ആറന്മുള വിമാനത്താവളത്തിന്റെ അംഗീകാരം റദ്ദാക്കി

#

തിരുവന്തപുരം(23-11-16) : ആറന്മുള ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ &അംഗീകാരം സർക്കാർ റദ്ദാക്കി. ആറന്മുള വിമാനത്താവളത്തിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട മുഴുവൻ സർക്കാർ ഉത്തരവുകളും റദ്ദാക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വി.എസ് അച്ചുതാനന്ദൻ സർക്കാരാണ് ആറന്മുള വിമാനത്താവളത്തിന് തത്വത്തിൽ അംഗീകാരം നൽകിയത്. തുടർന്ന് വന്ന ഉമ്മൻ ചാണ്ടി സർക്കാരും വിമാനത്താവളത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ വിമാനത്താവളത്തിനെതിരെ ശക്തമായ സമരങ്ങൾ ഉയർന്ന വന്നതോടെ എൽ.ഡി.എഫ് സമരങ്ങൾക്ക് അനുകൂലമായ നിലപാട് എടുക്കുകയായിരുന്നു . പരിസ്ഥിതി അനുമതി നേടാൻ വിമാനത്താവളത്തിന് വേണ്ടി രൂപീകരിച്ച കെ.ജി.എസ് ഗ്രൂപ്പിന്റെ കമ്പനി നടത്തിയ ശ്രമങ്ങൾ നിയമയുദ്ധങ്ങൾക്കും ജനകീയ സമരങ്ങൾക്കും വഴി വെയ്ക്കുകയുണ്ടായി. കോടതി വിധികൾ വിമാനത്താവളത്തിന് എതിരായിരുന്നു. ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി റദ്ദ് ചെയ്യുമെന്നത് എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.

പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആറന്മുളയിൽ വിമാനത്താവളം  വേണ്ട എന്നും ആറന്മുളയിലെ നിലം പൂർവ്വസ്ഥിതിയിലാക്കി കൃഷി ചെയ്യണമെന്ന നിലപാട് എടുത്തിരുന്നു. ഇതിന്റെ ഭാഗമായി ആറന്മുളയിൽ കൃഷി ആരംഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ശബരിമല തീർത്ഥാടകർക്ക് ഉപകാരപ്പെടുന്ന തരത്തിൽ എരുമേലിയിൽ വിമാനത്താവളത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ഗജപതി രാജുവിനെ കണ്ടിരുന്നു. സ്ഥലത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായാൽ അംഗീകാരം നൽകാമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചിരുന്നു. എരുമേലി ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവളത്തിനായി കണ്ടെത്തിയതിയത് എന്ന് സ്ഥലം എം.എൽ.എ പി.സി ജോർജ് അവകാശപ്പെട്ടിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. എരുമേലിയെ കുറിച്ച് പ്രഖ്യാപനം ഉണ്ടായതോടെ ആറന്മുള പൂർണമായി ഉപേക്ഷിക്കും എന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു.