ശബരിമലയില്‍ കൊക്കക്കോള നിരോധനം

#

പത്തനംതിട്ട (23-11-16) : ശബരിമലയില്‍ കൊക്കക്കോള വിതരണം തടഞ്ഞു കൊണ്ട് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ ഉത്തരവ്. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ വൈന്‍ഡിങ്ങ് മെഷീന്‍ വഴിയുളള കൊക്കക്കോള വിതരണം തടഞ്ഞു കൊണ്ടാണ് ഉത്തരവായത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൊക്കക്കോള വിതരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ശബരിമലയില്‍ കുപ്പിവെളള വില്‍പ്പന പൂര്‍ണ്ണമായും ഹൈക്കോടതി നിരോധിച്ച സാഹചര്യത്തിൽ ശീതളപാനീയ വിപണി ശബരിമലയിലെ വില്‍പ്പന കേന്ദ്രങ്ങള്‍ കൈയടക്കുകയായിരുന്നു. കോള വെന്‍ഡിംഗ് മെഷീനുകള്‍ നിലയ്ക്കല്‍ മുതല്‍ പമ്പ വരെയുളള വിവിധ ഹോട്ടലുകളില്‍ സ്ഥാപിച്ചായിരുന്നു തകൃതിയായ വില്പന. 200 മില്ലി ലിറ്ററിന്റെ ഒരു ഗ്ലാസിന് 25, 300 മില്ലിക്ക് 35 രൂപ എന്നീ നിരക്കിലാണ് വെന്‍ഡിംഗ് മെഷീനുകളില്‍ നിന്ന് കോള വിതരണം ചെയ്തിരുന്നത്. ഉന്നത സ്വാധീനം ഉപയോഗിച്ച് ടെന്‍ഡര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി 18 ലക്ഷത്തില്‍പ്പരം രൂപയ്ക്കാണ് കൊക്കക്കോള കമ്പനി ശബരിമലയിലെ ശീതള പാനീയ വിപണി ലേലത്തില്‍ പിടിക്കുകയായിരുന്നു.