളകർത്താ രാഗങ്ങളിലും പ്രാഗൽഭ്യം നേടിയ അദ്ദേഹം എല്ലാ രാഗങ്ങളിലും കൃതികൾ രചിക്കുകയും ചെയ്തു. ശാസ്ത്രീയ സംഗീതത്തിലെന്നതുപോലെ ലളിത സംഗീതത്തിലും ഭക്തിഗാനങ്ങളിലും മികവ് പുലർത്തിയ ബാലമുരളീകൃഷ്ണ എല്ലാ തെന്നിന്ത്യൻ ഭാഷകളിലും സംസ്കൃതത്തിലുമായി നിരവധി ചലച്ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്.

രാഷ്ട്രം, പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ ബഹുമതികൾ നൽകി ആദരിച്ച ബാലമുരളീകൃഷ്ണയ്ക്ക് ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ ബഹുമതിയും ലഭിച്ചിട്ടുണ്ട്. സംഗീതത്തിന് നൽകിയ സംഭാവനകളുടെ പേരിൽ നിരവധി ബഹുമതികൾ നേടിയിട്ടുള്ള അദ്ദേഹം ചലച്ചിത്ര സംഗീതത്തിനും ഗാനാലാപത്തിനുമുള്ള ദേശീയ അവാർഡുകളും കേരളം സംസ്ഥാന അവാർഡുൾപ്പെടെ വിവിധ സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.