മോദിയെ പ്രകീര്‍ത്തിച്ച് പിണറായിയുടെ സാമ്പത്തിക ഉപദേഷ്ടാവ്‌

#

ന്യൂഡല്‍ഹി (25-11-16) : മോദിയുടെ നോട്ട് പിന്‍വലിക്കല്‍ നടപടിയെ പ്രകീര്‍ത്തിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് രംഗത്ത്. 500, 1000 നോട്ടുകളുടെ പിന്‍വലിക്കല്‍ രാജ്യത്തെ 85 ശതമാനത്തോളം പണ ചംക്രമണത്തെ ബാധിച്ചെങ്കിലും ഇത് മോഡിയുടെ ഇതുവരെയുള്ള ഏറ്റവും ധീരമായ സാമ്പത്തിക നയ ഇടപെടലാണെന്ന്, ഒരു ധനശാസ്ത്ര പ്രസിദ്ധീകരണത്തിൽ എഴുതിയ ലേഖനത്തില്‍ ഗീതാ ഗോപിനാഥ് പ്രകീർത്തിക്കുന്നു. നോട്ടുപിന്‍വലിക്കലിന്റെ ഗുണദോഷങ്ങള്‍ വിശകലനം ചെയ്യുന്ന ലേഖനം, മോദിയെ പ്രശംസിച്ചു കൊണ്ടാണ് അവസാനിക്കുന്നത്. ഈ ധീരമായ നടപടിക്ക് പിന്നിലെ സാമ്പത്തിക യുക്തി വിമര്‍ശനങ്ങള്‍ക്കതീതമാണെന്ന് അവര്‍ വാദിക്കുന്നു. ധൃതി പിടിച്ചുള്ള പിന്‍മാറ്റത്തിനു പകരം, സമയമെടുത്തുള്ള ധനകാര്യ ഇടപെടല്‍ ആയിരുന്നെങ്കില്‍ ഇത്രയും പരിഭ്രാന്തിയും രോഷവും ഉണ്ടാകില്ലായിരുന്നെന്നും ഈ പുതിയ സാമ്പത്തിക ക്രമീകരണത്തിന് ഇത്രയും വില കൊടുക്കേണ്ടി വരികയില്ലായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

നികുതിവെട്ടിപ്പും അഴിമതിയും വ്യാജ നോട്ടുമായി ബന്ധപ്പെട്ട കള്ളപ്പണത്തെയാണ് മോദി ഉന്നം വെച്ചിരിക്കുന്നതെന്നും  ലഹരി കടത്തുകാരെയും കള്ളക്കടത്തുകാരെയും തീവ്രവാദികളെയുമാണ് ഇത് ബാധിക്കുകയെന്നും ഗീത വാദിക്കുന്നു. നികുതി വെട്ടിപ്പുകാരെയും കള്ളപ്പണക്കാരെയും കുടുക്കുന്ന ഈ തീരുമാനത്തെ ശമ്പളം പറ്റുന്ന നികുതിദായകരും പാവപ്പെട്ടവരും ആദ്യം സ്വീകരിച്ചെങ്കിലും ഈ ആവേശം ക്രമേണ നിലയ്ക്കുന്നതാണ് കണ്ടതെന്ന് ഗീത പറയുന്നു. പുതിയ നോട്ടുകളുടെ അഭാവം ജനവികാരം സര്‍ക്കാരിനെതിരാക്കി. ഇന്ത്യയിലെ വാണിജ്യമേഖല പ്രധാനമായും കറന്‍സി വിനിമയത്തിലധിഷ്ഠിതായതുകൊണ്ട് അനൗപചാരിക സാമ്പത്തിക പ്രവർത്തനങ്ങളെയും ചെറുകിട വ്യവസായങ്ങളെയും പണത്തിന്റെ ലഭ്യത ദോഷകരമായി ബാധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ സാമ്പത്തിക ഇടപെടല്‍ ഭൂമി വില കുറയ്ക്കുമെന്നും അതുമൂലം വീടുകളുടെ വില കൂടുതല്‍ ആളുകൾക്ക് താങ്ങാന്‍ ക ഴിയുന്ന നിലയിലേക്കെത്തും.

ആഗോളവല്ക്കരണ സാമ്പത്തികനയത്തെ അനുകൂലിക്കുന്ന സാമ്പത്തികശാസ്ത്രജ്ഞയായ ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത് സി.പി.എമ്മിനുള്ളിലും പുറത്തും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പിണറായിയുടെ നേതൃത്വത്തില്‍ ഇടതുമുന്നണി മോദിയുടെ നോട്ടു പിന്‍വലിക്കലിനെതിരേ തെരുവില്‍ സമരം നടത്തുകയും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്തിരിക്കുന്ന സമയത്ത് ബി.ജെ.പിക്ക് പ്രചരണസാമഗ്രിയായി ഉപയോഗിക്കാന്‍ കഴിയുന്ന ലേഖനം എഴുതിയതു വഴി പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ് ഗീത ഗോപിനാഥ്.